Connect with us

Kerala

ആഡംബര വാഹനം വാടകക്കെടുത്ത് പണയം വെക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ ഷാജഹാന്‍ (40) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | സ്വകാര്യ ആവശ്യത്തിനെന്ന് പറഞ്ഞ് ആഡംബര വാഹനങ്ങള്‍ വാടകക്കെടുക്കുകയും പണം വേണ്ടപ്പോള്‍ അത് പണയം വെക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ ഷാജഹാന്‍ (40) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കൊല്ലത്തു നിന്നും ആറന്മുളയിലെത്തി വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് ഇയാള്‍. വിവിധ സ്ഥലങ്ങളില്‍ താമസിച്ച് കാററ്റിങ് സര്‍വീസും ഇന്‍സ്റ്റാള്‍മെന്റില്‍ സാധനങ്ങളുടെ കച്ചവടവുമായിരുന്നു തൊഴില്‍. ഇതിന്റെ ആവശ്യങ്ങള്‍ക്കായിട്ടാണ് പരിചയക്കാരില്‍ നിന്നും വാഹനം വാടകക്കെടുത്തിരുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ പണയപ്പെടുത്തി പണം വാങ്ങിയത്. ഇത്തരത്തില്‍ ആഡംബര വാഹനം ഉള്‍പ്പടെ അഞ്ച് വാഹനങ്ങള്‍ പണയപ്പെടുത്തിയതായി ആറന്മുള പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വെച്ച ഒരു വാഹനം പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുന്നുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ഡി വൈ എസ് പി. കെ സജീവിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ് ഐമാരായ രാകേഷ് കുമാര്‍, അനിരുദ്ധന്‍, എ എസ് ഐമാരായ സജീഫ് ഖാന്‍, വിനോദ് പി മധു, സി പി ഒമാരായ രാകേഷ്, ജോബിന്‍, സുജ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.