Ongoing News
കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു
നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതിനാല്‍ എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി.
പത്തനംതിട്ട | കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കോന്നി കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇന്നലെ കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പത്ത് പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വകയാര്‍ സ്വദേശികളായ തോമസ് വര്‍ഗ്ഗീസ് (69), ജിത്തു മിനീ വര്‍ഗീസ്(21), കലഞ്ഞൂര്‍ സ്വദേശി ജ്യോതികുമാര്‍(57), കോന്നി സ്വദേശികളായ അനില്‍കുമാര്‍(59), കലഞ്ഞൂര്‍ സ്വദേശി വൈഗ(13) ഇതര സംസ്ഥാന തൊഴിലാളി അജാസ് റഹ്മാന്‍(50), കലഞ്ഞൂര്‍ സ്വദേശി രാജന്‍, അതിരുങ്കല്‍ രാധ(62) അതിരുങ്കല്‍ കൂടല്‍ സ്വദേശികളായ സിദ്ധാര്‍ത്ഥ് വിനോദ് (21) പത്തനംതിട്ട സ്വദേശി ദേവൂട്ടി എന്നിവരാണ് പട്ടിയുടെ കടിയേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതിനാല്‍ എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി.