Connect with us

Articles

ആ ഉത്തരവ് വലിയൊരു അനീതിയെ തിരുത്തുന്നുണ്ട്

ജാതി ഉച്ചനീചത്വങ്ങളെ അടയാളപ്പെടുത്തുന്ന, ദളിത്, ആദിവാസി സമൂഹങ്ങളില്‍ നിരന്തരമായി അപകര്‍ഷത ഉത്പാദിപ്പിക്കുന്ന, അവരുടെ അധിവാസ മേഖലകളെ കോളനികളായി പേരിട്ടുവിളിക്കുന്ന നമ്മുടെ തന്നെ ചരിത്രത്തിലെ ഒരനീതിയെയാണ് കേരള സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് അത്യന്തം ശ്ലാഘനീയമായ നടപടിയാണ്.

Published

|

Last Updated

കോളനി വിളി ഇനി വേണ്ട എന്ന ഉത്തരവിറക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ജാതി ഉച്ചനീചത്വങ്ങളെ അടയാളപ്പെടുത്തുന്ന, ദളിത്, ആദിവാസി സമൂഹങ്ങളില്‍ നിരന്തരമായി അപകര്‍ഷത ഉത്പാദിപ്പിക്കുന്ന, അവരുടെ അധിവാസ മേഖലകളെ കോളനികളായി പേരിട്ടുവിളിക്കുന്ന നമ്മുടെ തന്നെ ചരിത്രത്തിലെ ഒരനീതിയെയാണ് കേരള സര്‍ക്കാര്‍ ഈ ഉത്തരവിലൂടെ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് അത്യന്തം ശ്ലാഘനീയമായ നടപടിയാണ്. എല്ലാവിധ വിവേചനങ്ങളെയും സാധൂകരിക്കുന്ന വരേണ്യ അധികാര പ്രയോഗങ്ങളുടേതായ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള എത്രയോ കാലമായി തുടരുന്ന ഈ അനീതി അവസാനിപ്പിക്കാനുള്ള ഭരണ നടപടി വിപ്ലവകരമാണെന്ന് തന്നെ കാണണം.

മഹാത്മാ അയ്യങ്കാളിയുടെ 83ാം സ്മൃതിദിനത്തിലാണ് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗ മന്ത്രാലയം ഇനി മുതല്‍ കോളനികള്‍ എന്ന വിളിപ്പേര് വേണ്ടെന്നുള്ള ഉത്തരവിറക്കിയത്. കോളനികള്‍, ഊര് എന്നതിനു പകരം പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളിലോ പ്രാദേശിക താത്പര്യാനുസരണമുള്ള പേരുകളിലോ നാമകരണം ചെയ്താല്‍ മതിയെന്നാണ് ഉത്തരവ്. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവിവേചനങ്ങളുടെ തുടര്‍ച്ചയിലാണ് ദളിത്, ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ കോളനി, ഊര്, സങ്കേതം എന്നീ പേരുകളില്‍ വിളിച്ചിരുന്നത്. ഈ ചരിത്രപ്രധാന ഉത്തരവ് പുറത്തിറങ്ങിയത് പട്ടികജാതി, പട്ടികവര്‍ഗ മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പാണെന്നതും എടുത്തുപറയേണ്ടതാണ്. ജാതി വിവേചനങ്ങളുടെയും വരേണ്യതയുടെതുമായ നമ്മുടെ പൊതുബോധത്തെ ജനാധിപത്യവത്കരിക്കുന്നതിനുള്ള ഇടപെടല്‍ കൂടിയാണ് ഈ ഉത്തരവെന്ന് കാണണം.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ജാതി, ജന്മി നാടുവാഴിത്ത വ്യവസ്ഥയുടെ ഇരകളായി സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുറന്തള്ളപ്പെട്ടവരായിരുന്നു ദളിത്, ആദിവാസി വിഭാഗങ്ങള്‍. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള കേരള സര്‍ക്കാറിന്റെ വികസന പരിപാടികളുടെ ഭാഗം കൂടിയാണ് ഈ പേരുമാറ്റം. ദളിത് ജനസമൂഹങ്ങളില്‍ അപകര്‍ഷത നിരന്തരമായി ഉത്പാദിപ്പിക്കുന്നതിന് കോളനി വാഴ്ചയുടെ ക്രൂരമായ ഓര്‍മകള്‍ പേറുന്ന കോളനി എന്ന നാമം പ്രധാന പങ്കുവഹിച്ചിരുന്നു. ആധുനിക ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിനും ഇത്തരം വിവേചനങ്ങളെ സ്ഥാപനവത്കരിക്കുന്ന പേരുകളെ അംഗീകരിക്കാനോ അനുവദിക്കാനോ ആകില്ല. അതുകൊണ്ടുതന്നെയാണ് ദളിത്, മര്‍ദിത സമൂഹങ്ങളുടെ വിമോചനത്തിനു വേണ്ടി പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ സ്മൃതിദിനത്തില്‍ തന്നെ ഇങ്ങനെയൊരു ഉത്തരവ് പുറത്തിറങ്ങിയത്.
കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനിടയില്‍ കേരള സര്‍ക്കാര്‍ 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. എന്ന് മാത്രമല്ല ബ്രാഹ്മണാധികാരത്തിന്റെ വിഗ്രഹപ്രതിഷ്ഠയും ശാന്തികര്‍മങ്ങളുമെല്ലാമായി ബന്ധപ്പെട്ട സംസ്‌കൃത പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ദളിത് ശാന്തിക്കാരെ നിയമിക്കുന്ന വിപ്ലവകരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പി എസ് സി മാതൃകയില്‍ സംവരണവും കൊണ്ടുവന്നിട്ടുണ്ട്.

