Connect with us

Articles

ഒരു ബാബരിയില്‍ അവസാനിക്കില്ലെന്ന്

അസംബന്ധ ന്യായങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവില്‍ കാശിയിലെ ഗ്യാന്‍വാപി പള്ളിയാണ് വര്‍ത്തമാന ഇന്ത്യയുടെ ദുരവസ്ഥ പേറിനില്‍ക്കുന്നത്. ബാബരി കാലത്തെ എല്ലാ ദുരിതങ്ങളും ഈ രാജ്യം ഇനിയും പലതവണ അനുഭവിക്കേണ്ടി വരുമെന്നാണോ ഭരിക്കുന്നവരും ഇവിടുത്തെ രാഷ്ട്രീയവും നിനക്കുന്നത്? മന്ദിര്‍ രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഈ നാടിനെ ആരാണ് മോചിപ്പിക്കുക?

Published

|

Last Updated

മസ്ജിദും ക്ഷേത്രവും ചര്‍ച്ചും ഒരുമിച്ച ഒരുസ്ഥലത്ത് നില്‍ക്കുന്ന കാഴ്ച കണ്‍കുളിര്‍മയുള്ളതായിരുന്ന, ഇന്ത്യയുടെ പ്രതീകമെന്ന് പുകള്‍ പറയപ്പെട്ടിരുന്ന ഒരുകാലം അകന്നുപോയിരിക്കുന്നു. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അത്തരം കാഴ്ചകള്‍ സാമുദായിക സംഘര്‍ഷങ്ങളുടെ കാരണങ്ങളായിത്തീരുന്നു. ഒറ്റത്തവണ കേള്‍ക്കുമ്പോള്‍ തന്നെ അസംബന്ധമെന്ന് പറയാന്‍ കഴിയുന്ന ന്യായങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവില്‍ കാശിയിലെ ഗ്യാന്‍വാപി പള്ളിയാണ് വര്‍ത്തമാന ഇന്ത്യയുടെ ദുരവസ്ഥ പേറിനില്‍ക്കുന്നത്. ഇനി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വാദം കനക്കാന്‍ പോകുന്നു. ഇതുപോലെ അനേകം മസ്ജിദുകള്‍ ഭീഷണി നിഴലിലാണ്.

കാശി എന്നത് വാരാണസിയുടെ പഴയ പേരാണ്. ഇപ്പോഴും രണ്ട് പേരുകളും ഒരുപോലെ ഉപയോഗിക്കപ്പെടുന്നുമുണ്ട്. നരേന്ദ്ര മോദി ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ഈ ക്ഷേത്രനഗരം ഹിന്ദു ആത്മീയ സങ്കല്‍പ്പങ്ങള്‍ക്ക് ഏറെ സ്ഥാനമുള്ള ഒരിടമാണ്. ഇവിടുത്തെ കാശി വിശ്വനാഥ ക്ഷേത്രവും ഇടനാഴിയും ഗംഗാ തീരം വരെ സംയോജിപ്പിക്കുന്ന ബൃഹത് പദ്ധതി ഏകദേശം തൊള്ളായിരം കോടി രൂപയുടെ അടുത്ത് മൂല്യമുള്ളതായിരുന്നു. നാല്‍പ്പതോളം പുരാതന ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ച പദ്ധതി വലിയ ആഘോഷത്തോടെയാണ് ഈയടുത്ത് മോദി ഉദ്ഘാടനം ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജക്ക് ശേഷം ഇങ്ങനെയൊരു മഹാമഹം ബി ജെ പിക്കും മോദിക്കും വളരെ അത്യാവശ്യമായിരുന്നു താനും. പുനരുദ്ധരിക്കപ്പെട്ട കാശി ഇടനാഴി രാജ്യത്തെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളും ഹിന്ദുത്വവാദികളും ആഘോഷിക്കവെ പദ്ധതിയോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് ഒറ്റപ്പെട്ട് നില്‍ക്കുന്ന, ഹിന്ദു മതത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, നീക്കം ചെയ്യപ്പെടേണ്ട ഒരെടുപ്പായി ഹിന്ദുത്വര്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പള്ളിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് ലോകത്തിന് തന്നെ മഹത്തായ ഒരു സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നല്‍കാനുള്ള അവസരമാണ് സ്വാഭാവികമായും മോദി നഷ്ടപ്പെടുത്തിയത്. അതില്‍ അതിശയിക്കാനൊന്നുമില്ല; അതവരുടെ ശീലമല്ലല്ലോ.

വാരാണസി മണ്ഡലത്തിലെ മോദി പ്രഭാവവും ബി ജെ പി സ്വാധീനവും ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും അയോധ്യക്ക് പുറമെ സംഘ്പരിവാരത്തിന് വരാനിരിക്കുന്ന അനേകം തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കേണ്ടതുമാണെന്ന് ഉറച്ച ധാരണ അവര്‍ക്കുണ്ട്. വാരാണസിയിലെ വിവിധ കോളജുകളില്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി സംഘടന എന്‍ എസ് യു ഐ യൂനിയനുകള്‍ ജയിച്ചതടക്കം പ്രതിപക്ഷ കക്ഷികള്‍ ക്ഷേത്ര നഗരത്തില്‍ വേരുറപ്പിക്കുന്നത് ബി ജെ പിക്ക് വലിയ ആശങ്കയുള്ള കാര്യമായിരുന്നു. അങ്ങനെയൊരു സാഹചര്യം ബി ജെ പിക്ക് അനുകൂലമാക്കുക എന്നതും കാശി ഇടനാഴിയുടെ വികസനത്തിലൂടെ മോദി ലക്ഷ്യം വെച്ചതാണ്.

ഗ്യാന്‍വാപി മസ്ജിദിന്റെ താഴെ കാശി വിശ്വനാഥ ക്ഷേത്രമാണ് എന്ന വാദം ശക്തമാകുകയും പ്രാദേശിക കോടതികള്‍ വീഡിയോ സര്‍വേ നടത്താന്‍ പരാതിക്കാര്‍ക്ക് അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു. അങ്ങനെയൊരു സര്‍വേയില്‍ മുസ്ലിംകള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയില്‍ (വുദു ഖാന) ഫൗണ്ടെയ്ന്‍ കണ്ട് അത് ശിവലിംഗമാണെന്ന് പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഹിന്ദി-ഇംഗ്ലീഷ് വാര്‍ത്താ മാധ്യമങ്ങളാകട്ടെ വളരെ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് ഈ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ. കാശിയിലെ ഗ്യാന്‍വാപി പള്ളിക്കെതിരെയുള്ള പരാതിയോടൊപ്പം താജ്മഹല്‍, മഥുര വിഷയങ്ങളും ചേര്‍ത്ത് ആഘോഷപൂര്‍വമുള്ള പ്രചരണങ്ങളാണ് സ്‌ക്രീനുകളില്‍ കൊഴുക്കുന്നത്. ഇതില്‍ താജ്മഹല്‍ വിഷയത്തിലുള്ള കോടതിയുടെ രൂക്ഷമായ വിമര്‍ശനവും ഹിന്ദുത്വവാദികള്‍ ശകാരം കേട്ടതുമൊന്നും മാധ്യമങ്ങള്‍ അറിഞ്ഞേയില്ലെന്ന് തോന്നിപ്പോകും ചിലപ്പോഴൊക്കെ.

