Kerala
പത്തനാപുരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് കണ്ടെത്തല്‍
അന്വേഷണത്തില്‍ കറവൂര്‍ സ്വദേശികളായ അനില്‍കുമാര്‍, റഹ്മാന്‍ ഷാജി എന്ന ഷാജഹാനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി

പത്തനാപുരം| കൊല്ലം പത്തനാപുരത്ത് വനമേഖലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരം പുറത്ത്. സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പിറവന്തൂര്‍ സ്വദേശി ഓമനക്കുട്ടന്‍ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. ഒളിവിലുള്ള അനില്‍കുമാറിനായി പത്തനാപുരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മൂന്ന് ദിവസം പഴക്കമുള്ള രജിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വീഴ്ചയില്‍ പറ്റിയ പരുക്കാണ് മരണക്കാരണമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും, രജിയുടെ സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളും കേസില്‍ നിര്‍ണായകമായി. അന്വേഷണത്തില്‍ കറവൂര്‍ സ്വദേശികളായ അനില്‍കുമാര്‍, റഹ്മാന്‍ ഷാജി എന്ന ഷാജഹാനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഷാജഹാന്‍ പിടിയിലായത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി അനില്‍കുമാറിന്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മര്‍ദിച്ചതിന്റെ ദേഷ്യമാണ് കൊലക്ക് കാരണമെന്നാണ് ഷാജഹാന്‍ നല്‍കിയ മൊഴി. ശനിയാഴ്ച രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു.