തെളിയോളം
ഒരു ശതമാനം മാറ്റത്തിനുള്ള ആ തീരുമാനം
മാറ്റം ഒരു നേരിയ രേഖയായി നടക്കില്ല. വീഴ്ചകളും തിരിച്ചടികളും ഉണ്ടാകും. എന്നാൽ അതുകൊണ്ട് തന്നെ നമ്മൾ നിർത്തേണ്ടതില്ല. ഒരു ദിവസം നിങ്ങൾ നിങ്ങളുടെ ശീലം പാലിക്കാനായില്ലെങ്കിൽ, അതിനെ പരാജയമായി കാണരുത്. അത് ഒരു ചെറിയ തടസ്സം മാത്രമാണ്. "നിങ്ങൾ എത്ര പതുക്കെ പോകുന്നു എന്നത് പ്രശ്നമല്ല; നിങ്ങൾ നിർത്താതിരിക്കണം എന്നതാണ് പ്രധാനം' എന്ന വചനം ചിന്തനീയമാണ്.
“മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരായിരിക്കുന്നതിൽ മേന്മയൊന്നുമില്ല; ഇപ്പോഴുള്ള നമ്മേക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട നമ്മളായിത്തീരുക എന്നതിലാണ് യഥാർഥ കുലീനത’ എന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ പ്രശസ്തമായ ഒരു വചനമുണ്ട്. മാറണം എന്ന് ഉറച്ചുകൊതിക്കുന്നവർ പോലും സ്വയം പുതുക്കലിന് പകരം തനിക്ക് പുറത്തുള്ള പലതരം ആളുകളുമായും സാഹചര്യങ്ങളുമായുമുള്ള താരതമ്യങ്ങളിലൂടെയാണ് വളർച്ചക്ക് ശ്രമിക്കുന്നത്. മാറ്റം എന്നത് നമുക്കുള്ളിൽ ചുമ്മാ തെളിയുന്ന ഒരു സ്വപ്നമല്ല; അത് ശരിയാംവിധം നമ്മെ വളർത്തുന്ന ഒരു പരീക്ഷാമുറിയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും മാറ്റത്തിന് ശ്രമിച്ചിട്ടില്ലാത്ത ആരും ഉണ്ടാകില്ല.
ആരോഗ്യകരമായി ജീവിക്കാൻ, ചെലവുകൾ നിയന്ത്രിക്കാൻ, നല്ല ശീലങ്ങൾ തുടങ്ങാൻ… ഇങ്ങനെ പല തവണ മാറാൻ തീരുമാനിച്ച് കുറച്ച് മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ കഴിയുമ്പോൾ പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോകുന്ന അനുഭവം ഏറെക്കുറെ എല്ലാവർക്കും ഉണ്ടാകും. പലരും അത് സ്വന്തം ബലഹീനതയായിട്ടാണ് കരുതുന്നത്. എന്നാൽ സത്യം മറ്റൊന്നാണ്: മാർഗത്തിൽ നിന്നുള്ള പിന്മാറ്റം ഒരു പഠനമാണ്. ശീലം മാറ്റുക എന്നത് ഒരു തീരുമാനം മാത്രമല്ല – ഒരു സംവിധാനം സൃഷ്ടിക്കലാണ് എന്നറിയണം. മാറ്റം ഒരിക്കലും അത്ര എളുപ്പമുള്ള കാര്യമല്ല. അത് മനസ്സിന്റെ പുനഃക്രമീകരണവും ജീവിതത്തിന്റെ പുനർനിർമാണവും ആവശ്യപ്പെടുന്ന ഒരു വിശാല പ്രക്രിയയാണ്.
മാറ്റത്തിന്റെ യഥാർഥ തുടക്കം ആത്മബോധത്തിലാണ്. നമ്മളെ പിന്നോട്ട് വലിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കറിയാം. പക്ഷേ, അതിനെ മറികടക്കാൻ നമ്മൾ തയ്യാറാകാറില്ല എന്നതാണ് പ്രശ്നം. ഓരോ ശീലത്തിനും പിന്നിൽ ഒരു ആവശ്യകതയുണ്ടാകും. ഒരാൾ രാത്രി വളരെ വൈകുവോളം സോഷ്യൽ മീഡിയയിൽ ചെലവിടുന്നത് ജോലി സമ്മർദത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനായിരിക്കാം. ഒരു കുട്ടി ഗെയിമിൽ മുഴുകുന്നത് ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പെടാനാകാം. തെറ്റായ ശീലങ്ങളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്, അതിന്റെ പിന്നിലെ കാരണം മനസ്സിലാക്കണം. “ഇത് എനിക്ക് ഉപകാരപ്പെടുന്നില്ല’ എന്ന് തിരിച്ചറിയുന്ന നിമിഷമാണ് യഥാർഥ മാറ്റത്തിന്റെ തുടക്കം. ഒരേസമയം ഒട്ടേറെ മാറ്റങ്ങൾക്ക് ഒന്നിച്ചു ശ്രമിക്കുന്നത് പലപ്പോഴും പരാജയത്തിലേക്ക് നയിക്കുന്നു. ചെറിയ മാറ്റങ്ങൾക്കേ സ്ഥിരത ഉണ്ടാവുകയുള്ളു. ദിവസേന 1% മാറ്റം വരുത്തിയാൽ, അത് കാലക്രമേണ വലിയ മാറ്റങ്ങളായി മാറും.