ഗ്യാന്‍വാപിക്കകത്ത് കണ്ട ഫൗണ്ടെയ്ന്‍ ശിവലിംഗമാണെന്ന് സ്ഥാപിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍ എളുപ്പമാണ്. നൂറ്റാണ്ട് പഴക്കമുള്ള ഒരു നിര്‍മിതി എന്ന നിലക്ക് ഓരോ പക്ഷത്തിനും അവരുടെ ഭാഗം വാദിക്കാം. പുതിയൊരു വിഗ്രഹം ഒരു പള്ളിക്കകത്ത് കൊണ്ടുവന്നുവെച്ചാല്‍ പോലും ക്ഷേത്രത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കും. സ്വയം ഭൂവായതെന്ന് പറഞ്ഞാല്‍ മതിയല്ലോ; അംഗീകരിക്കേണ്ടി വരും. (1993ല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉപയോഗശൂന്യമായി അവിടുത്തെ പാര്‍ക്കില്‍ തള്ളിയ ഒരു ട്രാഫിക് ബാരിക്കേഡിന് ശിവലിംഗത്തിന്റെ രൂപമുണ്ടെന്ന് പറഞ്ഞ് ആരാധന തുടങ്ങുകയും പിന്നീട് ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കില്‍ ഒരമ്പലം വേണമെന്ന് ആവശ്യമുയരുകയും ചെയ്ത സംഭവമുണ്ട്. അവിടുത്തെ അധികൃതര്‍ ആ ആവശ്യം നിരാകരിച്ചു. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പരിണതി എന്താകുമായിരുന്നു എന്നാലോചിച്ചു നോക്കൂ.) ഒരുകാലത്ത് രാഷ്ട്രീയ കാരണങ്ങളാല്‍ തകര്‍ക്കപ്പെടുകയോ സ്ഥാപിക്കപ്പെടുകയോ ചെയ്ത എടുപ്പുകളുടെ പേരില്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം രാഷ്ട്രീയ കലഹങ്ങളും സാമുദായികമായ അസ്വസ്ഥതയും സൃഷ്ടിക്കുന്നത് അപക്വമാണ് എന്ന് മനസ്സിലാക്കാന്‍ പലരും തയ്യാറാകുന്നില്ല.

