Connect with us

National

ലാവ്‌ലിന്‍ കേസ് ; സുപ്രീം കോടതിയില്‍ ഇന്ന് അന്തിമവാദം

2017 ഒക്ടോബര്‍ മുതല്‍ ഇത് 35ാം തവണയാണ് അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.ഹര്‍ജി പരിഗണിച്ചാല്‍ സുപ്രീംകോടതി ആദ്യം സിബിഐയുടെ വാദം കേള്‍ക്കും. 2017 ഒക്ടോബര്‍ മുതല്‍ ഇത് 35ാം തവണയാണ് അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
2013 നവംബറിലാണ് പിണറായി വിജയന്‍ ഉള്‍പെടെയുള്ള ഏഴ് പേരെ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഹൈക്കോടതി ഈ വിധി ശരിവെച്ചതോടെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

 

Latest