Connect with us

From the print

കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് സമാപിച്ചു

ഇന്നലെ രാത്രി 11ന് അവസാന വിമാനത്തിലെ ഹാജിമാരും ക്യാമ്പ് വിട്ടതോടെയാണ് ഹജ്ജ് ക്യാമ്പിന് സമാപനമായത്

Published

|

Last Updated

കൊണ്ടോട്ടി | നാല് ദിവസം മാത്രം നീണ്ടുനിന്ന കരിപ്പൂർ ഹജ്ജ് ക്യാമ്പ് സമാപിച്ചു. ഇന്നലെ രാത്രി 11ന് അവസാന വിമാനത്തിലെ ഹാജിമാരും ക്യാമ്പ് വിട്ടതോടെയാണ് ഹജ്ജ് ക്യാമ്പിന് സമാപനമായത്. 52 പുരുഷന്മാരും 56 സ്ത്രീകളും ഉൾപ്പെടെ 108 പേരടങ്ങുന്ന ഹാജിമാരുടെ സംഘം പുലർച്ചെ 2.20ന് കരിപ്പൂരിൽ നിന്ന് പറന്നുയർന്നു.

കരിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവിലെ ഹജ്ജ് ക്യാമ്പാണ് ഈ വർഷം നടന്നത്. ഏഴ് വിമാനങ്ങളിലായി 969 ഹാജിമാരാണ് ഈ വർഷം കരിപ്പൂരിൽ നിന്ന് വിശുദ്ധ ഹജ്ജ് കർമത്തിന് പുറപ്പെട്ടത്. ക്യാമ്പിൽ ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലുമായി ഹാജിമാർക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഹജ്ജ് കമ്മിറ്റി ഒരുക്കിയിരുന്നു. ഹാജിമാരുടെ താമസം, ഭക്ഷണം, പ്രാർഥന, പ്രാഥമിക ആരോഗ്യ പരിചരണ സംവിധാനങ്ങൾ, ആംബുലൻസ് സംവിധാനം, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫയർ ആൻഡ് റെസ്‌ക്യൂ, ക്യാമ്പിന്റെ സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി പോലീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനം ഉറപ്പാക്കിയിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മ സേനയും സേവനത്തിലുണ്ടായിരുന്നു.

ക്യാമ്പ് ഓർഗനൈസിംഗ് കമ്മിറ്റിക്ക് കീഴിൽ റിസപ്ഷൻ, രജിസ്‌ട്രേഷൻ, അക്കോമഡേഷൻ, തസ്‌കിയത്ത്, ഗതാഗതം തുടങ്ങിയ വിവിധ ഉപസമിതി അംഗങ്ങൾ, വളണ്ടിയർമാർ, ട്രെയിനർമാർ ക്യാമ്പിൽ മികച്ച സേവനം നടത്തി. തീർഥാടകരുടെ യാത്രാ രേഖകളുടെ കൈമാറ്റ ചുമതല ഹജ്ജ് സെൽ അംഗങ്ങൾക്കായിരുന്നു. ഓരോ സംഘത്തിനും യാത്രക്ക് മുമ്പായി ഔദ്യോഗിക നിർദേശങ്ങൾ ഹജ്ജ് സെൽ ഓഫീസർ നൽകി. ഇഹ്‌റാം ചെയ്ത് പ്രത്യേക പ്രാർഥനയും കഴിഞ്ഞ ശേഷമാണ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത്. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും റിവ്യൂ മീറ്റിംഗ് ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിനും യാത്രയയപ്പ് സംഗമങ്ങൾക്കും ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീൻ കുട്ടി, പി അബ്ദുർറഹ്മാൻ, അസ്സി.സെക്രട്ടറി ജാഫർ കക്കൂത്ത് നേതൃത്വം നൽകി.

Latest