COVID RESTRICTIONS
സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ ബാധകം
ഒമ്പത് വരെയുള്ള ക്ലാസുകളിലെ പഠനം ഇന്ന് മുതല്‍ ഓണ്‍ലൈനില്‍
 
		
      																					
              
              
            തിരുവനന്തപുരം | കൊവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍. ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലേക്ക് മാറും. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്. അതിന് ശേഷം സാഹചര്യം വിലയിരുത്തിയാകും തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഓണ്‍ലൈന്‍ ക്ലാസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഇറക്കിയിട്ടുണ്ട്.
ജില്ലകളിലെ കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇന്ന് മുതല്‍ നിലവില്‍ വരും. ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നില്‍ നിന്ന് ഇരട്ടി ആവുകയും ഐ സിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുകയും ചെയ്താല്‍ ആ ജില്ലകള്‍ കാറ്റഗറി ഒന്നില്‍. ഇവിടങ്ങളില്‍ പൊതുപരിപാടികള്‍ക്കും വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. നിലവില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് ഈ കാറ്റഗറിയില്‍.
ആശുപത്രി രോഗികളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികളും ഐസിയു കൊവിഡ് രോഗികളുടെ നിരക്ക് ജനുവരി ഒന്നില്‍ നിന്ന് ഇരട്ടി ആവുകയും ചെയ്താല്‍ ആ ജില്ലകള്‍ ബി കാറ്റഗറിയില്‍. ഇവിടങ്ങളില്‍ പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളാണ് ഈ വിഭാഗത്തില്‍.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആകുന്ന ജില്ല സി വിഭാഗത്തില്‍ വരും. ബി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍, പത്ത്, പന്ത്രണ്ട്, ഒഴികെ എല്ലാ ക്ലാസുകളും ഓണ്‍ ലൈനായിരിക്കണം. ഈ വിഭാഗത്തില്‍ ഒരു ജില്ലയും ഇല്ല. ഇവിടങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങളാണ് ബാധകം.
ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. അന്ന് അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
