Connect with us

anti conversion bill

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മതംമാറ്റ വിരുദ്ധ നിയമം കര്‍ണാടക സര്‍ക്കാര്‍ പാസ്സാക്കി

ക്രിസ്ത്യന്‍ സമുദായത്തെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നതെന്ന ആരോപണം നിയമ മന്ത്രി ജെ സി മധു സ്വാമി നിഷേധിച്ചു.

Published

|

Last Updated

ബെംഗളൂരു | പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ജനതാ ദളിന്റെയും ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ ബില്‍- 2021 പാസ്സാക്കി. മതംമാറ്റ നിരോധന ബില്‍ ആയാണ് ഇത് അറിയപ്പെടുന്നത്. ക്രിസ്ത്യന്‍ സമുദായത്തെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നതെന്ന ആരോപണം നിയമ മന്ത്രി ജെ സി മധു സ്വാമി നിഷേധിച്ചു.

ബില്ലിനെതിരെ ബുധനാഴ്ച ബെംഗളൂരുവില്‍ 40ലധികം മനുഷ്യവകാശ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. സര്‍ക്കാറിനെതിരെ വലിയ മുന്നറിയിപ്പുകള്‍ ക്രിസ്ത്യന്‍ സംഘടനകളും നല്‍കിയിരുന്നു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. നിര്‍ബന്ധിത മതമാറ്റം നടത്തുവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്ത് എതിര്‍പ്പുണ്ടായാലും സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയും നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ ഇത്തരം വിവാദ നിയമം പാസാക്കിയിരുന്നു.

 

 

 

Latest