Connect with us

Kerala

വയനാട്ടിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ തിരിച്ചറിഞ്ഞത് എഐ സഹായത്തോടെ

പ്രതി സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചെങ്കിലും രാത്രിയായതിനാലും ദൂരക്കൂടുതൽ കാരണവും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല.

Published

|

Last Updated

മാനന്തവാടി | വയനാട് പുലിക്കാട് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ കുരുക്കാൻ കേരള പോലീസിന് തുണയായത് അത്യാധുനിക എഐ സാങ്കേതികവിദ്യ. സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാതിരുന്ന സാഹചര്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യങ്ങൾ പരിഷ്കരിച്ചതാണ് പ്രതി ചപ്പളി ജിഹാസിനെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. സാധാരണ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം അവ്യക്തമായിരുന്ന ചിത്രങ്ങൾ എഐ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റുകയായിരുന്നു.

സംഭവം നടന്ന പ്രദേശത്തെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചെങ്കിലും രാത്രിയായതിനാലും ദൂരക്കൂടുതൽ കാരണവും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ദൃശ്യങ്ങളിലെ പിക്സലുകൾ പുനർനിർമ്മിച്ച് മുഖഛായ വ്യക്തമാക്കിയതോടെയാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. ഇത്തരത്തിൽ തയ്യാറാക്കിയ ചിത്രം വെച്ചാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ച പോലീസ് ഇയാൾ കോഴിക്കോട്ടേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജിഹാസിനെ പിടികൂടിയത്.

സ്വർണ്ണാഭരണങ്ങൾ കവരാനായി നടത്തിയ ഈ തട്ടിക്കൊണ്ടുപോകൽ കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.

---- facebook comment plugin here -----

Latest