Connect with us

Prathivaram

വായനയുടെ ആത്മീയ അഭയം

പതിറ്റാണ്ടുകള്‍ നീണ്ട സാഹിത്യസപര്യക്കിടയിൽ ഒറ്റകൃതിയിലൂടെ തന്നെ തന്റെ സര്‍ഗശേഷി അടയാളപ്പെടുത്തിയ പ്രതിഭാധനനാണ് പെരുമ്പടവം ശ്രീധരന്‍. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വിലയിരുത്തുന്ന ഒരു സങ്കീര്‍ത്തനം പോലെയെന്ന നോവല്‍ 1993 സെപ്തംബറിലാണ് പുറത്തിറങ്ങുന്നത്. സാഹിത്യലോകവും വായനക്കാരും ഇരുകൈയും നീട്ടി സ്വീകരിച്ച ആ നോവല്‍ പിന്നീട് പ്രസാധന ചരിത്രത്തിലെ അത്ഭുതമായി മാറി. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയ ആ നോവല്‍ 2021 സെപ്തംബറില്‍ 118-ാം പതിപ്പിലെത്തി. കേരള സാഹിത്യ അക്കാദമി 2020ലെ വിശിഷ്ട അംഗത്വം നല്‍കി ആദരിച്ച വേളയില്‍ മലയാളിയുടെ പ്രിയ കഥാകാരന്‍ തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും പ്രതിവാരത്തോട് സംസാരിക്കുന്നു.

Published

|

Last Updated

? എഴുത്തിന്റെ വഴിയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും വാദപ്രതിവാദങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും എന്നും മാറിനടന്ന സാഹിത്യകാരനാണ് പെരുമ്പടവം ശ്രീധരന്‍. വലിയ പുരസ്‌കാരങ്ങള്‍ വന്നുചേരുമ്പോഴും ആ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. എങ്ങനെയാണ് ജീവിതത്തെ ഇത്തരത്തില്‍ നിസ്വഭാവത്തില്‍ കാണാനാകുന്നത്.

 

തീരെ പാവപ്പെട്ട ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ വളര്‍ന്നു വന്നത്. അഞ്ചാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട എന്നെ വളരെ ബുദ്ധിമുട്ടിയാണ് അമ്മ വളര്‍ത്തിയത്. അതുകൊണ്ടു തന്നെ മറ്റാരേക്കാളും അമ്മയായിരുന്നു എന്നെ ഏറ്റവുമധികം സ്വാധീനിച്ചതും. ചെറുപ്പകാലത്തുണ്ടായ ഒരു അനുഭവവും അതിനു ശേഷം അമ്മ തന്ന ഒരു ഉപദേശവുമാണ് എന്റെ സമീപനത്തെ മാറ്റിമറിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് ഓർമ. സ്‌കൂളില്‍ നടന്ന ഓട്ടമത്സരത്തിന് ഞാന്‍ ചേര്‍ന്നു. അത്ഭുതം സംഭവിച്ചതു പോലെ മത്സരത്തില്‍ ഞാന്‍ ഒന്നാമതെത്തി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം മറ്റൊരു കുട്ടിക്കാണ് നല്‍കിയത്. എന്നെ മാറ്റിനിര്‍ത്തി. എനിക്കുറപ്പായിരുന്നു ഞാനാണ് ഒന്നാമതെത്തിയതെന്ന്. എന്നാല്‍ ആരുമത് പറയുന്നില്ല. ആരും എനിക്കു വേണ്ടി വാദിക്കാനുമില്ല. എതിര്‍ക്കാനോ മറുത്തു പറയാനോ ശേഷിയില്ലാത്ത എന്റെ കുഞ്ഞു മനസ്സ് ആകെ വിങ്ങിപ്പോയി. തളര്‍ന്ന് നിരാശനായി വീട്ടിലെത്തിയ എന്നോട് എന്തു പറ്റി മോനേ എന്ന് ചോദിച്ച് അമ്മ എന്റെ അടുത്തു വന്നു. ഞാന്‍ എന്റെ സങ്കടം അമ്മയോട് പറഞ്ഞു. മത്സരത്തില്‍ ഞാനാണ് ഒന്നാമനായത്. പക്ഷേ, സമ്മാനം കൊടുത്തത് മറ്റൊരു കുട്ടിക്കാണ്. പറഞ്ഞു തീരുന്നതിന് മുമ്പ് ഞാന്‍ വിങ്ങിപ്പോയി. എന്റെ അമ്മക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നില്ല. ജീവിതത്തിന്റെ സർവ സങ്കടങ്ങളും കടിച്ചിറക്കി ജീവിക്കുന്ന എന്റെ അമ്മ എന്നെ അരികിലേക്ക് ചേര്‍ത്തു പിടിച്ചു. എന്നിട്ട് പറഞ്ഞു, എന്റെ മോന്‍ ഇനി ഒരിക്കലും മത്സരിക്കരുത്. ഒരിടത്തും, ആരോടും. മറ്റൊരാള്‍ മത്സരിക്കാനുണ്ടെങ്കില്‍ അവിടെ നിന്ന് ഒഴിഞ്ഞുമാറിപ്പോകണം. കിട്ടാനുള്ളത് മോന്റെ കൈയില്‍ തന്നെ വന്നു ചേരും. അതുമതി. ആ വാക്കുകള്‍ എന്നെ എത്രമേല്‍ സാന്ത്വനിപ്പിച്ചെന്ന് പറയാനാകില്ല. അമ്മ പറഞ്ഞ ആ വാക്കുകള്‍ എന്റെ ഭാവി ജീവിതത്തിന്റെ തത്വശാസ്ത്രമായി മാറി. എന്റെ സ്വഭാവം നിര്‍ണയിക്കുന്ന സ്വാധീനശക്തിയായി ലക്ഷ്മിയമ്മ എന്ന എന്റെ അമ്മ മാറി. അന്യോന്യം മത്സരിക്കുന്നവരുടെ ലോകത്ത്, ഞാന്‍ പിന്നെ മത്സരങ്ങളില്‍ നിന്ന് ബോധപൂർവം ഒഴിഞ്ഞുമാറി നിന്നു. പില്‍ക്കാലത്ത് ഞാന്‍ ഖുര്‍ആന്‍ വായിച്ചപ്പോള്‍ അതില്‍ എന്റെ അമ്മയുടെ ഉപദേശത്തിന്റെ ആകെത്തുക കണ്ടു. നിനക്കു ഭക്ഷിക്കാനുള്ള ഓരോ ധാന്യത്തിലും നിന്റെ പേരെഴുതിയിട്ടുണ്ട്. നിന്റെ പേരെഴുതാത്ത ഒരു ധാന്യവും നിനക്ക് ദഹിക്കുകയില്ലെന്നായിരുന്നു അത്.

