Connect with us

Kozhikode

സി എച്ച് മേൽപ്പാലത്തിൻ്റെ മുഖം മിനുക്കൽ രണ്ടാഴ്ചക്കുള്ളിൽ തുടങ്ങും

മേൽപ്പാലത്തിനടിയിലെ 64 വ്യാപാരികൾ കടമുറികളൊഴിഞ്ഞ് താക്കോൽ കോർപറേഷന് കൈമാറി

Published

|

Last Updated

കോഴിക്കോട് | സി എച്ച് മേൽപ്പാലം പാലത്തിന്റെ നവീകരണ പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി മേൽപ്പാലത്തിനടിയിലെ 64 വ്യാപാരികൾ കടമുറികളൊഴിഞ്ഞ് താക്കോൽ കോർപറേഷന് കൈമാറി. ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. പൂർണമായും പൊളിച്ചു മാറ്റാതെയാണ് നവീകരണം. അടർന്ന കോൺക്രീറ്റ് കമ്പികൾ, കൈവരി, ഫൂട്ട്പാത്ത് എന്നിവ പൂർണമായും മാറ്റും.

വ്യാപാരികൾ പൂർണമായും ഒഴിഞ്ഞതിനാൽ പത്ത് ദിവസത്തിനകം കോർപറേഷൻ കടമുറികൾ പൊളിച്ചുനീക്കും. തുടർന്ന് മുംബൈ എസ് എസ് പി ഐ (സ്ട്രക്ചറൽ സ്‌പെഷലിസ്റ്റ് ആൻഡ് പ്രൊജക്ട് ഇന്ത്യ) ക്ക് കൈമാറുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്യും. 4.47 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തീകരിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ച് നീക്കാമെന്ന് കോർപറേഷൻ അറിയിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞയുടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് പി ഡബ്ല്യൂ ഡി അസി. എൻജിനീയർ അമൽജിത്ത് പറഞ്ഞു.

നേരത്തേ ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്ച്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായും ചോർച്ചയും കണ്ടെത്തിയിരുന്നു. പാലം നവീകരിക്കണമെന്ന ചെന്നൈ ഐ ഐ ടിയുടെ റിപോർട്ടിനെത്തുടർന്നാണ് കോർപറേഷനും പൊതുമരാമത്ത് വകുപ്പും കച്ചവടക്കാർക്ക് നോട്ടീസ് നൽകിയത്.

ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെങ്കിലും നവീകരണശേഷം മുറികൾ തിരിച്ചു കിട്ടുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. ഇതിനെതിരെ വ്യാപാരികൾ ഹരജി നൽകി. ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെ ഒഴിപ്പിക്കരുതെന്നായിരുന്നു കോടതി നിർദേശം. ബദൽ സംവിധാനം ഒരുക്കാൻ കോർപറേഷന് സാധിക്കാത്തതിനാൽ നിലവിൽ വ്യാപാരികൾ കടമുറികൾ വാടകക്ക് എടുത്തിരിക്കുകയാണ്.

---- facebook comment plugin here -----

Latest