Connect with us

National

അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചിലിന് പ്രതിസന്ധിയെന്ന് കര്‍ണാടക

ശ്രമങ്ങള്‍ തുടരുമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.

Published

|

Last Updated

ബെംഗളൂരു | മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ തിരച്ചിലിന് പ്രതിസന്ധിയുണ്ടെന്ന് കര്‍ണാടക. അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. എന്നാല്‍, ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. നിലവില്‍ 5.4 നോട്ടാണ് ഗംഗാവാലി നദിയിലെ അടിയൊഴുക്ക്. ഇത് 3.5 നോട്ട് ആയി കുറഞ്ഞാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാവൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ ആഴ്ച നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അടിയൊഴുക്ക് കുറഞ്ഞാല്‍ തിരച്ചില്‍ സംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ നേരത്തെ പറഞ്ഞിരുന്നു.

ജൂലൈ 16ന് രാവിലെ 8.15ഓടെയാണ് ദേശീയപാത 66ലെ ഷിരൂരില്‍ കുന്നിടിഞ്ഞ് വന്‍ ദുരന്തമുണ്ടായത്. സംഭവത്തില്‍ മലയാളിയായ അര്‍ജുന്‍ ഉള്‍പ്പെടെ 11 പേരെ കാണാതായിരുന്നു. ഇതില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.