Kuwait
കുവൈത്തിൽ ദേശീയ ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തുമ്പോൾ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം; നഗരസഭ വിജ്ഞാപനം പുറപ്പെടുവിച്ചു
പതാക ഉയർത്തുമ്പോൾ വേഗത്തിൽ ഉയർത്തുകയും സാവധാനത്തിലും ആദരവോടെയും താഴ്ത്തുകയും ചെയ്യണം
കുവൈത്ത് സിറ്റി|രാജ്യത്ത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈത്ത് നഗരസഭ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ വിജ്ഞാപനത്തിലൂടെ രാജ്യത്തെ പൗരന്മാരിലും താമസക്കാരിലും ദേശീയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന്റെയും കുവൈത്ത് പതാകയുടെ പ്രതീകാത്മകതയെ ആദരിക്കേണ്ടതിന്റെയും പ്രാധാന്യം പബ്ലിക് റിലേഷൻസ് ഡയറക്ടറും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് സാന്തൻ ഊന്നി പറഞ്ഞു. ഇതുപ്രകാരം പതാക ഉയർത്തുമ്പോൾ കൊടിമരത്തിന്റെ മുൻവശത്താണ് പതാകയുടെ കറുത്ത വർണ്ണത്തിലുള്ള ഭാഗം വരേണ്ടത് മുകൾഭാഗത്ത് ഹരിത വർണ്ണവും മധ്യഭാഗത്ത് വെളുപ്പും വരണം.
പതാകയുടെ ചുവന്ന വർണ്ണത്തിലുള്ള ഭാഗം അടിഭാഗത്ത് ആണ് വരേണ്ടത്. പതാക ഉയർത്തുമ്പോൾ വേഗത്തിൽ ഉയർത്തുകയും സാവധാനത്തിലും ആദരവോടെയും താഴ്ത്തുകയും ചെയ്യണം. പതാക വൃത്തിയുള്ളതായിരിക്കുകയും കീറിയതോ കേടുപാടുകൾ സംഭവിച്ചതോ ആകാതിരിക്കുകയും വേണം. പതാക ഒരിക്കലും തല കീഴായി ഉയർത്താൻ പാടുള്ളതല്ല. അത് പ്രകാരം പതാകയിൽ എഴുത്തു കുത്തുകളോ മറ്റു ചിത്രങ്ങളോ ഉപയോഗിക്കാൻ പാടില്ല. നിലം സ്പർശിക്കുന്ന രൂപത്തിൽ പതാക ഉയർത്തൽ സ്വകാര്യ കെട്ടിടങ്ങളിൽ പതാക തുടർച്ചയായി പ്രദർശിപ്പിക്കൽ തുടങ്ങിയവയും ദേശീയപതാക വ്യാപാര മുദ്രയായോ പരസ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവും ആയിരിക്കും എന്നും പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
---- facebook comment plugin here -----


