Connect with us

National

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സി ബി ഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

കേസില്‍ നിയമപരമായ അന്വേഷണം പോലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സിദ്ധരാമയ്യ.

Published

|

Last Updated

ബെംഗളുരു|ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ് സി ബി ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസില്‍ നിയമപരമായ അന്വേഷണം പോലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ട് കേസ് നിലവില്‍ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമി കേസ് സി.ബി.ഐക്ക് വിടാന്‍ അഭ്യര്‍ഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

രേവണ്ണക്കെതിരായ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. രാഷ്ട്രീയഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു.

ബി.ജെ.പി ഒരു കേസെങ്കിലും സി.ബി.ഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് ഡോ. രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെ.ജി ജോര്‍ജിനെതിരായ ആരോപണങ്ങള്‍ എന്നിവയെല്ലം സി.ബി.ഐക്ക് വിട്ടിരുന്നു. ഈ കേസുകളില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

അതേസമയം, ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വഴിയാണ് ദേവരാജ ഗൗഡയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തിയത്.

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ദേവരാജ ഗൗഡയെയാണ് ഏല്‍പിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്ഐടി അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഗൗഡ പറഞ്ഞിരുന്നു.

 

 

 

 

 

Latest