Kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന്
കല്‍പ്പറ്റ ബൈപാസിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പൂര്‍ത്തിയായ മോഡല്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്. സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗുണഭോക്താക്കള്‍ക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തെരഞ്ഞെടുക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കാണ് മുന്‍ഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനം. ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് കിടപ്പുമുറികളോട് കൂടിയ വീടുകളാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്. ഭാവിയില്‍ രണ്ടാം നില പണിയാന്‍ സാധിക്കുന്ന തരത്തിലാണ് വീടുകളുടെ അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത്.
ടൗണ്‍ഷിപ്പില്‍ റോഡുകള്‍, കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റര്‍ എന്നീ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. കല്‍പ്പറ്റ ബൈപാസിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പൂര്‍ത്തിയായ മോഡല്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആകെ 327 ഗുണഭോക്താക്കള്‍ക്ക് വരാനിരിക്കുന്ന കാലവര്‍ഷത്തിന് മുന്‍പായി വീടുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

