National
'മുരാസു' ആന്ധ്ര തീരത്തേക്ക് അടുക്കുന്നു; മുന്‍കരുതലുമായി ഒഡീഷയും
കൊടുങ്കാറ്റ് തീരം കടക്കുന്ന സമയത്ത് മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലും, ചില സമയങ്ങളില്‍ 120 കിലോമീറ്റര്‍ വേഗതയിലും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മുരാസു’ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതേ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്നാട് തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊടുങ്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി, നവംബര്‍ രണ്ടിന് തിങ്കളാഴ്ച രാത്രി വൈകിയോ നവംബര്‍ മൂന്നിന് ചൊവ്വാഴ്ച പുലര്‍ച്ചെയോ ആന്ധ്രാ പ്രദേശിലെ നല്ലൂരിനും നരസാപുരത്തിനും ഇടയില്‍ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച രാവിലെ 11. 30-ന് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍, ചുഴലിക്കാറ്റ് മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറു ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍ നിന്ന് ഏകദേശം 560 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, വിശാഖപട്ടണത്തുനിന്ന് 660 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കായും, നെല്ലൂരില്‍ നിന്ന് 630 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും ആണ് ‘മുരാസു’ സ്ഥിതി ചെയ്യുന്നത്.
കൊടുങ്കാറ്റ് തീരം കടക്കുന്ന സമയത്ത് മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലും, ചില സമയങ്ങളില്‍ 120 കിലോമീറ്റര്‍ വേഗതയിലും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. നവംബര്‍ 2 രാത്രി 11.30-നും നവംബര്‍ 3 പുലര്‍ച്ചെ നാലിനും ഇടയിലുള്ള സമയത്താണ് കൊടുങ്കാറ്റ് തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ആന്ധ്രാപ്രദേശ് തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്ന പശ്ചാത്തലത്തില്‍, കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള തെക്കന്‍ ജില്ലകളില്‍ ഒഡീഷ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
തെക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും അപകടാവസ്ഥയിലുള്ള മലമ്പ്രദേശങ്ങളിലും ഉള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: The severe cyclonic storm Murasu has intensified over the Bay of Bengal and is heading towards the Andhra Pradesh coast. The IMD has issued high alert warnings for heavy rainfall and strong winds up to 120 km/h. Authorities have ramped up precautionary evacuation measures in low-lying vulnerable areas.