 

? സാഹിത്യ സപര്യക്കുള്ള അംഗീകാരം എന്ന നിലയിലാണോ സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വത്തെ കാണുന്നത്

തീര്‍ച്ചയായും. ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായാണ് സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വത്തെ കാണുന്നത്. കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ദീര്‍ഘകാലം കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് ഞാന്‍. അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും എക്‌സിക്യൂട്ടീവ് അംഗമായും പിന്നീട് അക്കാദമിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാവുന്ന വ്യക്തി എന്നതു കൊണ്ടു തന്നെ ആ അംഗീകാരത്തിന് ഞാന്‍ വലിയ വില കല്‍പ്പിക്കുന്നു.

? ഇതു പോലെ ഒരു സെപ്തംബറിലാണ് 1993ല്‍ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ പ്രകാശനം ചെയ്യപ്പെടുന്നത്. 28 വര്‍ഷമാകുമ്പോഴും വായനക്കാര്‍ ഒട്ടും കുറയാതെ നന്നായി വിറ്റു പോകുന്ന നോവലായി അത് നിലനില്‍ക്കുന്നു. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലേക്ക് എത്തിയതും അതിന്റെ അനുഭവങ്ങളും പങ്കുവെക്കാമോ

ഒരു സങ്കീര്‍ത്തനം പോലെ വിഖ്യാത കഥാകാരന്‍ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള രചനയാണെങ്കിലും എന്നെ സംബന്ധിച്ച് ആത്മസംഘര്‍ഷങ്ങളും ആത്മവ്യഥകളും കൊണ്ട് ചൂഴുന്ന ഒരു മനുഷ്യാത്മാവിന്റെ കഥയാണ്. ദസ്തയേവ്‌സ്‌കി അന്നയുമായി കണ്ടു മുട്ടുന്നതും അന്നയുടെ സഹായത്തോടെ അദ്ദേഹം നോവല്‍ പൂര്‍ത്തിയാക്കുന്നതുമായ ചെറിയ കാലയളവാണ് നോവലിന് പ്രമേയമായത്. ആദ്യ രണ്ട് മൂന്ന് അധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഇത് എഴുതിപ്പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയമായിരുന്നു. ഒരു ദിവസം ദസ്തയേവ്‌സ്‌കിയുടെ ചിന്തകളുമായി ഉറങ്ങാന്‍ കിടന്ന എന്റെ മനസ്സിലേക്ക് ഒരു വെളിപാടു പോലെയാണ് “ഹൃദയത്തിന് മേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാള്‍’ എന്ന ചിന്ത കടന്നുവന്നത്. അരണ്ട വെളിച്ചത്തില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് അപ്പോള്‍ തന്നെ അതൊരു പേപ്പറിലേക്ക് എഴുതിവെച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പിന്നീട് പ്രചോദിതമായ ഒരു ഒഴുക്കു പോലെ എഴുത്ത് വന്നു. അങ്ങനെയെഴുതണമെന്ന് കരുതിക്കൂട്ടി എഴുതിയതല്ല. അതുവരെയുള്ള ഭാഷയായിരുന്നില്ല അത്. ഭാഷയെ ഒരു അനുഭവമാക്കുന്ന തരത്തില്‍ ആ രചന മാറി എന്നതാണ് യാഥാര്‍ഥ്യം.

