Kerala
സി പി ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും
വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും.

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളനം ടാഗോര്‍ തിയേറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലുമാണ് നടക്കുക. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി പി ഐ സംസ്ഥാന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിഭാഗീയത പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സമ്മേളനമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിയില്‍ മുറുകിയിട്ടുണ്ട്. 75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ ഇ ഇസ്മായിലും സി ദിവാകരനും പരസ്യമായി രംഗത്തെത്തിയിരുന്നു. നെയ്യാറ്റിന്‍കരയിലെ പാര്‍ട്ടി കൊടിമര ജാഥാ ചടങ്ങ് ഇരു നേതാക്കളും ബഹിഷ്‌കരിച്ചത് പ്രശ്‌നം കൂടുതല്‍ രൂക്ഷമായ തലത്തിലേക്കെത്തിച്ചു. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്ന ഇസ്മായില്‍ എത്താതിരുന്നതിനാല്‍ മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് സി ദിവാകരനെന്നത് ആരോപണങ്ങള്‍ക്ക് ദൃഢത വര്‍ധിപ്പിച്ചിട്ടുണ്ട്.
കാനം വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പ് പ്രതിനിധി സമ്മേളനത്തിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രായപരിധിക്ക് ഭരണഘടനാ സാധുത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പാക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനാണ് ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം. സെക്രട്ടറി സ്ഥാനത്തേക്കു കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്മായില്‍ വിഭാഗം.