International
ഖലീലുല്‍ ബുഖാരി തങ്ങളുടെ മലേഷ്യയിലെ വിദ്യാഭ്യാസ - സാംസ്‌കാരിക പര്യടനത്തിന് ഉജ്ജ്വല തുടക്കം
മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പര്യടനം ജൂലൈ 20 വരെ നീണ്ടുനില്‍ക്കും.
ക്വലാലംപൂര്‍| കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ഒരാഴ്ച നീളുന്ന മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക പര്യടനത്തിന് ഉജ്ജ്വല തുടക്കമായി. മലേഷ്യന്‍ സര്‍ക്കാരിന്റെ ദേശീയ ഇസ്ലാമിക ദഅവാ സംരഭമായ യാദിമിന്റെ (YADIM) ന്റെയും മജ്ലിസ് ബുഖാരിയുടെയും നേതൃത്വത്തില്‍ മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പര്യടനം ജൂലൈ 20 വരെ നീണ്ടുനില്‍ക്കും.
പിനാങ്ങ് അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടിലെത്തിയ ഖലീലുല്‍ ബുഖാരി തങ്ങളെ യാദിം , കദഹ് മതകാര്യ വകുപ്പ്, ഇബ്നു സീനാ ഇന്‍സ്റ്റിറ്റ്യൂട്ട്, മജ്‌ലിസ് ബുഖാരി, ഐ സി എഫ്, ആര്‍ എസ് സി പ്രതിനിധികള്‍ സ്വീകരിച്ചു. യാദിം മലേഷ്യ പ്രതിനിധി ഡോ. ബഷീര്‍ മുഹമ്മദ് അസ്ഹരി, കെദഹ് യാദിം പ്രതിനിധി ഡോ. അഹ്‌മദ് മുജാഹിദ് ബിന്‍ അബ്ദുല്ല,
മജ്‌ലിസ് മുവാസലാഹ് കെദഹ് പ്രതിനിധികളായ ഉസ്താദ് ഹാരിസ്, ഉസ്താദ് അക്മല്‍ ഹാദി,മജ്‌ലിസ് ഇല്‍മു, പുളാവ് പിനാങ് പ്രതിനിധി എന്‍ചിക് മുഹമ്മദ് സഫര്‍ ബിന്‍ ഇസ്മായില്‍, വഹ്ദത്തുല്‍ ഫിക്രി പ്രതിനിധി അബു കാസിം അബൂബക്കര്‍, മഅ്ദിന്‍ കമ്മിറ്റി പ്രതിനിധി – ഹാജി അബ്ദുല്‍ റസാഖ് ബിന്‍ ഇസ്മായില്‍, ഐ.സി.എഫ്. മലേഷ്യ പ്രതിനിധി – ഉസ്താദ് ഷഫീഖ് റഹ്‌മാന്‍,മലേഷ്യ എയര്‍പോര്‍ട്ട് ബെര്‍ഹാദ് (MAB) പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
കുലിമിലെ ഇബ്‌നു സീന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഉലമാ മഹബ്ബ കോണ്‍ഫ്രന്‍സോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അലോസ്റ്റാറിലെ മസ്ജിദുല്‍ ബുഖാരിയില്‍ നടന്ന ബുര്‍ദ മജ്‌ലിസിലും പൊതുപ്രഭാഷണത്തിലും മുഖ്യാതിഥിയായി. ജൂലൈ 16-ന് കെദഹില്‍ നടക്കുന്ന അഹ് ലു ബൈത് സെമിനാറില്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് മലേഷ്യയിലെ ആദ്യ ഖുര്‍ആന്‍ സര്‍വകലാശാലയായ പഹാങ്ങ് സംസ്ഥാനത്തെ UNIQSAAS (Universiti Al-Quran Al-Sultan Abdullah Ahmad Shah Pahang യൂണിവേഴ്‌സിറ്റിയില്‍ ഖുര്‍ആന്‍ പഠന സെമിനാറില്‍ ഖുര്‍ആന്‍, അമാനുഷികത എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കും. വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി മസ്ജിദില്‍ തങ്ങള്‍ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് പഹാങ്ങ് സംസ്ഥാന ഗവണ്‍മെന്റും മതകാര്യ വകുപ്പും ചേര്‍ന്നു ബാഅലവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍, മൗലിദ് സമ്മേളനം എന്നീ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മലേഷ്യന്‍ ഗവണ്‍മെന്റും മതകാര്യ വകുപ്പും സെലാംഗൂര്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കുന്ന സഹീഹുല്‍ ബുഖാരി ദിറായ ക്ലാസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഷാഹ് ആലം ദാറു തരീം അക്കാദമിയില്‍ നടക്കുന്ന ഖുര്‍ആന്‍ ഖത്മ് സമ്മേളനത്തില്‍ പങ്കെടുക്കും. മലേഷ്യന്‍ പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അയ്യൂബ് ഖാന്‍ മയ്ദിനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ക്വാലാലംപൂര്‍ മലബാര്‍ പള്ളിയില്‍ അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ രചിച്ച അല്‍ വജീസ് ഗ്രന്ഥം ആസ്പദമാക്കിയുള്ള നാട്ടു ദര്‍സിന് നേതൃത്വം നല്‍കും.
മലായി, മലയാളം ഭാഷകളില്‍ നാട്ടു ദര്‍സ് നടക്കും. ഇബ്‌നു മസ്ഊദ് മസ്ജിദില്‍ നടക്കുന്ന ഇമാം അല്‍ മുഹാജിര്‍ അഹ്‌മദ് ബ്‌നു ഈസാ(റ)ആണ്ടു നേര്‍ച്ചയില്‍ സമാപന പ്രാര്‍ഥന നടത്തും. വിവിധ സംസ്ഥാനങ്ങളിലെ ഉലമാക്കളും വിദ്യാര്‍ത്ഥികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും.
പര്യടനത്തിന്റെ സമാപനദിനമായ ജൂലൈ 20-ന് പുത്രജയയില്‍ മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. ദുല്‍കിഫ് ലി ബ്ന്‍ ഹസനുമായി സൗഹൃദസന്ദര്‍ശനം നടത്തും. ഖലീലുല്‍ ബുഖാരി തങ്ങള്‍ രചിച്ച ‘മലബാറിലെ ഇസ്ലാമിക ചലനങ്ങള്‍’ എന്ന അറബി ഗ്രന്ഥത്തിന്റെ ഡോ. മുഹമ്മദ് ബഷീര്‍ അല്‍ അസ്ഹരി മലായിയിലേക്ക് വിവര്‍ത്തനം ചെയ്ത പതിപ്പ് പ്രകാശന കര്‍മവും മതകാര്യ വകുപ്പ് മന്ത്രി നിര്‍വഹിക്കും. മലേഷ്യന്‍ മതകാര്യ വകുപ്പാണ് (JAKIM) ഗ്രന്ഥം പുറത്തിറക്കുന്നത്.
മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാരെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹനേതാക്കളെയും ഒരുമിപ്പിക്കുന്ന ഖലീലുല്‍ ബുഖാരി തങ്ങളുടെ പര്യടനം ആത്മീയ-വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിനും ആശയവിനിമയത്തിനും കൂടുതല്‍ കരുത്തേകും.
Content Highlights:
Syed Ibrahimul Khalil Al Bukhari began a week-long educational tour in Malaysia organized by YADIM and Majlis Bukhari. He was received at Penang Airport by representatives of various Islamic organizations. The tour features key seminars, university lectures, and a meeting with the Malaysian religious affairs minister.




