Connect with us

National

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കുമെന്ന് പിതാവ്

നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ബെംഗളൂരു വിമാനത്താവളത്തിലെത്തിക്കും

Published

|

Last Updated

ബംഗളൂരു | യുക്രൈനിലെ ഖാര്‍കിവ് നഗരത്തില്‍ യുദ്ധത്തിനിടെ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കുമെന്ന് പിതാവ് ശങ്കരപ്പ. തിങ്കളാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെത്തിക്കുന്ന മൃതദേഹം മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ദാവന്‍ഗരെയിലെ എസ്എസ് ആശുപത്രിയിലേക്ക് ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനാണ് നവീന്‍ യുക്രൈനില്‍ റഷ്യയുടെ ആക്രമനത്തിനിരയായത്. യുക്രൈനില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് നവീന്‍.

മകന് വൈദ്യശാസ്ത്രത്തില്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നില്ല. അവന്റെ ശരീരമെങ്കിലും മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉപകാരപ്പെടട്ടെ. അതുകൊണ്ടാണ് ഞങ്ങള്‍ അങ്ങനെയാരു തീരുമാനമെടുത്തത് – ശങ്കരപ്പ പറഞ്ഞു.

നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ബെംഗളൂരു വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് രാവിലെ 9 മണിയോടെ ഹവേരിയിലെത്തിക്കും. തുടര്‍ന്ന് വീരശൈവ വിഭാഗത്തിന്റെ ആചാരപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷം മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദാവന്‍ഗരെ എസ്എസ് ആശുപത്രിക്ക് കൈമാറും.

കര്‍ണ്ണാടകയിലെ ഹവേരി ജില്ലക്കാരനായിരുന്നു എംബിബിഎസ് വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ഗ്യാന്‍ഗൗഡര്‍. ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ 21 കാരനായ നവീന്‍ ഭക്ഷണം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് റഷ്യന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നവീന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി 25 ലക്ഷം രൂപ ധനസഹായം നല്‍കുകയും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുകയും ചെയ്തു.

Latest