Kerala
മന്ത്രിക്കെതിരായ 'തറ' പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്
എം ബി രാജേഷ് മുകളില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ അതിലും താഴെ പോയി എന്നായിരുന്നു പ്രസ്താവന

തിരുവനന്തപുരം | ബജറ്റ് പ്രസംഗത്തിനുള്ള മറുപടിക്കിടെ തദ്ദേശ മന്ത്രി എം ബി രാജേഷിനെതിരായ ‘തറ’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
‘മുകളില്‍ നിന്നും താഴെ ഇറങ്ങിയ ആള്‍ ഇപ്പോ അതിലും താഴെ തറയായിപ്പോയി’ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പരാമര്‍ശം. ബജറ്റുമായി ബന്ധപ്പെട്ട തനിക്കെതിരായ മന്ത്രി രാജേഷിൻ്റെ വിമര്‍ശനങ്ങളെ കുറിച്ചായിരുന്നു സതീശൻ്റെ പ്രസ്താവന. കേന്ദ്ര ബജറ്റിനെ വി ഡി സതീശന്‍ വിമര്‍ശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു സതീശൻ്റെ പരാമര്‍ശം.
രണ്ട് വിഷയത്തിലും തൻ്റെ പ്രസ്താവനകള്‍ സംബന്ധിച്ച പത്രവാര്‍ത്തകളും മറ്റും സതീശന്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നാണ് അദ്ദേഹം മന്ത്രി എം ബി രാജേഷ് മുകളില്‍ നിന്ന് താഴെ ഇറങ്ങിയപ്പോള്‍ അതിലും താഴെ പോയി എന്ന പ്രസ്താവന നടത്തിയത്. ഇതോടെ, ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു.
‘മുകളില്‍ ഇരിക്കുന്ന ആള്‍ തറയാണ് എന്നാണോ അര്‍ഥം?’ എന്ന് മന്ത്രി എം ബി രാജേഷ് തിരിച്ചുചോദിച്ചു. സഭയില്‍ ബഹളമുയര്‍ന്നപ്പോള്‍ പരിശോധിക്കാമെന്നു സ്പീക്കര്‍ അറിയിച്ചു.
ചര്‍ച്ച തുടരുന്നതിനിടെയാണ് പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്.