Connect with us

Heavy rain

മഴക്ക് ശമനമില്ല; നദികളിൽ ജലനിരപ്പ് ഉയരുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴക്ക് ശമനമില്ല. മധ്യകേരളത്തിൽ കനത്ത മഴയാണ് വർഷിക്കുന്നത്. പലയിടത്തും നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തിൽ മധ്യകേരളത്തിലെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐ എം ഡി – ജി എഫ് എസ് മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത.ആലപ്പുഴ,കോട്ടയം, പത്തനംതിട്ട എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം പാലക്കാട്‌, കോഴിക്കോട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴക്ക് സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ അതി ശക്തമായ മഴ സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ആലപ്പുഴ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിൽ അതി ശക്തമായ മഴക്ക് സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായി മഴക്ക് സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലയിലും ശക്തമായ മഴക്ക് സാധ്യത.

ഡാമുകൾ തുറക്കുന്നു; ജാഗ്രത പാലിക്കണം

തൃശൂർ ജില്ലയിലെ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി തുറക്കും.

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറിത്താമസിക്കണം.

പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് എറണാകുളം കലക്ടർ രേണു രാജ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഡപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), തഹസിൽദാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) സാന്നിധ്യവും ഈ മേഖലയിലുണ്ട്.

എറണാകുളത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ

മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 21 ആയി. 219 കുടുംബങ്ങളിലാലെ 788 പേരാണ് വിവിധ
ക്യാമ്പുകളിൽ കഴിയുന്നത്. 305 പുരുഷന്മാരും 330 സ്ത്രീകളും 153 കുട്ടികളും ക്യാമ്പുകളിലുണ്ട്. ഇതിൽ 15 പേർ മുതിർന്ന പൗരന്മാരാണ്.

ആലുവ താലൂക്കിൽ അഞ്ചു ക്യാമ്പുകളും പറവൂർ താലൂക്കിൽ ഒൻപതു ക്യാമ്പുകളും കോതമംഗലം താലൂക്കിൽ രണ്ട് ക്യാമ്പുകളും കുന്നത്തുനാട് താലൂക്കിൽ ഒരു ക്യാമ്പും മുവാറ്റുപുഴ താലൂക്കിൽ നാല് ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്.

Latest