From the print
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ലോഗോയിൽ മാറ്റം വരുന്നു
. പുതിയ സോൺ ആയ ദക്ഷിണ തീരദേശ റെയിൽവേ ആരംഭിക്കുന്നതോടെയാണ് ലോഗോയിൽ മാറ്റം വരുന്നത്
പാലക്കാട് | ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ലോഗോയിൽ മാറ്റം വരുത്തുന്നു. നിലവിലെ 17 ചുവന്ന നക്ഷത്രങ്ങൾക്ക് പകരം ഇനി 18 നക്ഷത്രങ്ങളുള്ള പുതുക്കിയ ലോഗോയാണ് പ്രയോഗത്തിലാകുന്നത്. ജൂൺ ഒന്ന് മുതൽ രാജ്യത്തുടനീളമുള്ള എല്ലാ റെയിൽവേ സ്ഥാപനങ്ങളിലും പുതിയ ലോഗോ പ്രാബല്യത്തിൽ വരും. പുതിയ സോൺ ആയ ദക്ഷിണ തീരദേശ റെയിൽവേ ആരംഭിക്കുന്നതോടെയാണ് ലോഗോയിൽ മാറ്റം വരുന്നത്. ഓരോ ചുവന്ന നക്ഷത്രവും ഓരോ സോണൽ റെയിൽവേയെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് നിലവിലെ ഇന്ത്യൻ റെയിൽവേ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതുവരെ രാജ്യത്ത് 17 സോണുകളുണ്ടായിരുന്നതിനാൽ ലോഗോയിൽ 17 നക്ഷത്രങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. പുതിയ സോണിന്റെ രൂപവത്കരണത്തോടെ എണ്ണം 18 ആകുകയാണ്. റെയിൽവേ ബോർഡ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചേർന്നാണ് പുതുക്കിയ ലോഗോയ്ക്ക് അന്തിമ അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച നിർദേശം എല്ലാ സോണൽ റെയിൽവേകൾക്കും ഉത്പാദന യൂനിറ്റുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പരിശീലന കേന്ദ്രങ്ങൾക്കും ഇതിനകം കൈമാറിയിട്ടുണ്ട്.പുതുക്കിയ ലോഗോ ജൂൺ ഒന്ന് മുതൽ ഔദ്യോഗിക കത്തുകൾ, സ്റ്റേഷൻ ബോർഡുകൾ, പരസ്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ഇടങ്ങളിലും ഉപയോഗിക്കണമെന്നാണ് നിർദേശം. 18ാമത്തെ സോണായി പുതിയ ദക്ഷിണ തീരദേശ റെയിൽവേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമാക്കിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ദീർഘകാലത്തെ സംസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരമായാണ് ഈ പുനഃസംഘടന നടപ്പാക്കുന്നത്. 2014ലെ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം ഉയർന്ന ആവശ്യങ്ങളിലൊന്നായിരുന്നു പുതിയ സോൺ രൂപവത്കരണം. പുതിയ സോണിന് കീഴിൽ സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്നുള്ള വിജയവാഡ, ഗുണ്ടൂർ, ഗുണ്ടക്കൽ ഡിവിഷനുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ വാൾട്ടെയർ ഡിവിഷൻ പുനഃസംഘടിപ്പിച്ച ഭാഗങ്ങളും ഉൾപ്പെടും. കൂടാതെ റായഗഡ ഡിവിഷനുമായി ബന്ധപ്പെട്ട ചില മേഖലകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തോടെ ദക്ഷിണ തീരദേശ മേഖലയിലെ റെയിൽവേ ഭരണകൂടം കൂടുതൽ ശക്തമാകുമെന്നും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗത ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ ഇന്ത്യൻ റെയിൽവേയുടെ ചിഹ്നത്തിൽ വരുത്തുന്ന മാറ്റം, വികസനത്തിന്റെയും വിപുലീകരണത്തിന്റെയും പുതിയ ഘട്ടമായി വിലയിരുത്തപ്പെടുകയാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.







