National
വാടകക്കെടുത്ത ആഡംബര കാറുമായി കൗമാരക്കാരന്റെ മരണപ്പാച്ചിൽ; മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ ഉമാശങ്കര്‍ (45) ആണ് മരിച്ചത്
ന്യൂഡല്‍ഹി | സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ പതിനേഴുകാരന്‍ ആപ്പ് വഴി 16,000 രൂപക്ക് വാടകക്കെടുത്ത ഓഡി കാറിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കൗമാരക്കാരന്‍ ഓടിച്ച ഓഡി കാര്‍ മൂന്ന് വാഹനങ്ങളെയും ഒരു കാല്‍നടയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ പിന്നീട് മരിച്ചു. ഉമാശങ്കര്‍ (45) ആണ് മരിച്ചത്.
സംഭവത്തില്‍ വാഹനം ഓടിച്ച കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അപകടമുണ്ടാക്കിയ ആഡംബര കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായ കുട്ടിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് കാര്‍ വാടകക്ക് നല്‍കിയ കമ്പനിക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനം കൈമാറുന്നതിന് മുമ്പ് കമ്പനി ആവശ്യമായ രേഖകളോ പരിശോധനകളോ നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് ഓഡി കാറില്‍ മറ്റ് ചിലരും ഉണ്ടായിരുന്നതായി വിവരമുണ്ട്. ഇവര്‍ ആരൊക്കെയെന്നും ഇവരുടെ പ്രായം എത്രയാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.




