Connect with us

Prathivaram

പരേതരുടെ മനസ്സാക്ഷി

ഫൊറന്‍സിക് സര്‍ജനാണ് കോടതിയുടെ കണ്ണ്. മരിച്ചയാള്‍ കോടതിമുറിയില്‍ സര്‍ജനിലൂടെ സംസാരിക്കുന്നു

Published

|

Last Updated

പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ മൃതദേഹത്തില്‍ മരണകാരണം തിരയുന്നവരാണ് ഫൊറന്‍സിക് സര്‍ജന്മാർ. അഴുകിയ ശരീരങ്ങളുൾപ്പെടെ കീറിമുറിച്ച് മരണം വന്നവഴി അവര്‍ ലോകത്തോട് പറയും. മൃതദേഹത്തിന്റെ ചരിത്രം അറിയാന്‍ ശരീരം കീറിമുറിക്കുന്ന തൊഴില്‍ നിര്‍ഭയത്വത്തോടെയും സത്യസന്ധതയോടെയും ചെയ്ത ഡോക്ടറാണ് ഷെർളി വാസു. സെപ്തംബര്‍ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോ. ഷേർളി വാസു മരണത്തിന് കീഴടങ്ങി. ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ഷെർളി വാസു കേരളത്തിലെ ആദ്യത്തെ വനിതാ ഫൊറന്‍സിക് സര്‍ജനായിരുന്നു. സ്റ്റെതസ്‌കോപ്പ് കൊണ്ട് ഹൃദയമിടിപ്പറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്ന് ആഗ്രഹിച്ച ഷേർളി മിടിപ്പുനിലച്ച ഹൃദയങ്ങളുടെ തണുത്തമുറിയിലാണ് സമയം ചെലവഴിച്ചത്. പി ജി വിദ്യാര്‍ഥിയായിരിക്കെയാണ് ഷെർളി ആദ്യത്തെ മൃതദേഹം പരിശോധിക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട സര്‍വീസിനിടെ ഇരുപതിനായിരത്തിലധികം മൃതദേഹങ്ങള്‍ അവരുടെ മുന്നിലെത്തി. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകളാണ് ഷെർളി കൈകാര്യം ചെയ്തത്.
പത്മരാജന്‍, ജോണ്‍ എബ്രഹാം, ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ എന്നിവരുടെ മൃതദേഹം പരിശോധിച്ചത് ഷെര്‍ളി വാസുവായിരുന്നു.

പോസ്റ്റുമോട്ടം ടേബിളില്‍നിന്നു കിട്ടാത്ത ചരിത്രം തേടി മരണസ്ഥലത്തേക്കു പോയി സത്യം കണ്ടെത്തുന്ന കഠിനമായ ജോലി ആത്മാർഥതയോടെ അവര്‍ ചെയ്തു. ഇടക്ക് വെച്ച് ഫൊറന്‍സിക് വിട്ടുപോകണമെന്ന് ഡോക്ടര്‍ കരുതിയിരുന്നെങ്കിലും അർപ്പണബോധത്തോടെ അത് തുടരുകയായിരുന്നു. ആരുടെയെങ്കിലും തെറ്റായ പ്രവൃത്തികൊണ്ട് ഉണ്ടായിട്ടുള്ള മരണത്തില്‍ ഡോക്ടര്‍ ഷെർളി വാസു മരിച്ചവന്റെ കൂടെനിന്നു. നിയമത്തിന്റെ പരിരക്ഷ ആവശ്യമുള്ളവര്‍ക്കൊപ്പം നിന്ന ഡോക്ടര്‍ തന്റെ നാവിന് മാറ്റിപ്പറയേണ്ട, പിഴക്കേണ്ട കാര്യമൊന്നുമില്ലെന്ന നിലപാടുകാരിയായിരുന്നു. ഫൊറന്‍സിക് സര്‍ജനാണ് കോടതിയുടെ കണ്ണ്. മരിച്ചയാള്‍ കോടതിമുറിയില്‍ സര്‍ജനിലൂടെ സംസാരിക്കുന്നു.

ഡോ. ഷെർളി വാസുവിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം മേശയില്‍ തെളിഞ്ഞ സത്യങ്ങള്‍ ഏറെയാണ്. സൗമ്യ വധക്കേസ്, കണ്ണൂര്‍ ഫസല്‍ വധക്കേസ്, കടലുണ്ടി തീവണ്ടിദുരന്തം, പൂക്കിപ്പറമ്പ് ബസപകടം എന്നിവ അതിൽ പെടും. തന്റെ ജീവിതാനുഭവങ്ങളും മൃതദേഹ പരിശോധനയുടെ ജൈവശാസ്ത്രവും സാമൂഹികശാസ്ത്രവും മറ്റും വിവരിക്കുന്ന “പോസ്റ്റ്മോര്‍ട്ടം ടേബിള്‍’ എന്ന പുസ്തകമെഴുതിയിട്ടുണ്ട്. മൃതദേഹപരിശോധനയുടെ ഭാവി എന്ന വിഷയത്തില്‍ ഗവേഷണപഠനം നടത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് 1979 ല്‍ എം ബി ബി എസും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് 1984ല്‍ ഫൊറന്‍സിക് മെഡിസിനില്‍ എംഡിയും നേടി. 1982 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധ്യാപികയായിരുന്നു. 2016ല്‍ ഷെർളി വാസു സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. പിന്നീട് കോഴിക്കോട് മുക്കം കെ എം സി ടി മെഡിക്കല്‍ കോളജില്‍ അധ്യാപികയും വകുപ്പ് അധ്യക്ഷയുമായി.

1996ല്‍ ലോകാരോഗ്യസംഘടനയുടെ ഫെലോഷിപ്പോടെ സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍, ഭീകരാക്രമണങ്ങളിലെ മരണകാരണമാകാവുന്ന പരുക്കുകള്‍ എന്നീ വിഷയങ്ങളില്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest