Connect with us

ആരോഗ്യം

സുസ്ഥിര ഗാസ്‌ട്രോണമി; ആരോഗ്യകരമായ ഭാവി ഭക്ഷണത്തിലൂടെ

ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ വർധനവ്, കാർഷിക മേഖലയിൽ രാസവസ്തുക്കളുടെ അമിത ഉപയോഗം, ഭക്ഷണം പാഴാക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ മനുഷ്യാരോഗ്യത്തെയും ഭൂമിയുടെ നിലനിൽപ്പിനെയും ഗുരുതരമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഐക്യരാഷ്ട്രസഭ "സുസ്ഥിര ഗാസ്‌ട്രോണമി' (Sustainable Gastronomy) എന്ന ആശയം മുന്നോട്ടുവെച്ചത്.

Published

|

Last Updated

“ഭക്ഷണം മരുന്നായി സ്വീകരിച്ചാൽ മരുന്ന് ഭക്ഷണമാക്കേണ്ടതില്ല’ എന്ന പഴമൊഴിക്ക് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട്. കാരണം, ഇന്നത്തെ ഭക്ഷണശീലങ്ങൾ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ വർധനവ്, കാർഷിക മേഖലയിൽ രാസവസ്തുക്കളുടെ അമിത ഉപയോഗം, ഭക്ഷണം പാഴാക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ മനുഷ്യാരോഗ്യത്തെയും ഭൂമിയുടെ നിലനിൽപ്പിനെയും ഗുരുതരമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഐക്യരാഷ്ട്രസഭ “സുസ്ഥിര ഗാസ്‌ട്രോണമി’ (Sustainable Gastronomy) എന്ന ആശയം മുന്നോട്ടുവെച്ചത്.

സുസ്ഥിര ഗാസ്‌ട്രോണമി എന്നാൽ?

“ഗാസ്‌ട്രോണമി’ എന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട സംസ്‌കാരം, പാചകരീതികൾ, ഭക്ഷണശീലങ്ങൾ, ഭക്ഷണത്തിന്റെ സാമൂഹിക പ്രാധാന്യം എന്നിവയെ ഉൾക്കൊള്ളുന്ന ആശയമാണ്. “സുസ്ഥിര’ എന്നത് ദീർഘകാലം നിലനിൽക്കുന്നതും പ്രകൃതിയെ നശിപ്പിക്കാത്തതുമായ രീതികളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ “സുസ്ഥിര ഗാസ്‌ട്രോണമി’ എന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം എവിടെ നിന്ന് വരുന്നു, അത് എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു, എങ്ങനെയാണ് അത് വിപണിയിലേക്കും പിന്നീട് നമ്മുടെ തീൻമേശയിലേക്കും എത്തുന്നത് എന്നതിനെക്കുറിച്ചുള്ള ബോധപൂർവമായ സമീപനമാണ്. ഇത് പരിസ്ഥിതിയിലെ ആഘാതം കുറയ്ക്കുന്നതിനൊപ്പം പ്രാദേശിക കൃഷിയെയും സംസ്‌കാരങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

സുസ്ഥിര ഭക്ഷണ സംസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുക

ഭക്ഷണം ഉത്പാദിപ്പിക്കുന്നത് മുതൽ അത് നമ്മുടെ പ്ലേറ്റിലെത്തുന്നത് വരെ കൃഷി, സംഭരണം, പാക്കിംഗ്, ഗതാഗതം, പാചകം തുടങ്ങിയ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഈ എല്ലാ ഘട്ടങ്ങളിലും ഇന്ധനവും വൈദ്യുതിയും ഉപയോഗിക്കുന്നതിനാൽ “കാർബൺ ഫൂട്ട് പ്രിന്റ് വർധിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡയോക്‌സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവിനെയാണ് കാർബൺ ഫൂട്ട് പ്രിന്റ് എന്ന് പറയുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ ദൂരഗതാഗതം കുറയുന്നതിനാൽ പരിസ്ഥിതി മലിനീകരണവും കുറയും. കൂടാതെ പ്രാദേശിക കർഷകരുടെ വരുമാനവും വർധിക്കും.

കാലാവസ്ഥാനുസൃതമായ ഭക്ഷണം തിരഞ്ഞെടുക്കുക
കാലാവസ്ഥക്ക് അനുയോജ്യമായ സീസണൽ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുണകരമാണ്. സീസണൽ ഭക്ഷണങ്ങൾ വളർത്തുന്നതിനായി അധിക രാസവളങ്ങളോ കൃത്രിമ സാങ്കേതിക വിദ്യകളോ കൂടുതലായി ആവശ്യമാകുന്നില്ല. മാങ്ങയുടെ സീസണിൽ മാങ്ങയും, ചക്കയുടെ കാലത്ത് ചക്കയും ഉപയോഗിക്കുന്നതുപോലെ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഭക്ഷണരീതിയാണ് ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതത്തിന് സഹായകരം.

ഭക്ഷണ മാലിന്യം കുറക്കുക

ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ വലിയൊരു പങ്ക് പാഴായിപ്പോകുന്നു. ഇത് സാമ്പത്തിക നഷ്ടം മാത്രമല്ല, പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണ്.
ഭക്ഷണം ഉത്പാദിപ്പിക്കാൻ വെള്ളം, വൈദ്യുതി, ഇന്ധനം, മനുഷ്യപ്രയത്‌നം എന്നിവ ഉപയോഗിക്കപ്പെടുന്നു. ആ ഭക്ഷണം പാഴാക്കുമ്പോൾ ഈ വിഭവങ്ങളും പാഴാകുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് മീഥേൻ വാതകം പുറന്തള്ളപ്പെടുകയും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ആവശ്യത്തിന് മാത്രം ഭക്ഷണം തയ്യാറാക്കുകയും ശേഷിക്കുന്ന ഭക്ഷണം പുനരുപയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

സസ്യാധിഷ്ഠിത ഭക്ഷണരീതിക്ക് പ്രാധാന്യം നൽകുക

സസ്യാധിഷ്ഠിത ഭക്ഷണരീതി മാംസോത്പാദനത്തെ അപേക്ഷിച്ച് കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ സഹായിക്കുന്നു. പയർവർഗങ്ങൾ, മില്ലറ്റുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണരീതി ആരോഗ്യത്തിനും പ്രകൃതിക്കും ഒരുപോലെ ഗുണകരമാണ്.
റാഗി, തിന, വരക്, കമ്പ്, മണിച്ചോളം തുടങ്ങിയ മില്ലറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് പോഷകസമൃദ്ധമായ ഭക്ഷണരീതിയിലേക്ക് നയിക്കും.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക

ഇന്നത്തെ ഭക്ഷണരീതികളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെ കൂടുതലാണ്. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മിക്ക ഭക്ഷണസാധനങ്ങളും വിപണിയിൽ എത്തുന്നത്. ഇവ മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്നു.അതുകൊണ്ട് തന്നെ തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ, സ്റ്റീൽ പാത്രങ്ങൾ, പുനരുപയോഗിക്കാവുന്ന പാക്കിംഗുകൾ എന്നിവ ഉപയോഗിക്കുന്ന ശീലം വളർത്തണം.

പ്രാദേശിക കർഷകരെ പിന്തുണക്കുക

പ്രാദേശിക കൃഷിക്ക് പ്രാധാന്യം നൽകുമ്പോൾ കർഷകരുടെ വരുമാനം വർധിക്കുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകുകയും ചെയ്യും. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികളും ധാന്യങ്ങളും വാങ്ങുന്നത് ആരോഗ്യത്തിനും സമൂഹത്തിനും ഗുണകരമാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതത്തിനായി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വളരെ പ്രധാനമാണ്.

വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കൂടുതൽ ഉപയോഗിക്കുക

ഹോട്ടൽ ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡുകളിലും അമിതമായ എണ്ണ, ഉപ്പ്, പഞ്ചസാര, കൃത്രിമ നിറങ്ങൾ, പ്രിസർവേറ്റിവുകൾ എന്നിവ അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ ശുചിത്വവും പോഷകസമൃദ്ധവുമാണ്. പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ, മുട്ട, മാംസം എന്നിവ ശരിയായ അളവിൽ ഉൾപ്പെടുത്താനും സാധിക്കും.

വ്യായാമത്തിന്റെ പ്രാധാന്യം

നടത്തം, സൈക്കിൾ യാത്ര, യോഗ, കളികൾ എന്നിവ ശരീരാരോഗ്യം മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ അകറ്റിനിർത്താനും സഹായകരമാണ്.

പരിസ്ഥിതി സൗഹൃദ കൃഷി

ജൈവകൃഷി, പ്രകൃതിദത്ത കൃഷിരീതികൾ, വിഷരഹിത കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിനും മണ്ണിന്റെ സംരക്ഷണത്തിനും സഹായിക്കുന്നു.

ഉറക്കത്തിന്റെ പ്രാധാന്യം

ആരോഗ്യകരമായ ജീവിതത്തിനായി നല്ല ഉറക്കവും മാനസികാരോഗ്യവും അത്യാവശ്യമാണ്. ദിവസവും 7 -8 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ലഭിക്കണം. ശരിയായ ഉറക്കം ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

പ്രകൃതിയോട് ചേർന്നുള്ള, പ്രാദേശികവും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയിലേക്ക് തിരികെ പോകുന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആരോഗ്യകരമായ ജീവിതത്തിനും സുരക്ഷിതമായ ഭൂമിക്കുമായി സുസ്ഥിരമായ ഭക്ഷണ സംസ്‌കാരം പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ “സസ്റ്റെയിനബിൾ ഈറ്റിംഗ്’ ഒരു ട്രെൻഡ് മാത്രമല്ല, ആരോഗ്യകരമായ ഭാവിക്കായുള്ള അനിവാര്യമായ ജീവിതശൈലിയാണ്.

Content Highlights:
Sustainable gastronomy addresses today’s dietary challenges by emphasizing eco-friendly local organic food culture and seasonal eating habits. Choosing plant-based diets, utilizing native millets, and cutting down on food waste drastically reduces human carbon footprints. This balanced mindful shift in modern lifestyle ensures total physical wellness while preventing environmental damage.

 

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം, കേരള

Latest