“ചെറിയ കാര്യങ്ങളുടെ സമാഹാരമാണ് വലിയ നേട്ടങ്ങൾ’ എന്ന വചനം വളരെ പ്രസക്തമാണ്. മാറ്റത്തിന് പിന്നിലെ കാരണമാണ് അത് എത്രമാത്രം നീണ്ടുനിൽക്കും എന്നത് നിശ്ചയിക്കുന്നത്. മറ്റുള്ളവരുടെ സമ്മർദം കൊണ്ടുള്ള മാറ്റം ദീർഘകാലം നിലനിൽക്കില്ല. എന്നാൽ അവനവന്റെ ഉള്ളിൽ നിന്നുള്ള ആഗ്രഹമാണ് മാറ്റത്തിന് അടിസ്ഥാനമെങ്കിൽ, അത് ശക്തമായിരിക്കും. “ഞാൻ ശ്രമിക്കുന്നു’ എന്നതിൽ നിന്ന് “ഞാൻ അങ്ങനെ ചെയ്യുന്ന ആളാണ്’ എന്നായി മാറുമ്പോൾ, പെരുമാറ്റം സ്വാഭാവികത കൈവരും. “ഞാൻ പുസ്തകം വായിക്കുന്ന ആളാണ്’, “ഞാൻ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ആളാണ്’ എന്ന തിരിച്ചറിവുകൾ നമ്മെ സ്വയം രൂപപ്പെടുത്തുന്നു.
ഇവിടെ സ്വയം കാരുണ്യവും അത്യന്തം പ്രധാനമാണ്. മാറ്റം ഒരു നേരിയ രേഖയായി നടക്കില്ല. വീഴ്ചകളും തിരിച്ചടികളും ഉണ്ടാകും. എന്നാൽ അതുകൊണ്ട് തന്നെ നമ്മൾ നിർത്തേണ്ടതില്ല. ഒരു ദിവസം നിങ്ങൾ നിങ്ങളുടെ ശീലം പാലിക്കാനായില്ലെങ്കിൽ, അതിനെ പരാജയമായി കാണരുത്. അത് ഒരു ചെറിയ തടസ്സം മാത്രമാണ്. “നിങ്ങൾ എത്ര പതുക്കെ പോകുന്നു എന്നത് പ്രശ്നമല്ല; നിങ്ങൾ നിർത്താതിരിക്കണം എന്നതാണ് പ്രധാനം’ എന്ന വചനം ചിന്തനീയമാണ്. കുട്ടിപ്രായത്തിൽ നാം സൈക്കിൾ ചവിട്ടാൻ പഠിക്കുമ്പോൾ, ഓരോ ചെറിയ പുരോഗതിയും നമ്മെ വലിയ ആത്മവിശ്വാസത്തിലേക്ക് നയിച്ചിരുന്നു. ഓരോ ചെറിയ മാറ്റവും നമ്മെ ആ ഭാവിയിലേക്ക് അടുത്തുകൊണ്ടുപോകുന്നു.
ഒരു ചെറിയ തീരുമാനം – ഒരു പേജ് വായിക്കുക, 10 മിനുട്ട് നടക്കുക, കുറച്ച് സമയം ഫോൺ മാറ്റിവെക്കുക – ഇവയാണ് നാളത്തെ നിങ്ങളെ രൂപപ്പെടുത്തുന്നത്. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവൃത്തികളും, പ്രവൃത്തികൾ ശീലങ്ങളും, ശീലങ്ങൾ സ്വഭാവവും, സ്വഭാവം വിധിയുമായി മാറുന്നു എന്നതൊരു വളരെ പ്രചാരമുള്ള ആപ്തവാക്യമാണ്. ഓർക്കുക, മാറ്റം ഒരു വലിയ സംഭവമല്ല; അത് ദിവസേന ഉണ്ടാകുന്ന ചെറിയ തീരുമാനങ്ങളുടെ സമാഹാരമാണ്. അതുകൊണ്ട്, വലിയ മാറ്റങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. ഇന്ന് ഒരു ചെറിയ മാറ്റം തിരഞ്ഞെടുക്കുക. അത് ശാന്തമായി, എന്നാൽ ശക്തമായി, നിങ്ങളുടെ ജീവിതത്തെ മാറ്റിത്തുടങ്ങും.





