Ramzan
കളവിന് ഇളവില്ല
എന്ത് പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും സത്യം മാത്രമേ പറയാൻ പാടുള്ളൂവെന്നാണ്. കള്ളസാക്ഷി നിൽക്കലും കളവ് പറഞ്ഞ് മറ്റൊരാളുടെ അവകാശങ്ങൾ കൈവശപ്പെടുത്തലും ഗുരുതര പാപമാണ്.
		
      																					
              
              
            നിങ്ങൾ പറയുന്ന കാര്യം സത്യസന്ധമാണെങ്കിൽ വാക്കുകൾ ആലോചിക്കേണ്ടി വരില്ല. സംഭവിച്ചതിനേക്കാൾ കൂട്ടി പറയുകയാണെങ്കിലും ഇല്ലാത്തത് ഉണ്ടാക്കി പറയുകയാണെങ്കിലും തപ്പിപ്പിഴ തോന്നുകയും വാക്കുകൾക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്യും. ഉള്ളത് പെരുപ്പിച്ചും പൊലിപ്പിച്ചും പറഞ്ഞാലേ ചിലർക്ക് സമാധാനം കിട്ടൂ. കണ്ടതും കേട്ടതും പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നവർ അതിന്റെ ഗൗരവം മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല.
യാഥാർഥ്യം മറച്ചുവെച്ചു കൊണ്ട് അതിന് വിരുദ്ധമായി സംസാരിക്കുന്നതിനാണ് കളവ് എന്ന് പറയുക. ഇത് നിഷിദ്ധമാണ്. വളരെയധികം സൂക്ഷിക്കേണ്ടതുമാണ്.
നമുക്ക് അല്ലാഹു ചെയ്തുതന്ന മഹത്തായ അനുഗ്രഹമാണല്ലോ നാവും സംസാരശേഷിയും. അതിനുള്ള നന്ദിയെന്നോണം നമ്മൾ നാക്കിനെ നിഷിദ്ധങ്ങളിൽ നിന്നും നിരോധനങ്ങളിൽ നിന്നും സൂക്ഷിക്കേണ്ടതുണ്ട്. ഏഷണി, പരദൂഷണം, അപവാദ പ്രചാരണം, പരിഹാസം, ആക്ഷേപം, കുത്തുവാക്കുകൾ, ചീത്തവിളി തുടങ്ങിയവ നാക്കുകൾ കൊണ്ട് പ്രവർത്തിക്കുന്ന തിന്മകളാണ്. അതിൽപ്പെട്ട ഒന്നാണ് അസത്യങ്ങൾ പറയലും.
അബ്ദുല്ലാഹിബ്‌നു അംരിബ്‌നിൽ ആസ്വി (റ) ൽ നിന്ന് ബുഖാരിയും മുസ്്ലിമും റിപോർട്ട് ചെയ്യുന്നൊരു ഹദീസുണ്ട്. അതിലൂടെ നബി (സ) പറയുന്നത് നാല് കാര്യങ്ങളെക്കുറിച്ചാണ്. അത് നാലും ഒരുത്തനിലുണ്ടായാൽ അവൻ തനി കപട വിശ്വാസിയാണെന്നും അതിൽപ്പെട്ട ഒരു കാര്യം മാത്രം ഒരുത്തനിലുണ്ടായാൽ കപട വിശ്വാസത്തിന്റെ ഒരംശം അവനിലുണ്ടെന്നും പറയുന്നു. അതിൽ നബി (സ) കളവിനെ എണ്ണിയിട്ടുണ്ട്.
കണ്ടതും അറിഞ്ഞതുമായ സകല കാര്യങ്ങളും പ്രചരിപ്പിക്കാനുള്ള ദൗത്യം നമ്മെ ആരും ഏൽപ്പിച്ചിട്ടില്ല. മാത്രമല്ല, കേട്ടത് മുഴുവൻ പ്രചരിപ്പിക്കുന്നതിനെ നബി (സ) എതിർത്തിട്ടുമുണ്ട്.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: കേട്ടത് മുഴുവൻ പറയുക എന്നത് മനുഷ്യനെ കളവ് പറയുന്നവനാക്കാൻ മതിയായതാണ്. (മുസ്്ലിം).
“കൈപ്പാണെങ്കിലും സത്യമേ പറയാവൂ’ എന്ന തിരുമൊഴിയുടെ പാഠം ഏതു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും, നേര് പറഞ്ഞതിന്റെ പേരിൽ എന്ത് പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും സത്യം മാത്രമേ പറയാൻ പാടുള്ളൂവെന്നാണ്. കള്ളസാക്ഷി നിൽക്കലും കളവ് പറഞ്ഞ് മറ്റൊരാളുടെ അവകാശങ്ങൾ കൈവശപ്പെടുത്തലും ഗുരുതര പാപമാണ്.
അന്യായമായി സമ്പത്ത് കൈവശപ്പെടുത്തുന്നതിനായി കള്ളസത്യം ചെയ്യുന്നവൻ പാരത്രിക ലോകത്ത് അല്ലാഹുവിനെ കോപാകുലനായാണ് കണ്ടുമുട്ടുക എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
അൽപ്പ സത്യങ്ങളും അർധ സത്യങ്ങളും പറയലും പ്രചരിപ്പിക്കലും മോശമാണ്. ദുഷ്പ്രചാരണം വഴി ആളുകൾ വഞ്ചിക്കപ്പെടുന്നുവെങ്കിൽ കളവിന്റെ തീവ്രത കൂടും. ഒരാളെ വഞ്ചിക്കുന്നത് പോലെയല്ല ഒരു കൂട്ടം ആളുകളെ പറ്റിക്കുന്നത്. കള്ള വാർത്ത ഒരാൾക്ക് ഫോർവേഡ് ചെയ്യുന്നതിനേക്കാൾ തീവ്രമായ കുറ്റമാണ് ഒരു ഗ്രൂപ്പിലേക്ക് അയക്കുന്നതെന്ന് ചുരുക്കം. ആളുകളെ വിഡ്ഡികളാക്കാനും ചിരിപ്പിക്കാൻ വേണ്ടിയുമായിരിക്കും നമ്മൾ കളവ് പറയുന്നത്. തമാശയും രസവുമായിരിക്കും നമ്മുടെ ലക്ഷ്യം. എങ്കിലും അസത്യങ്ങളെയും കളവുകളെയും നിസ്സാരമായി കാണാൻ പറ്റില്ല.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