നോവല്‍ പുറത്തു വന്നതിന് ശേഷവും ഹൃദയത്തില്‍ തൊടുന്ന അനുഭവങ്ങളുണ്ടായി. ഒരിക്കല്‍ ഒരു അമേരിക്കന്‍ യാത്രയില്‍ വാഷിംഗ്ടണിലെ ഒരു സ്‌നേഹിതന്റെ വീട്ടില്‍ പോയി. ഭക്ഷണം കഴിക്കും മുമ്പ് സുഹൃത്ത് പറഞ്ഞു, അമ്മക്ക് ഒന്നു കാണണമെന്നുണ്ട്. പക്ഷേ, മുകള്‍ നിലയില്‍ നിന്ന് പടിയിറങ്ങിവരാന്‍ പാടാണ്. അതിനെന്താ നമുക്ക് മുകളിലേക്ക് പോകാമെന്ന് പറഞ്ഞ് ഞാന്‍ സുഹൃത്തിനൊപ്പം പടികയറി. കട്ടിലില്‍ കിടക്കുന്ന ആ അമ്മയുടെ അടുത്ത് ചെന്നിട്ട് ഞാന്‍ പറഞ്ഞു…”ഞാന്‍ ശ്രീധരനാണ്, അമ്മയെ കാണാന്‍ വന്നതാണ്’ കണ്ണിമ വെട്ടാതെ ആ അമ്മ എന്നെ നോക്കി. ഞാന്‍ അമ്മയുടെ കൈയെടുത്തു ചുംബിച്ചു. പെട്ടെന്ന് അവരുടെ തലയിണയുടെ അടിയില്‍ വെച്ചിരുന്ന ഒരു സങ്കീര്‍ത്തനം പോലെയെടുത്ത് എന്നെ കാണിച്ചു. “ഇടക്കിടക്ക് ഞാനിതെടുത്തു വായിക്കും മക്കളേ…ബൈബിളും ഇതും ഞാന്‍ ഒന്നിച്ചാണ് വെച്ചിരിക്കുന്നത്’. ഒരു എഴുത്തുകാരന്റെ ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ ഒരു അനുഭവമായിരുന്നു അത്. ഞാന്‍ ആ അമ്മയുടെ കാല്‍പാദം തൊട്ടു തൊഴുത് പടികളിറങ്ങി. മറ്റൊരിക്കല്‍ എന്റെ വിലാസം തേടിപ്പിടിച്ച് അധ്യാപക ദമ്പതികള്‍ എന്നെ കാണാന്‍ വന്നു. ഒരു പ്രഭാകരൻ നായരും സരസ്വതിയമ്മയും. ഒപ്പം അവരുടെ ചെറിയ മകളുമുണ്ടായിരുന്നു. കുറച്ചു നേരം സംസാരിച്ച ശേഷം ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന മകളോട് പേരെന്താണെന്ന് ചോദിച്ചു. എന്റെ പേര് അന്ന. മകള്‍ പറഞ്ഞു. ഞാന്‍ അത്ഭുതത്തോടെ പ്രഭാകരൻ നായരേയും സരസ്വതിയമ്മയേയും നോക്കി. അപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ ഒരു സങ്കീര്‍ത്തനം പോലെ വായിച്ച ശേഷം തീരുമാനമെടുത്തതാണ്. മകളാണ് ഉണ്ടാകുന്നതെങ്കില്‍ അന്നയെന്ന് പേരിടണമെന്ന്. ഒരു സങ്കീര്‍ത്തനം പോലെ ദസ്തയേവ്‌സ്‌കിയുടെ കഥയാണെങ്കിലും അത് വായിക്കുന്ന ഓരോരുത്തര്‍ക്കും സ്വന്തം കഥപോലെ തോന്നും. അങ്ങനെ വായനക്കാര്‍ പലവിധത്തില്‍ ആ നോവലിനെ ഏറ്റെടുത്തു എന്നറിയുമ്പോള്‍ സംതൃപ്തിയുണ്ട്.

