Kerala
യുവാവിനെ തട്ടിക്കൊണ്ടുവന്ന് റെസ്റ്റ് ഹൗസില്‍ വെച്ച് മര്‍ദ്ദനം; മൂന്ന് പേര്‍ പിടിയില്‍
കാര്‍ വാടകക്ക് എടുത്തിട്ട് തിരിച്ചുകൊടുക്കാത്തതാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണം

അടൂര്‍ | കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ മര്‍ദ്ദിച്ചവശനാക്കിയ കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലില്‍ പ്രതീഷ്, ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാന്‍, അടൂര്‍ മണക്കാല ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലെബിന്‍ വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി. കൊച്ചിന്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ അന്വേഷണത്തില്‍ അടൂരിലേക്ക് യുവാവിനെ തട്ടികൊണ്ടുവന്നതായി കണ്ടെത്തി. തുടര്‍ന്ന്, തൃക്കാക്കര എ സി പി അടൂര്‍ ഡി വൈ എസ് പിക്ക് കൈമാറിയ വിവരം അറിയിച്ചതനുസരിച്ചാണ് പ്രതികൾ പിടിയിലായത്. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചടുല നീക്കത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ റെസ്റ്റ് ഹൗസില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്. ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിച്ചുവന്ന ലെബിനെ ഇന്‍ഫോ പാര്‍ക്കിന് അടുത്തുവച്ച് ആക്രമിച്ച്, ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടശേഷം അതേ കാറില്‍ പ്രതികള്‍ തട്ടിക്കൊണ്ടുവരികയായിരുന്നു. യുവാവിൻ്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത ഇന്‍ഫോ പാര്‍ക്ക് പോലീസ്, ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അടൂരില്‍ ഇവരുണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികളെ കീഴടക്കുകയും ചെയ്തു.
പിന്നീട്, ഇന്‍ഫോ പാര്‍ക്ക് പോലീസിന് പ്രതികളെ കൈമാറി. അടൂര്‍ സ്വദേശികളായ അശ്വിന്‍പിള്ള, ഗോകുല്‍ എന്നിവര്‍ കൂടി സംഘത്തിലുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇവര്‍ ഒളിവിലാണ്. കാര്‍ അടൂര്‍ പോലീസ് പിടിച്ചെടുത്തു.
വിഷ്ണുവിൻ്റെ സുഹൃത്തിൻ്റെ കാര്‍ വാടകക്ക് ലെബിന്‍ എടുത്തശേഷം തിരിച്ചുകൊടുക്കാത്തതിൻ്റെ പേരിലാണ് തട്ടിക്കൊണ്ടുപോകലും മര്‍ദനവും. ഇന്നലെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടൂര്‍ പോലീസ് സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെക്കൂടാതെ സി പി മാരായ സൂരജ് ആര്‍ കുറുപ്പ്, റോബി ഐസക്, നിസാര്‍ എം എന്നിവരാണ് ഉണ്ടായിരുന്നത്.