ഇങ്ങനെയൊരു സാഹചര്യത്തില്‍ മുഖവിലക്കെടുക്കേണ്ട നിയമ നിര്‍മാണമാണ് 1991ലെ ആരാധനാലയ നിയമം. 1947 ആഗസ്റ്റ് 15ന് ഒരു ആരാധനാലയ കെട്ടിടത്തിന്റെ മതകീയ സാഹചര്യം ഏതുപോലെയായിരുന്നോ അതുപോലെ നിലനിര്‍ത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്. രാജ്യത്തുണ്ടായേക്കാവുന്ന അനേകം തര്‍ക്കങ്ങള്‍ക്ക് ഒറ്റ പ്രതിവിധി എന്ന നിലക്ക് ഉപയോഗിക്കാവുന്ന ഒരു നിയമം നോക്കുകുത്തിയായി മാറുന്നത് ഭൂഷണമല്ല. വിഭജന കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ തന്നെ ഇന്ത്യയിലും ഇന്ത്യക്കപ്പുറത്തും പള്ളികള്‍ ക്ഷേത്രങ്ങളോ ഗുരുദ്വാരകളോ ആയി പരിവര്‍ത്തിതപ്പെടുകയും ക്ഷേത്രങ്ങളും ഗുരുദ്വാരകളും പള്ളികളാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വളരെ പുരാതനമായ അനവധി ബുദ്ധ-ജൈന ക്ഷേത്രങ്ങള്‍ ഭക്തി പ്രസ്ഥാനങ്ങളുടെ സ്വാധീനഫലമായും തുടര്‍ന്നുവന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാലും ഹൈന്ദവ ക്ഷേത്രങ്ങളായും മാറിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവരുടെ പ്രാചീന ഗോത്ര ക്ഷേത്രങ്ങളും പിന്നീട് ഹൈന്ദവ ആരാധനാലയങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും പല സമയങ്ങളായി പല കാരണങ്ങളാല്‍ നടന്നിട്ടുള്ള സ്വാഭാവിക മാറ്റങ്ങളാണ്. എന്നാല്‍ പരമാധികാര ദേശ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ ജനാധിപത്യപരവും മതനിരപേക്ഷപരവുമായി നിലവില്‍ വന്നതിന് ശേഷം അത്തരം മാറ്റങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി പരിഷ്‌കൃത സമൂഹങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ആര്‍ക്കെങ്കിലുമൊക്കെ ഗുണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വലിയ അളവിലുള്ള മുറിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഈ വിഷയത്തില്‍ നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം മാത്രമല്ല നീതിപീഠങ്ങളും അമ്പേ പരാജയപ്പെടുകയാണ് എന്നതാണ് നിരാശാജനകമായ വസ്തുത. ഗ്യാന്‍വാപി തര്‍ക്കത്തില്‍ പ്രാദേശിക കോടതികള്‍ സര്‍വേ അനുവദിച്ചതു മുതല്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദം തുടര്‍ പഠനങ്ങള്‍ക്കോ മറ്റു ശാസ്ത്രീയ പരിശോധനകള്‍ക്കോ വിധേയമാക്കും മുന്നേ ഒരു വിഭാഗത്തിന് അനുകൂലമാകും വിധം വിധിയുണ്ടാക്കുന്നതും മുസ്ലിംകള്‍ക്ക് പള്ളി വിലക്കുന്നതും അങ്ങേയറ്റം സങ്കടകരമാണ്. സുപ്രീം കോടതി മുസ്ലിംകളെ പള്ളിക്കകത്ത് വിലക്കരുതെന്ന് പറഞ്ഞെങ്കിലും ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കണമെന്ന് പറയുകയാണ് ചെയ്തത്. വുദു ഖാനയിലെ ഫൗണ്ടെയ്ന്‍ ശിവലിംഗമാണെന്ന രൂപത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ആവര്‍ത്തിച്ചു പരാമര്‍ശിക്കവെ ”ശിവലിംഗമെന്ന് പറയപ്പെടുന്ന” എന്ന് കോടതിയെ അഭിഭാഷകന്‍ ഹുസേഫ അഹ്‌മദി തിരുത്തിയത് ശ്രദ്ധേയമായി. സൂക്ഷ്മമായ പ്രസ്താവനകളും വിധിയിലെ പരാമര്‍ശങ്ങളും വരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങളായി മാറുമെന്ന അനുഭവം നമുക്കുണ്ടല്ലോ. അതുപോലെ ബാബരി വിധി എഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെയാണ് ഈ തര്‍ക്കവും കേള്‍ക്കുന്നത് എന്ന കാര്യം ഇതൊക്കെ എവിടെ ചെന്നുനില്‍ക്കും എന്നതിന്റെ സൂചനയാണെന്ന് പറഞ്ഞാല്‍ അടിസ്ഥാനമില്ലാത്ത മുന്‍ധാരണയായി കണക്കാക്കാന്‍ കഴിയില്ലല്ലോ.

ബാബരി-അയോധ്യ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി ഒരു വീതംവെപ്പിന് ശ്രമിച്ചപ്പോള്‍ സുപ്രീം കോടതി ചെയ്തത് മുസ്ലിംകള്‍ക്ക് നീതി നിഷേധിക്കലായിരുന്നു. ഐതിഹ്യങ്ങളും തോന്നലുകളും ഇല്ലാക്കഥകളുടെ പേരിലുള്ള അനുമാനങ്ങളും അകമ്പടിയാക്കി, ഭൂരിപക്ഷ വൈകാരികതയെ കണക്കിലെടുത്ത് (പേടിച്ചോ) പുറപ്പെടുവിച്ച വിധിയായിരുന്നു അത്. നിരാശ നിറഞ്ഞതെങ്കിലും മുസ്ലിം ലോകം അത് ഉള്‍ക്കൊണ്ടതിന്റെ പേരില്‍ വീണ്ടും വീണ്ടും പരീക്ഷണത്തിന് മുതിരുകയാണോ നീതിപീഠം എന്ന് ചോദിക്കാതെ വയ്യ. പതിറ്റാണ്ട് കാലത്തെ അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഒടുങ്ങട്ടെ എന്ന ഒത്തുതീര്‍പ്പ് മനസ്സ് മുസ്ലിംകള്‍ക്ക് ഉണ്ടായി. എന്നാല്‍ അത്തരം വിട്ടുവീഴ്ചകള്‍ മുസ്ലിംകളുടെ മാത്രം ബാധ്യതയാണ് എന്ന രീതി ഇന്ത്യ പോലെ ഒരു രാജ്യത്തിന് ഒട്ടും ചേരുന്നതല്ലല്ലോ. ബാബരി മസ്ജിദ് വിധി വരുമ്പോള്‍ മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവിച്ചിരുന്നു. എന്നാല്‍ കുറ്റാരോപിതര്‍ക്ക് വിലങ്ങും ജയിലുമല്ല, സ്വാതന്ത്ര്യമാണ് പിന്നീട് ലക്‌നോവിലെ പ്രത്യേക കോടതിവിധി ഉറപ്പാക്കിയത്. ലോകം മുഴുവന്‍ കണ്ട ഒരതിക്രമം നടന്നിട്ടേയില്ലെന്ന് കോടതി സ്ഥാപിക്കും പോലെയായി ഫലത്തില്‍ ആ വിധി!

