Kerala
അധികാരക്കസേരകള്‍ ഉറപ്പായതോടെ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറി: വെള്ളാപ്പള്ളി
ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു.
ആലപ്പുഴ | മുസ്‌ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനയുടെ മുഖമാസികയായ യോഗനാദം മുഖപ്രസംഗത്തിലാണ് വിമര്‍ശനം. അധികാരക്കസേരകള്‍ ഉറപ്പായതോടെ യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് മുഖപ്രസംഗത്തില്‍ ആരോപിച്ചു.
ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ അധിക്ഷേപിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ മറവില്‍ മതതീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമാണ് ഇപ്പോള്‍ ലീഗിന്റെ മുഖ്യ ശത്രുക്കളെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
ലീഗ് നേതാവ് കെ എം ഷാജിയെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. വര്‍ഗീയ വിഷം ചീറ്റുന്ന നേതാവാണ് ഷാജി. ഷാജിയെപ്പോലെ വര്‍ഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാല്‍ കേരളത്തില്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല…
(യോഗനാദം 2026 മേയ് 16 ലക്കം എഡിറ്റോറിയല്‍)
അധി?കാരക്കസേരകള്‍ ഉറപ്പായതോടെ യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകള്‍ വ്യക്തമാകുന്നുണ്ട്. മുസ്‌ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളില്‍ നിന്ന് മനസിലാകും. എസ് എന്‍ ഡി പി യോഗത്തിനും എന്‍ എസ് എസിനുമെതിരെ കേരളത്തിലും പുറത്തും നടത്തുന്ന ഇവരുടെ പ്രതിഷേധങ്ങളും ഇക്കാര്യം സാധൂകരിക്കുന്നു.
ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ മുസ്ലീം വിരുദ്ധ, വര്‍ഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് ആ സംഘടന അനുവര്‍ത്തിക്കുന്നത്. മുസ്ലീം മതത്തെയല്ല, മുസ്ലീം ലീഗെന്ന സംഘടനയുടെ മതവിവേചനത്തെയും വര്‍ഗീയതയെയും ശക്തമായി എതിര്‍ത്തതിനാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ ആക്ഷേപിക്കുന്നത്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിച്ചുകൊള്ളാമെന്ന് അഭിപ്രായം പറഞ്ഞതിന് മൂവാറ്റുപുഴ നിയുക്ത എം എല്‍ എ. മാത്യു കുഴല്‍നാടനെതിരെ അവിടെ സ്വന്തം മുന്നണിയില്‍പ്പെട്ട ലീഗുകാര്‍ അധിക്ഷേപ പ്രകടനം നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് മാത്യു നിശ്ചയിച്ച സ്‌നേഹവിരുന്നുപോലും നടത്താനാവാത്ത ദുരവസ്ഥ ഈ കേരളത്തിലുണ്ടായി. എസ് എന്‍ ഡി പി യോഗത്തെയും എന്നെയും തീര്‍ത്തുകളയുമെന്ന തരത്തിലാണ് അധികാരലഹരി നുണയും മുമ്പ് തന്നെ യൂത്ത് ലീഗുകാരുടെ പ്രകടനങ്ങള്‍. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഞാന്‍ പേടിച്ചോടുമെന്ന അവരുടെ ആശ വെറുതേയാണ്. ഇതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല.
യു ഡി എഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ് ഇവരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പല ശക്തികളും ഇന്ന് അഴിക്കുള്ളിലാണ്. സംസ്ഥാന ഭരണത്തിന്റെ മറവില്‍ മതതീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ക്ക് അടിത്തറ പാകിയ മഹത്തായ സാമൂഹിക പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം. മഹാഗുരു ശ്രീനാരായണ ഗുരുദേവന്‍ തുടക്കമിട്ട പ്രസ്ഥാനം. ജാതിവിവേചനങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യപരിഷ്‌കരണത്തിനായി അന്നും ഇന്നും യോഗം ശക്തമായി രംഗത്തുണ്ട്. പുതിയകാലത്തെ അനാചാരമായ മതവിവേചനത്തിനെതിരെയും പോരാടുക എസ് എന്‍ ഡി പി യോഗത്തിന്റെ ദൗത്യമാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മതപരമായ വിവേചനത്തിനും അധിനിവേശത്തിനുമെതിരെയും സ്വാഭാവികമായി എസ് എന്‍ ഡി പി യോഗം രംഗത്തുവരും. അതിന്റെ ഭാഗമായി ലീഗിനെയും നേതാക്കളെയും യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ കര്‍ക്കശമായി വിമര്‍ശിച്ചിട്ടുണ്ട്. നാളെയും വിമര്‍ശിക്കും.
