Connect with us

Prathivaram

സൗഹൃദത്തിലെ സൗകുമാര്യത

Published

|

Last Updated

വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ സൗഹൃദങ്ങൾക്ക് വലിയ പങ്കുണ്ട്. മാനസികോന്മേഷം ലഭിക്കുന്നതിനും ക്രിയാത്മകമായ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തുന്നതിനും സ്വപ്നങ്ങൾക്ക് നിറം പകരുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും നല്ല സൗഹൃദം സഹായകമാകുന്നു. സാമൂഹിക ജീവിയായ മനുഷ്യൻ ജീവിതവഴിയിൽ ദിനേന പലരുമായും കൂട്ടുകൂടുകയും സഹവസിക്കുകയും ഒരുപാട് സൗഹൃദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൊച്ചു കുട്ടികൾ മുതൽ വാർധക്യത്തിലെത്തി നിൽക്കുന്നവർ വരെ ഇതിൽപ്പെടുന്നു.

സഹവാസത്തിന് അറബിയിൽ “സ്വുഹ്‌ബത്’ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഏറ്റവും അനുഗൃഹീത സഹവാസം ലഭിച്ചവർ സ്വഹാബികൾ എന്നറിയപ്പെടുന്ന പ്രവാചകാനുചരന്മാരാണ്. ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)വിന് പ്രവാചകന്മാർക്കുശേഷം സൃഷ്ടികളിൽ അത്യുത്തമരെന്ന സ്ഥാനത്തെത്താൻ സാധിച്ചതും സിദ്ദീഖ് എന്ന അപരനാമം ലഭിച്ചതും തിരുനബി(സ) യുമായുള്ള അഭേദ്യമായ സഹവാസവും സൗഹൃദവും കൊണ്ടായിരുന്നു.
നല്ല ചങ്ങാത്തം നന്മയിലേക്കും സ്വർഗത്തിലേക്കും ചീത്ത കൂട്ടുകെട്ട് തിന്മയിലേക്കും നരകത്തിലേക്കും നയിക്കും. സമ്പത്ത്, സൗന്ദര്യം, അധികാരം, സ്ഥാനമാനം തുടങ്ങിയ ഭൗതിക താത്പര്യങ്ങളാൽ ഉത്ഭൂതമാകുന്ന സൗഹൃദങ്ങളിൽ സ്വാർഥത നിഴലിക്കുകയും കാലാവധി കുറയുകയും ചെയ്യുന്നു. ഇലാഹീ പ്രീതിക്കു വേണ്ടിയുള്ള ചങ്ങാത്തം അനന്തമായി നിലനിൽക്കുകയും സദാചാരനിഷ്ഠമായ ജീവിതത്തിലേക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യുന്നു. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കുന്ന കല്ലിന്റെ സൗരഭ്യം മാലിന്യക്കൂമ്പാരത്തിന് മുകളിലുള്ള കല്ലിന് ലഭിക്കുന്നില്ല. ഇവിടെ കുറ്റം കല്ലിന്റെതല്ല. മറിച്ച് കല്ല് നിലകൊള്ളുന്ന സാഹചര്യമാണ് നല്ലതും ചീത്തയുമാക്കുന്നത്. ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും എന്ന ചൊല്ല് അതാണ് അർഥമാക്കുന്നത്.

“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്നത് കേവലം പഴഞ്ചൊല്ലായി അവഗണിക്കാവുന്നതല്ല.നല്ല കൂട്ടുകാരനെ കസ്തൂരി വില്‍പ്പനക്കാരനോടാണ് തിരുനബി (സ) ഉപമിച്ചത്. അവന്റെ കൂടെ കൂടിയാല്‍ സുഗന്ധം ലഭിക്കുന്നു. ചീത്ത കൂട്ടുകാരനെ താരതമ്യം ചെയ്തത് ഉലയിലൂതുന്ന കൊല്ലനോടാണ്. അവന്റെ അടുത്തിരിക്കുന്നവന് അതിൽ നിന്നുമുയരുന്ന പുകയും വെണ്ണീറും സഹിക്കേണ്ടിവരും. ചിലപ്പോള്‍ തീപ്പൊരി വീണ് വസ്ത്രത്തില്‍ ഓട്ട വീഴുകയും ദുർഗന്ധം വമിക്കേണ്ടിവരികയും ചെയ്യും (ബുഖാരി, മുസ്്ലിം).
ധാർമിക ബോധമുള്ള സൗഹൃദങ്ങള്‍ എപ്പോഴും സന്തോഷം നൽകുന്നു. മാർഗ ഭ്രംശം സംഭവിക്കാതെ ശരിയായ വഴിയിൽ ചലിക്കുന്നതിന് ഉദാത്തമായ സൗഹൃദം സഹായിക്കുമെന്നും വികൃതമായ കൂട്ടുകെട്ട് ശൂന്യതയിൽ കലാശിക്കുമെന്നും വിശ്രുത പണ്ഡിതനും കർമശാസ്ത്ര വിശാരദനും സൂഫിവര്യനുമായ ശൈഖ് ഉമറുൽ ഖാഹിരി(റ) തന്റെ “അല്ലഫല്‍’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

സൗഹൃദമെന്നത് സമൂഹിക മാധ്യമങ്ങളില്‍ ഒതുങ്ങുന്ന കാലമാണിത്. പഴയ സൗഹൃദങ്ങൾ കണ്ടെടുക്കാനും വീണ്ടെടുക്കാനും മാറ്റ് കൂട്ടാനും ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ സാധിക്കുന്നുവെങ്കിലും സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദങ്ങൾക്ക് നേരിട്ടടപഴകലിലൂടെയുള്ള അനുഭവം ലഭിക്കില്ല. മാത്രവുമല്ല, യാന്ത്രിക സ്നേഹത്തിൽ കൃത്രിമത്വത്തിനും സാധ്യതയുണ്ട്.

ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് ഉന്നതവും ഉദാത്തവുമായ സൗഹൃദവും സഹവാസവും വേണമെന്ന് വിശുദ്ധ ഇസ്‌ലാം നിഷ്കർഷിക്കുന്നു. സഹവാസത്തിൽ പ്രഥമ പരിഗണന നൽകേണ്ടത് മാതാപിതാക്കളോടാണ്. വിശുദ്ധ ഖുർആൻ മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കണമെന്ന് നിരവധിയിടങ്ങളിൽ പറയുന്നുണ്ട്. ഞാൻ ഏറ്റവും നന്നായി ആരോടാണ് സഹവസിക്കേണ്ടത് എന്ന അനുചരന്റെ അന്വേഷണത്തിന് നിന്റെ മാതാപിതാക്കളോടാണെന്നാണ് തിരുനബി (സ) മറുപടി നൽകിയത്.
ജീവിതാന്ത്യം വരെയും മരണശേഷവും കൂട്ടുകൂടേണ്ടവരാണ് ദമ്പതിമാർ. പ്രതിസന്ധികളിൽ പതറാതെ, സുഖലോലുപതയിൽ മതിമറക്കാതെ സ്‌നേഹാർദ്രമായും കരുണാമയമായും സമാധാനപരമായ ജീവിതമാസ്വദിക്കേണ്ടവരാണവർ. പരസ്പരം നന്മകൾ ചെയ്തും വിട്ടുവീഴ്ചകൾ കാണിച്ചും കൂടിയാലോചനകൾ നടത്തിയും അന്യോന്യം ഔദാര്യം കാണിച്ചും പൊരുത്തമുള്ള കുടുംബ ജീവിതം പുലർത്തുകയാണ് വേണ്ടത്.

ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സുഹൃദ്ബന്ധം. നന്മയെ പുണരുകയും തിന്മയെ തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ സ്നേഹിതർ. വികാരവായ്പുകൾ പങ്ക് വെക്കുന്നതിനും ഹൃദയ ഭാരം ഇറക്കിവെക്കുന്നതിനും സന്മാർഗത്തിലേക്ക് വഴിനടത്തുന്നതിനും നല്ല സ്നേഹിതർക്ക് സാധിക്കുന്നു. അത് ആകുലതയെ അകറ്റുകയും ആരോഗ്യത്തെ ഭദ്രമാക്കുകയും ദീർഘായുസ്സ് നൽകുകയും ചെയ്യുമെന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. ഒരാൾ അയാളുടെ കൂട്ടുകാരന്റെ നിലപാടിലും ആദർശത്തിലുമായിരിക്കുമെന്ന് ഹദീസിലുണ്ട്. (തിർമിദി) നല്ല കൂട്ടുകാർ അന്ത്യനാളിൽ ശിപാർശകരാകുമെന്നും അവർക്ക് അല്ലാഹുവിന്റെ പ്രത്യേക തണൽ ലഭിക്കുമെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. (മുസ്്ലിം)

പരസ്പരം അംഗീകരിക്കാനുള്ള കഴിവ്, പോരായ്മകളും കുറവുകളും തിരിച്ചറിഞ്ഞ് സന്ദർഭോചിതമായി പെരുമാറാനുള്ള നൈപുണ്യം, കുറ്റപ്പെടുത്താതെ സ്നേഹമസൃണമായി തിരുത്താനുള്ള സന്മനസ്സ്, തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കാനുള്ള വിശാല മനസ്കത, ഉയർച്ചയിലും താഴ്ചയിലും കൂടെ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസം, സ്വകാര്യമാക്കുമെന്നുറപ്പിൽ വിശ്വസിച്ച് പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കൽ, പറഞ്ഞ വാക്കുകൾ പാലിക്കൽ, സന്ദിഗ്ധ സന്ദർഭങ്ങളിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കൽ തുടങ്ങിയവയെല്ലാം നല്ല സുഹൃത്തിന്റെ ഗുണങ്ങളാണ്. മനസ്സിനുള്ളിൽ അനിഷ്ടമായത് ഒളിപ്പിച്ചുവെക്കുകയും പറയാനുള്ളത് തുറന്ന് പറയാതെ മറ്റുള്ളവരുമായി പങ്ക് വെക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങള്‍ തകരുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നത്. “അന്ധകാരത്തിൽ ഒരു സുഹൃത്തിന്റെ കൈപിടിച്ചു നടക്കുന്നതാണ് വെളിച്ചത്തിൽ ഒറ്റക്ക് നടക്കുന്നതിനേക്കാൾ ഭേദം’ എന്ന ഹെലൻ കെല്ലറിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.

Latest