Connect with us

Editorial

യുദ്ധത്തിന്റെ ബഹുമുഖ ആഘാതങ്ങൾ

യുദ്ധസാഹചര്യങ്ങളോ മറ്റു പ്രതിസന്ധികളോ ഇന്ധന ലഭ്യതയെയും വിലയെയും ബാധിക്കുമ്പോൾ അതിജീവിക്കാൻ ദീർഘകാല ഊർജ ശേഖരം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അമേരിക്ക- ഇറാൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി വിരൽ ചൂണ്ടുന്നത്.

Published

|

Last Updated

ഇന്ത്യക്കാരന്റെ അടുക്കളയിലേക്കും ശ്മശാനങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു അമേരിക്ക- ഇറാന്‍ യുദ്ധ പ്രതിസന്ധി. പാചക വാതക വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ, പാചകത്തിന് വിറകിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. വിറകിന്റെ ലഭ്യതയും മുന്‍കാലങ്ങളെ പോലെ സുഗമമല്ല ഇന്ന്. സിലിന്‍ഡറിന്റെ ലഭ്യതയില്‍ ഗണ്യമായ കുറവ് വന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മുംബൈയിലെ 20 ശതമാനം ഹോട്ടലുകള്‍ ഇതിനകം അടച്ചുപൂട്ടിയതായും ഗ്യാസ് വിതരണം മെച്ചപ്പെട്ടില്ലെങ്കില്‍ പകുതിയോളം ഹോട്ടലുകള്‍ താമസിയാതെ അടച്ചുപൂട്ടേണ്ടി വരുമെന്നുമാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. റെയില്‍വേയുടെ ഭക്ഷ്യ വിതരണ ശൃംഖലയെ (ഐ ആര്‍ സി ടി സി) ബാധിച്ചിട്ടുണ്ട് എല്‍ പി ജി സിലിന്‍ഡറുകളുടെ കുറവ്. ഇത് ട്രെയിനുകളിലെ ഭക്ഷ്യവിതരണം പ്രതിസന്ധിയിലാക്കും. റെയില്‍വേയുടെ ബേസ് കിച്ചണുകളില്‍ വലിയ തോതില്‍ പാചകവാതകം ആവശ്യമാണ്. ആശുപത്രികള്‍, ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ ഓഫീസ് കാന്റീനുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.

ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ക്രിമറ്റോറിയങ്ങളും (മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍) പ്രയാസത്തിലാണ്. കേരളത്തില്‍ തന്നെ തൃശൂരിലെ പാറമേക്കാവ് ശാന്തിഘട്ട് തുടങ്ങിയ പല ക്രിമറ്റോറിയങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇക്കാലമത്രയും വാണിജ്യ സിലിന്‍ഡറുകള്‍ മുടക്കം കൂടാതെ ലഭിച്ചിരുന്നു. ഇപ്പോഴത്തേതു പോലൊരു പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നാണ് ശാന്തിഘട്ട് അധികൃതര്‍ പറയുന്നത്. സിലിന്‍ഡറുകള്‍ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് കുടുംബങ്ങളെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. വിറകും ചകിരിയും ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്ന പരമ്പരാഗത രീതിയിലേക്ക് മടങ്ങാമെന്നു വെച്ചാല്‍, വിറകിന്റെ ക്ഷാമം മൂലം അതും പ്രയാസത്തിലാണ്. നഗരങ്ങളില്‍ ഇത് വന്‍തോതിലുള്ള വായുമലിനീകരണം സൃഷ്ടിക്കുകയും പരിസ്ഥിതി സൗഹൃദ ശ്മശാനങ്ങള്‍ എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുകയും ചെയ്യും.

ഇന്ത്യക്കാവശ്യമായ പാചക വാതകത്തിന്റെ 41 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതും ബാക്കി ഇറക്കുമതിയുമാണ്. ഏറ്റവും കൂടുതല്‍ പാചക വാതകം ഇറക്കുമതി ചെയ്യുന്ന ലോകത്തെ നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇറക്കുമതി വാതകം എത്തുന്നത്. ഇറാനെതിരായ അമേരിക്ക- ഇസ്‌റാഈല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കിലെ ടാങ്കര്‍, കണ്ടയ്‌നര്‍ ഗതാഗതത്തില്‍ തടസ്സം സൃഷ്ടിച്ചതോടെയാണ് ഇന്ത്യയില്‍ ഇന്ധന- പാചക വാതക മേഖലയില്‍ പ്രതിസന്ധി ഉയര്‍ന്നത്. പാചക വാതകത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് കൃത്യമായ രീതിയില്‍ സിലിന്‍ഡര്‍ വിതരണം ഉറപ്പാക്കുമെന്നുമാണ് കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം പറയുന്നതെങ്കിലും, പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാന്‍ സര്‍ക്കാറിന് സാധ്യമാകില്ലെന്നാണ് വിദഗ്ധ പക്ഷം. ആഭ്യന്തര ഉത്പാദനം വര്‍ധിച്ചാലും, ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ ആഗോള വിപണിയിലെ ചലനങ്ങള്‍ ഇന്ത്യയെ ബാധിക്കാതിരിക്കില്ല.

ചെറുകിട വ്യവസായ മേഖലയിലും പ്രകടമാണ് പാചക വാതക ക്ഷാമവും വിലക്കയറ്റവും. എല്‍ പി ജിയെ ആശ്രയിച്ചാണ് നിലവില്‍ ബേക്കറികള്‍, ചെറിയ പ്രോസസിംഗ് യൂനിറ്റുകള്‍, മിഠായി നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ധന ക്ഷാമവും ഇന്ധന ചെലവും വര്‍ധിക്കുന്നതോടെ ഉത്പാദനച്ചെലവ് കൂടുകയും ഈ ഉത്പന്നങ്ങളുടെ വില ഉയരുകയും ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണത്തിനും എല്‍ പി ജി ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയെയും ഇത് പ്രതികൂലമായി ബാധിക്കും.

യുദ്ധസാഹചര്യങ്ങളോ മറ്റു പ്രതിസന്ധികളോ ഇന്ധന ലഭ്യതയെയും വിലയെയും ബാധിക്കുമ്പോള്‍ അതിജീവിക്കാന്‍ ദീര്‍ഘകാല ഊര്‍ജ ശേഖരം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് അമേരിക്ക- ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി വിരല്‍ ചൂണ്ടുന്നത്. ഇറക്കുമതി ആശ്രിതത്വം കുറച്ച് ആഭ്യന്തര രംഗത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പാചക ഊര്‍ജ സ്രോതസ്സ് വികസിപ്പിക്കുക, പാചക വാതകത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് കരുതല്‍ ശേഖരം ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണക്കാരന് സംരക്ഷണം നല്‍കാന്‍ ‘പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട്’ (അവശ്യ സാധനങ്ങളുടെ വിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നിയന്ത്രിക്കാനും വിപണിയില്‍ വില നിയന്ത്രിക്കാനും സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പ്രത്യേക സാമ്പത്തിക കരുതല്‍ ശേഖരം) നടപ്പാക്കുകയും വേണം.

ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക കുടുംബങ്ങളിലും പാചക വാതകം എത്തിക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെ തുടര്‍ന്ന് രാജ്യത്തെ എല്‍ പി ജി ഉപയോഗം സമീപകാലത്തായി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്നൊരു പ്രതിസന്ധി അഭിമുഖീകരിച്ചാല്‍ അതിനെ നേരിടാന്‍ തക്ക കരുതല്‍ ശേഖരം ഇല്ല. അതിന്റെ പ്രത്യാഘാതമാണ് രാജ്യമിപ്പോള്‍ അനുഭവിക്കുന്നത്.

സാധാരണ കുടുംബങ്ങളാണ് പാചക വാതക പ്രതിസന്ധിയുടെ ഇരകളില്‍ ബഹുഭൂരിപക്ഷവും. ഇത്തരം കുടുംബങ്ങളിലെ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാചക വാതകം. നേരത്തേ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുന്ന ഈ കുടുംബങ്ങളുടെ ജീവിതം ഇത് കൂടുതല്‍ ദുരിതപൂര്‍ണമാക്കും. വീടുകള്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ തുറകളിലേക്കും സമ്പദ് വ്യവസ്ഥയുടെ തലങ്ങളിലേക്കും പടരുന്ന പാചക വാതക ക്ഷാമ, വിലവര്‍ധന പ്രശ്‌നത്തിന് അടിയന്തര പരിഹാര നടപടി ആവശ്യമാണ്.

 

Latest