അത് മുസ്ലീം സമുദായത്തിനെതിരെയാണെന്നു വരുത്തി എന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിച്ച് ലോകവ്യാപകമായി കടുത്ത വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തുകയാണ് ലീഗ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൊടുപുഴയിലും മറ്റും നടന്ന കോലം കത്തിക്കലുകള്‍. കേരളത്തിലെ നിയമങ്ങള്‍ ലീഗ് പറയുമെന്നും കേരള മണ്ണ് ലീഗ് ഭരിക്കുമെന്നുമുള്ള വെല്ലുവിളികളും വിഷം ചീറ്റുന്ന മുദ്രാവാക്യങ്ങളും പച്ചത്തെറി വിളിച്ചുള്ള പ്രകടനങ്ങളുമാണ് അരങ്ങേറുന്നത്. അവിലും മലരും കരുതിവയ്കണമെന്ന് പറഞ്ഞില്ലെന്നു മാത്രം. പ്രകടനങ്ങളുടെ പേരില്‍ യൂത്തുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ കേരളത്തിലും പുറത്തും ഇത്തരം അസഭ്യപ്രകടനങ്ങള്‍ അനുസ്യൂതം തുടരുന്നുണ്ട്.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമത്രേ ഇപ്പോള്‍ ലീഗിന്റെ മുഖ്യശത്രുക്കള്‍. മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി മതവിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ലീഗ്. മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്‌നമെന്നും ഒമ്പതര വര്‍ഷത്തെ നഷ്ടങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗിച്ച് നടന്ന കെ എം ഷാജിയെപ്പോലെ വര്‍ഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാല്‍ കേരളത്തില്‍ മതസൗഹാര്‍ദ്ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ മതേതര സമൂഹത്തിന് മുന്നില്‍ ഉടുമുണ്ട് അഴിഞ്ഞ നിലയില്‍ നില്‍ക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. ഭരണക്കസേരയിലേറിക്കഴിഞ്ഞ് ഇവര്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മതത്തിന്റെ പേരിലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറിച്ച് പറയാന്‍ ഒരര്‍ഹതയും ഇല്ല. ഇന്ത്യയെ മതപരമായി വിഭജിക്കാന്‍ മുന്നില്‍ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലീം ലീഗ്. അതില്‍ കൂടുതല്‍ ഡെക്കറേഷനൊന്നും ലീഗിന് വേണ്ട. ലീഗ് അഭിനയിക്കുന്ന മതേതര നാടകം കപടനാടകമാണെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയിലൊന്നും പോകേണ്ടതുമില്ല.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാര്‍ കലാപത്തിന്റെ നാട്ടിലാണ് മുസ്ലീം ലീഗ് വളര്‍ന്ന് പന്തലിച്ചത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രമൊന്നും ഇനി വിലപ്പോകില്ല. മലബാര്‍ കലാപത്തിന്റെ ഇരകളുടെ ദുരവസ്ഥകള്‍ നേരില്‍ കണ്ട് കവിതയായി രചിച്ച് മാലോകരെ അറിയിച്ച കുമാരനാശാന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നെന്ന കാര്യം ലീഗുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. മാറാട് കലാപവും കേരളം മറന്നിട്ടില്ല. മറക്കാനും സാധിക്കില്ല. ആ കലാപത്തിന്റെ പിന്നിലെ കൈകള്‍ ആരുടേതാണെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ലീഗിന്റെ പുതിയ പ്രകടനം കാണുമ്പോള്‍ പുതിയ മാറാടുകളും മലബാര്‍ കലാപങ്ങളും ഇനിയും സൃഷ്ടിക്കപ്പെട്ടേക്കുമെന്ന് കരുതിപ്പോകുന്നു. ഭരണം തുടങ്ങും മുമ്പേ ലീഗിന്റെ നീക്കം ഇങ്ങനെയാണെങ്കില്‍ ഭരണം അവസാനിക്കുമ്പോഴേക്കും എന്തായി തീരുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. എങ്കിലും ഇതുപോലുളള ഏത് വെല്ലുവിളിയെയും നേരിടാന്‍ എസ് എന്‍ ഡി പി യോഗം തയ്യാറാണ്. സമുദായത്തെ തകര്‍ക്കാന്‍ ലീഗെന്നല്ല, ഏത് കൊലകൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി ഇന്ന് യോഗത്തിനുണ്ടെന്ന് വ്യക്തമാക്കട്ടെ…







