Connect with us

Organisation

സുസ്ഥിര വികസനത്തിന് സൗഹാര്‍ദാന്തരീക്ഷം ഉണ്ടാവണം: മന്ത്രി റിയാസ്

പരസ്പര സ്‌നേഹത്തോടെയുള്ള കേരള പശ്ചാത്തലം മായ്ച്ചുകളയാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങള്‍ വരുന്ന സാഹചര്യത്തില്‍ 'സ്‌നേഹ കേരളം' എന്ന ആശയം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്.

Published

|

Last Updated

അബൂദബി | സുസ്ഥിര വികസനത്തിന്റെ അടിത്തറ പരസ്പര സ്‌നേഹ സൗഹാര്‍ദത്തിലൂടെയാണെന്ന് കേരള പൊതു മരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) യു എ ഇ നാഷണല്‍ തലത്തില്‍ സംഘടിപ്പിച്ച ‘ഹാര്‍മണി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തോടെയുള്ള കേരള പശ്ചാത്തലം മായ്ച്ചുകളയാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ‘സ്‌നേഹ കേരളം’ എന്ന ആശയം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. പ്രളയങ്ങളും കൊവിഡ് കാലഘട്ടവും നാം അതിജീവിച്ചത് എല്ലാവരും ഒന്നിച്ചു നിന്നാണ്. കേരളത്തിന്റെ സ്‌നേഹനിര്‍ഭരമായ ആതിഥേയ മര്യാദ അടക്കമുള്ള പ്രത്യേകതകള്‍ ലോക ടൂറിസം മാപ്പുകളില്‍ നമ്മെ പ്രത്യേകം അടയാളപ്പെടുത്താന്‍ കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ ഐ സി എഫ് നടത്തിവരുന്ന സ്‌നേഹ കേരളം; പ്രവാസത്തിന്റെ കരുതല്‍ എന്ന കാമ്പയിന്റെ ഭാഗമായാണ് സുസ്ഥിര വികസനത്തിന്റെ അടിത്തറ എന്ന വിഷയത്തില്‍ ഹാര്‍മണി കോണ്‍ക്ലേവ് വെബിനാര്‍ സംഘടിപ്പിച്ചത്. എസ് വൈ എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയം അവതരിപ്പിച്ചു.

ഒരു രാജ്യത്തിന്റെ വികസനപ്രക്രിയയുടെ അടിത്തറ സുസ്ഥിരതയിലൂന്നിയ സമാധാനാന്തരീക്ഷമാണ്. സ്‌നേഹസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഐ സി എഫിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം പറഞ്ഞു.

നാടിന്റെ വികസനാടിത്തറ സൗഹാര്‍ദത്തിലും സ്‌നേഹത്തിലും ആണെന്നും അതല്ലാത്ത സാഹചര്യം വരുമ്പോള്‍ നാട്ടില്‍ നിക്ഷേപകര്‍ വരാതിരിക്കാന്‍ കാരണമാകുമെന്നും അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് ന്യൂക്ലിയര്‍ കുടുംബത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂര്‍വകാല പരസ്പര സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ചരിത്രങ്ങള്‍ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കല്‍ പ്രധാനമാണ്.

ഐ സി എഫ് ഉയര്‍ത്തിയ ചേര്‍ത്തുപിടിക്കലിന്റെ ആശയം സമൂഹത്തിന് അഭിമാനകരമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കേച്ചേരി പറഞ്ഞു. എല്ലാ മതങ്ങളും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ടു തന്നെ മതങ്ങള്‍ എവിടെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വിദ്വേഷങ്ങളില്‍ മതങ്ങള്‍ക്ക് പങ്കില്ലെന്നും ലോക കേരള സഭാ അംഗവും ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി പറഞ്ഞു. അയല്‍വാസിയുടെ വിഷമം അവന്റെ മാത്രമാവുന്ന സാമൂഹിക ചുറ്റുപാടില്‍ നിന്നും മാറ്റമുണ്ടായി കൂടെയുണ്ട് എന്ന സന്ദേശം പങ്കുവെക്കുമ്പോഴാണ് സുസ്ഥിര സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. യു എ ഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ കാമില്‍ സഖാഫി, സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ, സെക്രട്ടറിമാരായ അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍, സാബിത്ത് വാടിയില്‍ പ്രസംഗിച്ചു.

 

Latest