ദേശീയതലത്തില്‍ തൊഴിലിന്റെയും താമസിക്കുന്ന സ്ഥലങ്ങളുടെയും എല്ലാം പേരില്‍ ദളിതുകള്‍ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഈ നടപടികള്‍ പ്രധാനമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ദളിതുകള്‍ തോട്ടിപ്പണി ചെയ്യേണ്ടവരാണെന്നും അതവരുടെ ധര്‍മശാസ്ത്ര വിധിയനുസരിച്ചുള്ള ഉത്തരവാദിത്വമാണെന്നും യാതൊരുവിധ ജനാധിപത്യബോധവുമില്ലാതെ വിളിച്ചുപറയുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ദളിതുകളുടെ അധമാവസ്ഥയും അവര്‍ തോട്ടിപ്പണി പോലുള്ള ജോലികള്‍ ചെയ്യുന്നതും ധര്‍മശാസ്ത്ര വിധിയനുസരിച്ചാണെന്നാണ് ഹിന്ദുത്വവാദികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മോദിയുടെ വാക്കുകള്‍ നോക്കൂ; “സ്വന്തം ജീവിതം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് അവര്‍ ഈ ജോലികള്‍ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ തലമുറകളായി അവര്‍ ഇത്തരം ജോലികള്‍ ചെയ്യുമായിരുന്നില്ല. എതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാകണം. ദൈവം അവരില്‍ അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്’. ദളിതര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന തോട്ടിപ്പണി ഉള്‍പ്പെടെയുള്ള എല്ലാ പ്രവൃത്തികളെയും ദൈവ ഇച്ഛയാണെന്ന് പറഞ്ഞ് സാധൂകരിക്കുകയാണ് മോദി ഈ വാക്കുകളിലൂടെ ചെയ്യുന്നത്.

ജാതിക്കും മതത്തിനുമൊക്കെ അതീതമായി എല്ലാ ആളുകള്‍ക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. മനുഷ്യന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടുമ്പോഴാണ് നാമൊരു ആധുനിക ജനാധിപത്യ സമൂഹമായി മാറുന്നത്. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ ഒരാളെയും താഴ്ത്തിക്കെട്ടാനോ അപമാനിക്കാനോ പാടില്ലെന്നുള്ളതാണ് മതനിരപേക്ഷതയിലധിഷ്ഠിതമായ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ. ആര്‍ട്ടിക്കിള്‍ 14 എല്ലാവിധ വിവേചനങ്ങളെയും നിരോധിക്കുകയും നിയമപരമായ കുറ്റമായി കാണുകയും ചെയ്യുന്നു.
ഈ തിരിച്ചറിവാണ് ഇന്നേറ്റവും പ്രധാനമായും ഉണ്ടാകേണ്ടത്. ജാതി ഉച്ചനീചത്വങ്ങളെ സാധൂകരിക്കുകയും അതിനെ കൂടുതല്‍ ക്രൂരമായ മാനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന ധര്‍മശാസ്ത്രങ്ങളുടെയും സവര്‍ണ രാഷ്ട്രീയാധികാര പ്രയോഗങ്ങളുടെയും ഭീഷണിയെ പ്രതിരോധിച്ചുകൊണ്ടേ എല്ലാവരെയും തുല്യരായി കാണുന്ന രാഷ്ട്രീയ സംസ്‌കാരത്തെ വികസിപ്പിച്ചെടുക്കാനാകൂ. ശൂദ്രരെയും സ്ത്രീകളെയും നീച ജന്മങ്ങളായി കാണുന്ന നിലപാടാണ് സവര്‍ക്കര്‍ മുതലുള്ള ബ്രാഹ്ണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര വാദികള്‍ക്കുള്ളത്. വര്‍ണാശ്രമ ധര്‍മങ്ങളെ നിരന്തരമായി ന്യായീകരിക്കുന്ന നിലപാടാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറുമൊക്കെ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രീയം. മോദി സര്‍ക്കാറിനെതിരായ മതനിരപേക്ഷ പ്രതിരോധങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരായ ഇടപെടലുകള്‍ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.

മനുസ്മൃതിയും അത് മുന്നോട്ടുവെക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയുമാണ് ഇന്ത്യന്‍ സമൂഹത്തില്‍ ജാതി ഉച്ചനീചത്വങ്ങളെ ദൃഢീകരിച്ചെടുത്തത്. ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ അനുവാദമില്ലാത്തവരായിട്ടാണ് മനുസ്മൃതി ത്രൈവര്‍ണികര്‍ക്ക് താഴെയുള്ള ശൂദ്രരെയും പഞ്ചമരെയും കാണുന്നത്. ഈയൊരു ബ്രാഹ്മണ്യ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിയുടെ പേരിലുള്ള വിവേചന ഭീകരതയുടെ അടിസ്ഥാനമായി നില്‍ക്കുന്നത്. അതിനെതിരായ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ സമരം അതിന്റെ പ്രാധാന്യത്തോടെ തന്നെ മതനിരപേക്ഷ ശക്തികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

Latest