ന്യായവും നിയമവുമല്ല ഇന്ത്യയിലെ കോടതികളുടെ അവലംബപുസ്തകം സംഘ വർഗ്ഗീയതയുടെ വൈകാരികതയാണോ എന്ന ആശങ്ക സാധൂകരിക്കപെടുന്ന നേരത്ത്, ന്യൂനപക്ഷങ്ങൾക്ക് ഗതികേടാണ് എന്ന് ആഭ്യന്തര മന്ത്രി ലോക്സഭയിൽ കണക്കുപറഞ്ഞ പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ചരിത്രപരമായ ഒരു വിധിവന്നു. ക്ഷേത്രം തകർത്ത ഇരുപത്തിരണ്ട് ആളുകൾക്ക് അഞ്ചുവർഷം വീതം തടവ് ശിക്ഷ (ഇന്ത്യയിലെ നീതി നിഷേധങ്ങൾക്ക് പാകിസ്ഥാനിലെ ഒരു സംഭവവും മുൻനിർത്തി ഏതെങ്കിലും തരത്തിലുള്ള താരതമ്യം യുക്തിഭദ്രമല്ല എന്നറിയാം. അത്രമേൽ അരക്ഷിതമായ രാഷ്ട്രീയവും സാമൂഹികതയും അവിടെയുണ്ടാകാം. എങ്കിലും ഒറ്റപ്പെട്ട ഈ വിധി നമുക്ക് പഠിക്കാനുള്ള വക നൽകുന്നതാണ് എന്നുതോന്നുന്നു).

ഭരണകൂടങ്ങള്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് ഉപദേശിക്കുന്ന കോടതി അവരുടെ തുടര്‍ച്ചയായ ലംഘനങ്ങളെ കാണാതെ പോകരുത്. കാരണം നിരന്തരം അപമാനിതരാകുന്ന നീതി നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ അവശേഷിക്കുന്ന ആലംബമാണ് കോടതികള്‍. അത് നീതിപീഠങ്ങളും ന്യായാധിപന്മാരും മറന്നുപോകരുത്. ബാബരി വിധി വന്ന നാളുകളില്‍ സമാനമായ തര്‍ക്കങ്ങളില്‍ ഇനി ഹിന്ദുത്വര്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കരുതെന്ന മുസ്ലിം സമുദായത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല, മഥുര അടക്കമുള്ള വിഷയങ്ങളില്‍ കച്ചകെട്ടിയിറങ്ങുകയാണ് അവര്‍ ചെയ്യുന്നത്. ബാബരി കാലത്തെ എല്ലാ ദുരിതങ്ങളും ഈ രാജ്യം ഇനിയും പലതവണ അനുഭവിക്കേണ്ടി വരുമെന്നാണോ ഭരിക്കുന്നവരും ഇവിടുത്തെ രാഷ്ട്രീയവും നിനക്കുന്നത്? മന്ദിര്‍ രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഈ നാടിനെ ആരാണ് മോചിപ്പിക്കുക?

 

Latest