Connect with us

Kerala

നിലമേലില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ രണ്ടുപേര്‍ മരിച്ചു; മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെന്ന് സംശയം

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഇവര്‍ മീന്‍ വിഭവങ്ങള്‍ കഴിച്ചിരുന്നു

Published

|

Last Updated

കൊല്ലം| കൊല്ലം നിലമേലില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ചു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടുവരികയാണ്. ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും മീന്‍ വിഭവങ്ങള്‍ കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇസിജിയില്‍ പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും ഷാജി മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്നങ്ങള്‍ അലട്ടിയിരുന്നുവെന്നും അലര്‍ജിയാണ് മരണം സംഭവിക്കാന്‍ കാരണമായതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ പോലീസ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. സംഭവത്തെതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തും.

റഷീദ ബീവി പ്ലാച്ചിയോട് ചായക്കടയും ഷാജിയും സജിമോളും ചേര്‍ന്ന് നിലമേല്‍ വൈദ്യശാല മുക്കില്‍ ചായക്കടയും നടത്തി വരികയായിരുന്നു.വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്.റഷീദയും കുടുംബവും ഭക്ഷണം കഴിച്ച ഞായറാഴ്ച ദിവസം അഞ്ഞൂറിലേറെ പേര്‍ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും മറ്റാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം.

 

 

Latest