Connect with us

Kerala

വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കുടുംബം

മനോജിന്റെ മരണത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് സഹോദരി പറഞ്ഞു.

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മനോജിന്റെ മരണത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് സഹോദരി പറഞ്ഞു.
വടം കാണുന്ന തരത്തില്‍ ബാരിക്കേഡോ റിബണോ വേണമായിരുന്നുവെന്നും ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്നതുള്‍പ്പെടെ പരിശോധിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

അതേസമയം വടം കഴുത്തില്‍ കുരുങ്ങി മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കയര്‍ കെട്ടിയ രീതിയില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് വിമര്‍ശനം. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച മനോജ് ഉണ്ണിക്ക് ലൈസന്‍സ് ഇല്ലെന്നും പോലീസ് പറഞ്ഞു.

കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജ് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്എ റോഡില്‍ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിരുന്നെന്നും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. പോലീസുകാരാണ് മനോജ് ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് അദ്ദേഹം മരിച്ചത്.

 

 

 

Latest