Connect with us

Ongoing News

ആ ഓട്ടം നിലച്ചു; ഏഷ്യന്‍ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗക്ക് വിട

1980കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്നു ഡി വേഗ.

Published

|

Last Updated

മനില | ഏഷ്യന്‍ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ (57) അന്തരിച്ചു. ഫിലിപ്പൈന്‍സിന്റെ അഭിമാന താരമായിരുന്ന ഡി വേഗ നാല് വര്‍ഷത്തോളമായി അര്‍ബുദ ബാധിതയായിരുന്നു. 1980കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്നു അവര്‍. ഡി വേഗ അവരുടെ അവസാന ഓട്ടം പൂര്‍ത്തിയാക്കിയതായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് മാര്‍കോസ് ജൂനിയര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ കായിക രംഗത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇന്ത്യന്‍ അത്‌ലറ്റും നിലവില്‍ എം പിയുമായ പി ടി ഉഷയും ഡി വേഗയും തമ്മില്‍ ട്രാക്കില്‍ നടന്ന പോരാട്ടങ്ങള്‍ ആവേശകരമായിരുന്നു. 1982 ഏഷ്യാ കപ്പില്‍ ഉഷയെ പിന്നിലാക്കിയാണ് ഡി വേഗ സ്വര്‍ണം കരസ്ഥമാക്കിയത്. 87ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 200 മീറ്ററിലും ഉഷയെക്കാള്‍ മുന്നില്‍ ഓടിയെത്തി താരം സ്വര്‍ണം നേടി. അര സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഉഷക്ക് സ്വര്‍ണം നഷ്ടമായത്.

100 മീറ്റര്‍ ഓട്ടത്തില്‍ 11.28 സെക്കന്‍ഡാണ് ഡി വേഗ കുറിച്ച മികച്ച സമയം. 200 മീറ്ററില്‍ 23.35 സെക്കന്‍ഡും. 1987ല്‍ 100 മീറ്ററില്‍ കുറിച്ച 11.28 സെക്കന്‍ഡ് സീ ഗെയിംസില്‍ മറ്റൊരു വനിതാ താരത്തിനും ഇതുവരെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വെറും 17 വയസിലാണ് ഡി വേഗ ഫിലിപ്പൈന്‍സിന്റെ ട്രാക്ക് സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നത്. 1981ലെ മനില സീ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും അവര്‍ സ്വര്‍ണം നേടി. കരിയറില്‍ 15 സ്വര്‍ണമാണ് ലിഡിയ ഡി വേഗ വാരിക്കൂട്ടിയത്. ഇതില്‍ ഒമ്പതെണ്ണം തെക്കു കിഴക്കന്‍ ഏഷ്യന്‍ ഗെയിംസില്‍ നേടിയതാണ്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും താരം സ്വന്തമാക്കി. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഒമ്പത് സ്വര്‍ണവും രണ്ട് വെള്ളിയും നേടി. 1994ല്‍ കായിക രംഗത്തോട് വിട പറഞ്ഞു.

---- facebook comment plugin here -----

Latest