Aksharam Education
മണ്ണിന്റെ മാന്ത്രികത
വളരെ കട്ടിയുള്ളതും ജലം കടത്തിവിടുന്നതുമായ മണൽ മണ്ണ്, മൃദുവായതും ജലം നിലനിർത്തുന്നതുമായ കളിമണ്ണ്, മണൽ മണ്ണിന്റെയും കളിമണ്ണിന്റെയും മിശ്രിതമായ ചെളി മണ്ണ്, ഫലഭൂയിഷ്ഠമായതും ജൈവവസ്തുക്കൾ അടങ്ങിയതുമായ കരിമണ്ണ്, വളരെ കട്ടിയുള്ളതും പാറകൾ അടങ്ങിയതുമായ പാറ മണ്ണ് എന്നിവയാണ് പ്രധാനപ്പെട്ട മണ്ണുകൾ.
മണ്ണിൽ അപ്പം ചുട്ട് കളിച്ച കുട്ടിക്കാലത്തെ ഓർമകൾ കൂട്ടുകാരിൽ പലർക്കുമുണ്ടാകില്ല. എന്നാൽ, മൊബൈൽ ഫോണുകളൊക്കെ വ്യാപകമാകുന്നതിന് മുമ്പുള്ള കാലത്ത് പാടത്തും വരമ്പിലും തൊടിയിലുമെല്ലാം ഓടി നടന്ന് ചിരട്ടയിൽ മണ്ണ് കൊണ്ടുള്ള അപ്പമൊക്കെ ചുട്ടായിരുന്നു കൂട്ടുകാരുമൊത്തുള്ള കളികൾ. മണ്ണിന്റെ മണവും ഇല്ലാത്ത അപ്പത്തിന്റെ മണവും കളിയുടെ സന്തോഷവുമെല്ലാം ഒരുമിച്ചുള്ള അനുഭവം പക്ഷേ മൊബൈൽ ഫോണും ഇലക്ട്രോണിക് ഗെയിമും ടി വിയുമൊക്കെ എത്തിയതോടെ അവ അന്യമായി.
ഭൂമിയുടെ ഹൃദയം
ഭൂമിയുടെ ഹൃദയം ഏതെന്ന് ചോദിച്ചാൽ അത് മണ്ണാണെന്ന് കണ്ണും പൂട്ടി പറയാം. ഭൂമിക്കും അതിലെ മനുഷ്യനും സസ്യങ്ങൾക്കുമെല്ലാം അത്യന്താപേക്ഷിതവും ഒഴിച്ചു കൂടാൻ പറ്റാത്തതുമാണ് മണ്ണ്. ജീവന്റെ ഉറവിടമായ മണ്ണ് സസ്യങ്ങളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായ പ്രകൃതി വിഭവമാണ്. മണ്ണിന്റെ മാന്ത്രികത അതിന്റെ ഫലഭൂയിഷ്ഠതയിലാണ്. ഇത് സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുകയും ജലചക്രത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
മണ്ണിന്റെ ശക്തി എന്ന് പറയുന്നത് അതിന്റെ സൃഷ്ടിപരമായ കഴിവിലാണ്. ഭൂമിയുടെ ഉപരിതലത്തെ രൂപപ്പെടുത്തുകയും സസ്യങ്ങളുടെ വളർച്ചക്ക് സഹായിക്കുകയും ചെയ്യുന്ന മണ്ണ് ജീവന്റെ ആവാസവ്യവസ്ഥയാണ്. കാലാവസ്ഥാ നിയന്ത്രണത്തിലും മണ്ണ് പ്രധാന പങ്ക് വഹിക്കുന്നു. ജീവൻ നിലനിൽക്കാൻ ആവശ്യമായ ഭക്ഷണത്തിന്റെ 95 ശതമാനവും നൽകുന്നത് മണ്ണാണെന്ന് കൂട്ടുകാർക്കറിയുമോ, എന്നാൽ, കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും കാരണം നമ്മുടെ മണ്ണ് നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും ഡിസംബർ അഞ്ചിന് മണ്ണ് ദിനമായി ആചരിക്കുന്നു.
മണ്ണിന്റെ പ്രത്യേകതകൾ
ഒരു ടേബിൾ സ്പൂൺ മണ്ണിൽ ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ ജീവജാലങ്ങൾ ഉണ്ടാകും. മണ്ണിൽ കാണപ്പെടുന്ന ജൈവവസ്തുക്കളാണ് സസ്യങ്ങളുടെ വളർച്ചയെ സഹായിക്കുന്നത്. രണ്ട് മുതൽ മൂന്ന് സെന്റിമീറ്റർ വരെ മണ്ണ് രൂപപ്പെടാൻ 1,000 വർഷം വരെ വേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യങ്ങൾക്ക് ആവശ്യമായ 18 പ്രകൃതിദത്ത രാസമൂലകങ്ങളിൽ 15ഉം മണ്ണാണ് നൽകുന്നത്.
മണ്ണിൽ കാണപ്പെടുന്ന വായുവാണ് സസ്യങ്ങളുടെ ശ്വസനത്തിന് സഹായിക്കുന്നത്. സസ്യങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതും ജലചക്രത്തിൽ പ്രധാന പങ്ക് വഹിക്കുന്നതും മണ്ണ് തന്നെ. നമ്മുടെ ഭക്ഷ്യ ഉത്പാദനത്തിലും അവ പ്രധാന പങ്ക് വഹിക്കുന്നു. വളരെ കട്ടിയുള്ളതും ജലം കടത്തിവിടുന്നതുമായ മണൽ മണ്ണ്, മൃദുവായതും ജലം നിലനിർത്തുന്നതുമായ കളിമണ്ണ്, മണൽ മണ്ണിന്റെയും കളിമണ്ണിന്റെയും മിശ്രിതമായ ചെളി മണ്ണ്, ഫലഭൂയിഷ്ഠമായതും ജൈവവസ്തുക്കൾ അടങ്ങിയതുമായ കരിമണ്ണ്, വളരെ കട്ടിയുള്ളതും പാറകൾ അടങ്ങിയതുമായ പാറ മണ്ണ് എന്നിവയാണ് പ്രധാനപ്പെട്ട മണ്ണുകൾ.
മണ്ണിന്റെ സംരക്ഷണം
ഭൂമിയിലെ 33 ശതമാനം മണ്ണ് നശിച്ചുകഴിഞ്ഞതായാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 70 വർഷമായി ഭക്ഷണത്തിലെ വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും അളവിൽ ഗണ്യമായ കുറവ് സംഭവിച്ചത് മണ്ണിന്റെ നാശത്തിന്റെ കാരണം കൂടിയാണ്. 2050ഓടെ ആഗോള ഭക്ഷ്യ ആവശ്യം നിറവേറ്റണമെങ്കിൽ ഭൂമിയിലെ കാർഷിക ഉത്പാദനം 60 ശതമാനം വർധിപ്പിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത്. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണം. മണ്ണിന്റെ കൃത്യമായ വിവരങ്ങളും സ്വഭാവവും മനസ്സിലാക്കി അതിനനുസരിച്ച് പരിപാലിക്കുന്നതിലൂടെ ഫലഭൂവിഷ്ഠത ഉറപ്പുവരുത്താനും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും.





