prathivaram poem
കറുപ്പ്
മേലാസകലം നീറ്റൽ കാറ്റുകൊണ്ടപ്പോൾ തൊലിപൊളിഞ്ഞ ഭാഗങ്ങൾ വല്ലാതെ വേദനിച്ചു.
കറുപ്പെന്നു പറഞ്ഞാൽ
എന്തൊരു കറുപ്പാ…
തൊട്ടെടുത്താൽ
കണ്ണെഴുതാ…
വെളുത്ത പെണ്ണുങ്ങൾക്കിടയിൽ നിന്ന്
കറുത്ത പെണ്ണിനെ
ആരോ കീറിയെടുത്തു
ഓരോരുത്തരായി
മാന്തിപ്പൊളിച്ചു
ഒരുവിധം ഫോട്ടോയിൽ നിന്ന്
പുറത്താക്കി.
മേലാസകലം നീറ്റൽ.
കാറ്റുകൊണ്ടപ്പോൾ
തൊലിപൊളിഞ്ഞ ഭാഗങ്ങൾ
വല്ലാതെ വേദനിച്ചു.
ഫോട്ടോയെടുക്കുന്നതിനു മുമ്പ്
മാറ്റിനിർത്തിയാൽ മതിയായിരുന്നു
കയറിനിന്നപ്പോൾ
ആരും ഒന്നും പറഞ്ഞില്ല.
പ്രിന്റെടുത്ത് െഫ്രയിംചെയ്ത്
ചുമരിൽ തൂക്കുന്നതിനു മുമ്പാണ്
മുറിച്ചുമാറ്റിയത്.
ഉമ്മറത്തും വേദിയിലും
നാലാളു കാണുന്നിടത്തും
എങ്ങനാ…
അകത്തും ആരും കാണാത്തിടത്തും
ആവാലോ…
അതുപോരെ…?
അതുമതിയെന്ന് ചിലർ ഉറക്കെ പറഞ്ഞു.
ചിലർ ഉള്ളിലും…
ചിലരാകട്ടെ അറിഞ്ഞതേയില്ല.
അല്ല… നമ്മളെങ്ങനാ…?
ആലോചിക്കാതെ പറഞ്ഞാൽ മതി.







