സാഹിത്യം
യുദ്ധഭൂമിയിലെ ആർത്തനാദങ്ങൾ...
ഏത് യുദ്ധവും ആത്യന്തികമായി പരാജയമാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യർക്കൊപ്പം മറ്റനേകം ജീവജാലങ്ങളെയും കൂട്ടക്കശാപ്പ് ചെയ്യുന്നതിനൊപ്പം പ്രകൃതിയെയും സാമൂഹിക സാമ്പത്തിക ക്രമങ്ങളെയും അത് തകിടംമറിക്കുകയും ചെയ്യുന്നു. യുദ്ധം സൃഷ്ടിക്കുന്ന സർവനാശത്തിനു മുന്നിൽ അത് നൽകുന്ന വിജയം സത്യത്തിൽ എത്രമാത്രം ചെറുതും നിസ്സാരവും അധാർമികവുമാണെന്ന് കാണാതിരുന്നുകൂടാ. പണ്ട് നരഭോജികളായ ഗോത്ര വിഭാഗങ്ങളുടെ തലവൻ അമേരിക്കൻ പട്ടാള ഓഫീസറോട് ചോദിച്ചത്രേ. "ഞങ്ങൾ മനുഷ്യരെ കൊല്ലുന്നത് തിന്നാനാണ്. നിങ്ങളെന്തിനാണ് അവരെ ഇങ്ങനെ കൊന്നൊടുക്കുന്നത്?' ലോകത്ത് ഓരോ ഹിംസ നടക്കുമ്പോഴും അന്നത്തെ ഈ ചോദ്യം ആയിരം മടങ്ങ് ശക്തിയോടെ ഇന്നും നമ്മുടെ യുക്തിബോധത്തെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു.
“സർവതും വളഞ്ഞുപിരിഞ്ഞും വെന്തെരിഞ്ഞും വിറങ്ങലിച്ചും കാണപ്പെട്ടു. കത്തിയെരിഞ്ഞ ലോഹത്തിന്റേയും മഞ്ഞിനെ കാർന്നുതിന്ന വെടിമരുന്നു പുകയുടേയും കരിഞ്ഞ ചായത്തിന്റേയും ഗന്ധമാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. മുഷിഞ്ഞുനാറിയ പഴന്തുണിയിൽ പൊതിഞ്ഞതുപോലെ കാണപ്പെട്ട ഒരു ടാങ്കിന്റെ ചക്രച്ചങ്ങലയിൽ കെട്ടുപിണഞ്ഞ് തണുത്തു മരവിച്ച് തൂങ്ങിക്കിടന്ന പീരങ്കി ഷീൽഡിന്റെ വിടവുകളിലൂടെ കാറ്റ് ഒരു വന്യമൃഗത്തെപ്പോലെ ഓരിയിട്ടു. അതിന്റെ ലോഹം ഏകാന്തമായി ഉരയുന്ന ശബ്ദം ഇരുട്ടത്ത് ഭീതിയുളവാക്കി.’
വിഖ്യാത സോവിയറ്റ് റഷ്യൻ നോവലിസ്റ്റ് യൂറി ബന്ദര്യേവിന്റെ “പൊള്ളുന്ന മഞ്ഞ്’ (The Hot Snow) എന്ന നോവലിലെ ഈ വരികൾ യുദ്ധഭൂമിയിലെ നടുക്കുന്ന കാഴ്ചകളെയും അവിടെനിന്നും ഉയർന്നുപൊങ്ങുന്ന ആർത്തനാദങ്ങളേയും വായനക്കാരുടെ മുന്നിൽ തുറന്നുവെക്കുന്ന ലോക സാഹിത്യത്തിലെതന്നെ ഏറെ വായിക്കപ്പെട്ട യുദ്ധനോവലുകളിലൊന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളിൽ, ജർമനിയുടെ സ്റ്റാലിൻഗ്രാഡ് ഉപരോധത്തിന്റെയും അതിനെ മാസങ്ങളോളം പ്രതിരോധിച്ച് പരാജയപ്പെടുത്തിയ സോവിയറ്റ് പട്ടാളത്തിന്റെ സഹനത്തിന്റെയും കഥയാണ് ഈ നോവൽ പറയുന്നത്. ഇന്നിപ്പോൾ ലോകം മറ്റൊരു മഹായുദ്ധത്തിന്റെ ഭീതിയിലേക്കും ആകുലതകളിലേക്കും ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോൾ ബന്ദര്യേവിന്റെ ഈ നോവലിന് പ്രസക്തിയേറെയാണ്.
സോവിയറ്റ് സാഹിത്യത്തിലെ പ്രമുഖരിൽ യൂറി ബന്ദര്യേവിന്റെ (1924 – 2020) സ്ഥാനം മുൻനിരയിലാണ്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിൽ ആർട്ടിലറി ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നോവലിൽ അദ്ദേഹം ആവിഷ്കരിക്കുന്ന യുദ്ധാനുഭവങ്ങൾക്ക് തീക്ഷ്‌ണത കൂടുതലാണ്. യുദ്ധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സമയത്ത് താനനുഭവിച്ച പീഡകളും അന്തഃസംഘർഷങ്ങളുമാണ് അദ്ദേഹം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത്. അതേസമയം, ഈ നോവൽ മറ്റു സമാന രചനകളിൽനിന്നും വ്യത്യസ്തമാകുന്നത് യുദ്ധത്തിന്റെ കെടുതികളെയും അത് സാധാരണക്കാരായ ഭടന്മാരിൽ സൃഷ്ടിക്കുന്ന ഭീതിയേയും ആശങ്കയേയും അരക്ഷിതബോധത്തേയും സത്യസന്ധമായി ആവിഷ്കരിക്കുന്നു എന്നതുകൊണ്ടാണ്. ഓരോ യുദ്ധവും മാനവരാശിയെ തള്ളിയിടുന്നത് ആത്യന്തികമായ നാശത്തിലേക്കും അശാന്തിയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണെന്ന ദുഃഖസത്യം വിളിച്ചുപറയുന്ന നോവലാണ് “പൊള്ളുന്ന മഞ്ഞ്’.
അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും അശാന്തിയുടെ അഗ്നിപടർത്തുന്ന അഭിശപ്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ ലോകം ഇന്ന് കടന്നുപോകുന്നത്. ദശാബ്ദങ്ങളായി തുടരുന്ന ഫലസ്തീൻ – ഇസ്്റാഈൽ സംഘർഷത്തിലും ഏതാനും വർഷമായി നടക്കുന്ന റഷ്യൻ – യുക്രൈൻ യുദ്ധത്തിലും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റനേകം രാഷ്ട്രങ്ങളിൽ തുടർക്കഥയായിമാറിയ ആഭ്യന്തരകലാപങ്ങളിലും കൊല്ലപ്പെടുന്നതും മാരകമായ പരിക്കുകളാൽ ജീവച്ഛവമായി മാറുന്നതും അനേക ലക്ഷം നിരപരാധികളാണ്. ഇപ്പോഴിതാ ലോകത്തെയാകെ ആശങ്കയിലാഴ്ത്തി അമേരിക്കയും ഇസ്്റാഈലും ഇറാന്റെ നേരെയുള്ള ആക്രമണം രൂക്ഷമാക്കിയിരിക്കുന്നു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാരത്തെയും ഭരണസംവിധാനത്തെയും ചോദ്യം ചെയ്യുന്നതും അവക്ക് ഭീഷണമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നതും വിലക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ നിലനിൽക്കുന്ന ഈ ലോകത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങളും അധിനിവേശങ്ങളും ന്യായീകരിക്കപ്പെടുന്നതെങ്ങനെയാണ്?
ഏത് യുദ്ധവും ആത്യന്തികമായി പരാജയമാണന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യർക്കൊപ്പം മറ്റനേകം ജീവജാലങ്ങളെയും കൂട്ടക്കശാപ്പ് ചെയ്യുന്നതിനൊപ്പം പ്രകൃതിയെയും സാമൂഹിക സാമ്പത്തിക ക്രമങ്ങളെയും അത് തകിടംമറിക്കുകയും ചെയ്യുന്നു. യുദ്ധം സൃഷ്ടിക്കുന്ന സർവനാശത്തിനു മുന്നിൽ അത് നൽകുന്ന വിജയം സത്യത്തിൽ എത്രമാത്രം ചെറുതും നിസ്സാരവും അധാർമികവുമാണെന്ന് കാണാതിരുന്നുകൂടാ! പണ്ട് നരഭോജികളായ ഗോത്രവിഭാഗങ്ങളുടെ തലവൻ അമേരിക്കൻ പട്ടാള ഓഫീസറോട് ചോദിച്ചത്രേ. “ഞങ്ങൾ മനുഷ്യരെ കൊല്ലുന്നത് തിന്നാനാണ്. നിങ്ങളെന്തിനാണ് അവരെ ഇങ്ങനെ കൊന്നൊടുക്കുന്നത്?’ ലോകത്ത് ഓരോ ഹിംസ നടക്കുമ്പോഴും അന്നത്തെ ഈ ചോദ്യം ആയിരം മടങ്ങ് ശക്തിയോടെ ഇന്നും നമ്മുടെ യുക്തിബോധത്തെ പ്രഹരിച്ചുകൊണ്ടിരിക്കുന്നു. “പൊള്ളുന്ന മഞ്ഞ്’ പോലെയുള്ള രചനകൾ ഈ ലോകത്തോട് വിളിച്ചുചോദിക്കുന്നതും സത്യത്തിൽ ഈ ചോദ്യം തന്നെയല്ലേ?


