Connect with us

Kerala

സംതൃപ്തി നിറഞ്ഞ തീര്‍ഥാടനകാലം; ഒപ്പംനിന്നവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നതായി മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകള്‍ ശബരിമലയില്‍ സംതൃപ്തി നിറഞ്ഞ തീര്‍ഥാടന കാലത്തിന് വഴിയൊരുക്കി

Published

|

Last Updated

ശബരിമല | സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകള്‍ ശബരിമലയില്‍ സംതൃപ്തി നിറഞ്ഞ തീര്‍ഥാടന കാലത്തിന് വഴിയൊരുക്കിയെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. നടവരവും കൂടി.

മണ്ഡല മകരവിളക്കുകാല ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടപ്പാക്കാന്‍ കഴിഞ്ഞു. ക്രമീകരിച്ച ഒരുക്കങ്ങളെല്ലാം ഫലംകണ്ടു. മകരവിളക്ക് സുഗമമായി ദര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചു. മകരവിളക്ക് ദര്‍ശിക്കാന്‍ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം തീര്‍ഥാടകരാണെത്തിയത്. ഒരാള്‍പോലും ദര്‍ശനം കിട്ടാതെ മടങ്ങിയില്ല. സന്നദ്ധസംഘടനകളുടെ സേവനവും അഭിനന്ദനാര്‍ഹമായിരുന്നു. പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. കോടതിയുടെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളെ കുറ്റമറ്റതാക്കാന്‍ സഹായിച്ചു. ഇക്കാര്യങ്ങളിലൊക്കെ മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായി.

മകരവിളക്ക് കണ്ടിറങ്ങുന്ന തീര്‍ഥാടകരെ സുരക്ഷിതമായി തിരിച്ചിറക്കാനും നടപടിയുണ്ടായി. അവര്‍ക്ക് വീടുകളിലെത്താന്‍ ആയിരത്തോളം കെ എസ് ആര്‍ ടി സി ബസുകളാണ് തയ്യാറാക്കിയത്. ഓര്‍ക്കാന്‍ കഴിയുന്ന രീതിയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്തെ മാറ്റിത്തീര്‍ക്കാന്‍ ഒപ്പംനിന്നവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Latest