National
സാങ്കേതിക പ്രശ്‌നം; അഗ്നികുല്‍ കോസ്‌മോസ് റോക്കറ്റ് വിക്ഷേപണം മൂന്നാം തവണയും മാറ്റി
വിക്ഷേപണം ഇനി എന്നുണ്ടാകുമെന്നതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ചെന്നൈ | സാങ്കേതിക കാരണങ്ങളാല്‍ സെമി ക്രയോജനിക് എന്‍ജിന്‍ റോക്കറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ച് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ടെക് കമ്പനി അഗ്നികുല്‍ കോസ്‌മോസ്. ഇത് മൂന്നാം തവണയാണ് അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ വിക്ഷേപണം മാറ്റിവെക്കുന്നത്.
കഴിഞ്ഞ മാസം 22നായിരുന്നു ആദ്യം വിക്ഷേപണത്തിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യത്താന്‍ ഏപ്രില്‍ ആറിലേക്ക് മാറ്റി. എന്നാല്‍ ഇതും നടക്കാതെ പോയി. ഇന്നത്തേക്ക് മാറ്റിവച്ചിരുന്ന വിക്ഷേപണവും റദ്ദാക്കേണ്ട സ്ഥിതിയുണ്ടാവുകയായിരുന്നു. വിക്ഷേപണം ഇനി എന്നുണ്ടാകുമെന്നതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ ആദ്യ സെമി ക്രയോജെനിക് റോക്കറ്റാണ് ഇത്. പൂര്‍ണമായും തദ്ദേശീയമായാണ് റോക്കറ്റിന്റെ നിര്‍മാണം. ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ് അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍.
ലോകത്തിലെ തന്നെ ആദ്യ സിംഗിള്‍ പീസ് ത്രിഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്നിലെറ്റ് എന്‍ജിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഓക്സിജന്‍ അടിസ്ഥാനമാക്കിയാണ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.