Kerala
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളും യോഗം കൈക്കൊള്ളും
തിരുവനന്തപുരം | ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കാമാകും. ആദ്യ യോഗം ഇന്നു രാവിലെ 9.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് യോഗത്തില്‍ നടക്കുക.ഉച്ചക്ക് 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതല്‍ അഞ്ചുവരെ പോലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ വിലയിരുത്തും.
സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിക്കുവാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് നാല് മേഖലാ യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളും യോഗം കൈക്കൊള്ളും
29ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകനം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസിലായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും.