? ജീവിതത്തില്‍ തന്റെതായ ഒരു ആത്മീയവഴിയില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് താങ്കള്‍; എന്താണ് താങ്കളുടെ ആത്മീയത

ജാതിയുടെയോ മതത്തിന്റേയോ ആത്മീയതക്കപ്പുറം മനുഷ്യനും പ്രപഞ്ചവും കാലവും തമ്മിലുള്ള യോജിപ്പുണ്ട്, അതിനുള്ളില്‍ രൂപം കൊള്ളുന്നതാണ് എന്റെ ആത്മീയത. സത്യത്തില്‍ ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പങ്കുവെക്കുന്നതും ഈ സങ്കല്‍പ്പം തന്നെയാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്നതും കടന്ന് നിന്റെ ശത്രുക്കളേയും സ്‌നേഹിക്കുക എന്നാണ് ബൈബിളില്‍ പറയുന്നത്. സാഹോദര്യവും കാരുണ്യവുമാണ് ഖുര്‍ ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്നത്. അതില്‍തന്നെ കാരുണ്യമെന്ന വാക്കാണ് ആവര്‍ത്തിച്ചു വരുന്നത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഹൈന്ദവ ചിന്തയും ലോകത്തിന്റെ നന്മ കാംക്ഷിക്കുന്നതാണ്. ഇത്തരം ചിന്തകളുമായി ഒത്തുപോകുന്ന ആത്മീയ വഴിയാണ് എന്റേത്.

?രാഷ്ട്രീയത്തെ ഗൗരവമായി കാണാറുണ്ടോ; മാറ്റങ്ങള്‍ പ്രവണതകള്‍ എല്ലാം ശ്രദ്ധിക്കാറുണ്ടോ

സജീവമായി രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങളും നിലപാടുകളും നിരീക്ഷിക്കാറുണ്ട്. രാഷ്ട്രീയം കാണാതെയും അറിയാതെയും മുന്നോട്ട് പോകാനാകില്ല. ചിലത് കാണുമ്പോള്‍ പ്രതീക്ഷയും ചിലത് കാണുമ്പോള്‍ അസഹിഷ്ണുതയും തോന്നാറുണ്ട്. ഞാന്‍ രാഷ്ട്രീയക്കാരനല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും പ്രത്യേകിച്ച് ഒരു ചായ്‌വും ഇല്ല. ഇന്നത്തെ സാമുദായിക വര്‍ഗീയ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ല. സാഹിത്യകാരന്മാരുടെ മുന്നിലുള്ളത് രാഷ്ട്രീയ പാര്‍ട്ടിയോ രാഷ്ട്രീയമോ അല്ല. ജനങ്ങളാണ്, ജനങ്ങളുടെ പ്രശ്‌നങ്ങളാണ് അവരെ മദിക്കുന്നത്. സാഹിത്യകാരന്റെ ലക്ഷ്യം മാനവികതയും മനുഷ്യസ്‌നേഹവുമാണ് എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്.

? നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി രാജ്യം ഏറെക്കുറേ ഏകമാനമായ ചിന്തയിലേക്ക് പോകുകയാണ്. ഒരു ഇന്ത്യ ഒരു ചിന്ത എന്ന തരത്തില്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്

നാനാത്വത്തിലെ ഏകത്വം അഥവാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളലിലാണ് നമ്മുടെ കാഴ്ചപ്പാട് നിലനില്‍ക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ പാരമ്പര്യം അതായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ രാഷ്ട്രീയമായ അധിനിവേശങ്ങള്‍ നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്. വര്‍ഗീയമായ ചേരിതിരിവുകള്‍ രാഷ്ട്രീയമായി മാറുകയും അത് നമ്മുടെ ജീവിതത്തെ വല്ലാതെ അലങ്കോലമാക്കുകയും ചെയ്യുന്നുണ്ട്. അതെന്നെ വല്ലാതെ വ്യാകുലപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയുടെ യഥാര്‍ഥ ചരിത്രം പോലും മാറ്റിയെഴുതുകയാണ് ഇപ്പോള്‍. ചരിത്രം മാറ്റിയെഴുതുന്ന തിരക്കിലാണ് രാഷ്ട്രീയ നേതാക്കള്‍. രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കുകയും വര്‍ഗീയത നേരിട്ട് രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

? ഇതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്; എങ്ങനെയാണ് ഇതിനെ കാണുന്നത്

എതിര്‍ സ്വരങ്ങളെ അങ്ങനെ ഒതുക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. എഴുത്തുകാര്‍ അങ്ങനെ ഒതുങ്ങുമെന്ന് കരുതുന്നുമില്ല. എഴുത്തുകാരന്‍ എന്നും സ്വതന്ത്രമായ മനസ്സിന്റെ ഉടമയാണ്. സാമൂഹികമായ നന്മയിലാണ് എഴുത്തുകാരന്റെയും കലാകാരന്റെയും മനസ്സ് നിലനില്‍ക്കുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ആവേശം കൊള്ളുന്ന എഴുത്തുകാരുണ്ടാകാം. അത് തീര്‍ത്തും അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ സാഹിത്യത്തിന് എവിടെയാണ് ജാതിയും മതവും ഉളളത് ? സാഹിത്യത്തിന് മാനവികത മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ മാനവികത മുറിവേല്‍ക്കുന്നിടത്തെല്ലാം എഴുത്തുകാരന്റെ ശബ്ദം ഉയരും. കല ഒരേസമയം കലക്കു വേണ്ടിയും ജീവിതത്തിന് വേണ്ടിയും നിലകൊള്ളുന്ന ഒന്നാണ്. സമൂഹത്തിലെ ദുഷ്പ്രവണതയെ എതിര്‍ക്കുക എന്നത് കലയുടെ ലക്ഷ്യവും നിയോഗവുമാണ്. എഴുത്തുകാരന്‍ അതിന് നിയുക്തനുമാണ്.

?പുതിയ രചയിതാക്കളുടെ കൃതികള്‍ ശ്രദ്ധിക്കാറുണ്ടോ; പുതിയ രചനകള്‍. ഇതുവരെയുള്ള സാഹിത്യ സപര്യയെ എങ്ങനെ നോക്കിക്കാണുന്നു

വായന മരിക്കുന്നുവെന്ന വാദം തള്ളിക്കളയുന്നതാണ് പുതിയ എഴുത്തുകാരുടെ സൃഷ്ടികളുടെ സ്വീകാര്യത. വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന ചെറുപ്പക്കാര്‍ എഴുത്തിന്റെ വഴിയിലേക്ക് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. മനുഷ്യന് അടുത്തിരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമാണ് ഈ കൊവിഡ് കാലത്ത് എന്നെ ഏറ്റവും വല്ലാതെ അലട്ടുന്നത്. 82 വയസ്സിനിടെ ഒരിക്കലും ഇത്തരത്തില്‍ ഒരു സാഹചര്യം വന്നിട്ടില്ല. ഈ കാലവും കടന്നു പോകുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്. മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതുന്ന “അവനി വാഴ്‌വ് കിനാവ്’ എന്ന നോവലാണ് പുതുതായി പ്രകാശനത്തിന് തയ്യാറെടുക്കുന്നത്. സന്തോഷകരമാണ് സാഹിത്യ ജീവിതം. ഭാര്യയുടെ വിയോഗം മാത്രമാണ് എന്നെ അലട്ടുന്നത്. കരുത്തും കരുതലുമായി ഒപ്പമുണ്ടായിരുന്ന പ്രിയതമ ലൈലയുടെ വേര്‍പാടിന്റെ വേദന അഞ്ച് വര്‍ഷമായിട്ടും വിട്ടുപോകുന്നില്ല. രാത്രി എഴുതാനിരിക്കുമ്പോള്‍ ഇപ്പോഴും അവള്‍ അടുത്തുണ്ടെന്ന് തോന്നും. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും മകളും മരുമകനും പേരക്കുട്ടികളും സഹായത്തിന് ഒപ്പമുണ്ട്. വായന തന്നെയാണ് ജീവിതം.
.

Latest