Connect with us

Kerala

റോഡിലെ കുഴികൾ അടക്കാതെ ഇനി ടോൾ പിരിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

അങ്കമാലിയിലേത് വ്യവസ്ഥിതി നടത്തിയ കൊലപാതകമെന്നും സതീശൻ

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡുകളിൽ യാത്രക്ക് പ്രത്യേക സൗകര്യം ചെയ്യുന്നതിനാണ് ടോൾ പിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിൽ മുഴുവൻ കുഴികളാണ്. ഇത് നന്നാക്കാതെ ഇനി ടോൾ പിരിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എറണാകുളം തൃശൂർ കലക്ടർമാരുമായി സംസാരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അങ്കമാലിയിലെത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് വി ഡി സതീശൻ പറഞ്ഞു. വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് ഇത്. മഴക്കാലത്തിന് മുമ്പ് റോഡുകളിലെ കുഴി അടക്കാതിരുന്നതാണ് ഈ സാഹചര്യമൊരുക്കിയത്. ഇക്കാര്യം നിയമസഭയിൽ അടിയയന്തര പ്രമേയമായി കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഴി അടക്കുന്നത് നേരത്തെ സർക്കാർ നേരിട്ടാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് കരാറുകാരുടെ ചുമതലയാക്കി. അതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണം ചൂണ്ടിക്കാട്ടിയപ്പോൾ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്നായിരുന്നു സതീശന്റെ മറുപടി.

---- facebook comment plugin here -----

Latest