Kerala
പാലാ സീറ്റ്: മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം അച്ചടക്ക ലംഘനമല്ലെന്ന് ജോസ് കെ മാണി
ജാഥയുടെ ശോഭ കെടുത്താനായി മനപ്പൂര്‍വം പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുകയാണ്
കൊച്ചി | പാലാ സീറ്റില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം അച്ചടക്ക ലംഘനമല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥയുടെ ശോഭ കെടുത്താനായി മനപ്പൂര്‍വം പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു.
റോഷി മൈക് തട്ടിപ്പറിച്ചിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം റോഷിക്കു കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താന്‍ പോകുന്നില്ല. പാലായില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത ജോസ് കെ മാണിക്ക് ആയതുകൊണ്ടാകില്ലേ റോഷി അഗസ്റ്റ്യന്‍ പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് താന്‍ പാലായില്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മറുപടി.
റോഷി അഗസ്റ്റിന്‍ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോണ്‍ഗ്രസില്‍ താന്‍ മത്സരിക്കണമെന്ന ആഗ്രഹം പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകും. പക്ഷേ, അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ല. മത്സരിക്കണം എന്നല്ലേ പറഞ്ഞത്. മത്സരിക്കണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.



