Connect with us

Kerala

കവര്‍ച്ചക്കിരയായയാള്‍ കൂട്ടമണിയടിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട പ്രതി പിടിയില്‍

മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ പ്രഭന്‍ (34) ആണ് അറസ്റ്റിലായത്. കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടില്‍ തരുണ്‍ തങ്കച്ചന്‍ പെരുമാള്‍ (35)ന്റെ പണവും ഫോണും ബൈക്കും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.

Published

|

Last Updated

പത്തനംതിട്ട | യുവാവിന്റെ പണവും ഫോണും ബൈക്കും കവര്‍ന്ന കേസില്‍ പ്രതിയെ പോലീസ് നാടകീയമായി പിടികൂടി. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ പ്രഭന്‍ (34) ആണ് അറസ്റ്റിലായത്. കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടില്‍ തരുണ്‍ തങ്കച്ചന്‍ പെരുമാള്‍ (35)ന്റെ പണവും ഫോണും ബൈക്കും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗിനിടെ കീഴ്വായ്പ്പൂര്‍ എസ് ഐ. സുരേന്ദ്രന് ലഭിച്ച ഫോണ്‍ കോള്‍ ആണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്നത്. മുരണി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൂട്ടമണിയടിച്ച ഒരാളെ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുവച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. പ്രൊബേഷന്‍ എസ് ഐ. ജയകൃഷ്ണന്‍ നായരും ഡ്രൈവര്‍ സജി ഇസ്മായിലും ഉള്‍പ്പെട്ട സംഘം സമയം കളയാതെ സ്ഥലത്തെത്തി. ആളുകള്‍ വളഞ്ഞുവച്ച യുവാവിനെ കണ്ടപ്പോഴേ പോലീസിന് പന്തികേട് തോന്നി. നന്നായി മദ്യപിച്ച് വശംകെട്ട നിലയിലായിരുന്നു അയാള്‍. വിശദമായി ചോദ്യം ചെയ്തപ്പോള്‍ സര്‍വതും നഷ്ടപ്പെട്ട ദുരവസ്ഥയില്‍ പള്ളിയുടെ കൂട്ടമണി അടിച്ചതാണെന്ന് കവര്‍ച്ചക്കിരയായ തങ്കച്ചന്‍ പെരുമാള്‍ പറഞ്ഞു. തന്നെ, പ്രഭന്‍ മല്ലപ്പള്ളി ബിവറേജ്സ് ഔട്ട്‌ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയതായി തങ്കച്ചന്‍ പെരുമാള്‍ പറഞ്ഞു. അവിടെ നിന്നും വാങ്ങിയ മദ്യം അടുത്തുള്ള തോട്ടത്തിലെത്തി കുടിച്ചു തീര്‍ത്തു. പിന്നീട് രണ്ട് ലിറ്ററോളം തങ്കച്ചനെ കൊണ്ട് വാങ്ങിപ്പിച്ച ശേഷം, പ്രഭന്റെ വീട്ടിലെത്തി വീണ്ടും മദ്യപിച്ചു. ക്രമാതീതമായി തങ്കച്ചനെ കൊണ്ട് മദ്യപിപ്പിച്ച പ്രഭന്‍, അയാള്‍ അബോധാവസ്ഥയിലായി എന്ന് ഉറപ്പായപ്പോള്‍ കൈയിലെ പണവും തിരിച്ചറിയല്‍ കാര്‍ഡ്, എ ടി എം കാര്‍ഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്സ്, പോക്കറ്റിലിരുന്ന 18,000 രൂപ, 84,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ താക്കോല്‍ എന്നിവ കവര്‍ന്ന ശേഷം സ്ഥലംവിട്ടു.

ഇത്രയും വിവരങ്ങള്‍ ലഭിച്ച എസ് ഐയും സംഘവും യുവാവിനെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് തിരിച്ചു. ഇതിന് മുമ്പായി പള്ളിയുടെ ട്രസ്റ്റിയില്‍ നിന്നും ഒരു പരാതി എഴുതിവാങ്ങുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ, കവര്‍ച്ചാ മുതലുകളും ബൈക്കുമായി പുനലൂര്‍ ഭാഗത്തേക്ക് കടന്ന പ്രതി പ്രഭന്റെ വാഹനം കോന്നിയില്‍ റോഡുപണി ചെയ്യുന്ന ഇ കെ കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മണ്ണുമാന്തി യന്ത്രത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. സാരമായ പരുക്കുപറ്റിയ ഇയാളെ സ്ഥലത്തുണ്ടായിരുന്ന കമ്പനി ജീവനക്കാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവര്‍ കോന്നി പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രതി മോഷണത്തെ കുറിച്ച് പോലീസിനോട് തുറന്ന് പറഞ്ഞു. തുടര്‍ന്ന് കീഴ്വായ്പ്പൂര്‍ പോലീസ് സംഘമെത്തി പ്രതിയെ തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രഭന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും വിവിധ കാര്‍ഡുകള്‍ അടങ്ങിയ പേഴ്സും 17,410 രൂപയും ബൈക്കും കണ്ടെടുത്ത ശേഷം കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

Latest