Connect with us

National

കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു, ഭാവി നോക്കണം; ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ ഹാര്‍ദിക് പട്ടേല്‍

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാര്‍ദിക് പട്ടേല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം തള്ളാതെ കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേല്‍.ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു സൂചന നല്‍കിയിത്. തനിക്ക് ഭാവി നോക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ പാര്‍ട്ടി കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്ന് ഹാര്‍ദിക് ആരോപിച്ചിരുന്നു. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതും ഹാര്‍ദികിനെ പ്രകോപിപ്പിച്ചു.പിന്നാലെ ഒരു ഗുജറാത്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാര്‍ദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചര്‍ച്ചകള്‍ സജീവമായത്.

 

Latest