Connect with us

Indian parliament

അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍: കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കും

ആദ്യമായാണ് കോണ്‍ഗ്രസ് കക്ഷി നേതാവ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പാര്‍ലിമെന്റില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തതിനെതിരെ കൂട്ടായ പ്രതിഷേധം സംഘടിപ്പിക്കും.

ഇന്ത്യ മുന്നണി യോഗം മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലെടുക്കേണ്ട നിലപാടു ചര്‍ച്ചചെയ്തു. അസാധാരണമായ ഈ നടപടിക്കെതിരെ സഭയ്ക്ക് പുറത്ത് സ്വീകരിക്കേണ്ട നിലപാടുകളും തീരുമാനിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനമുന്നയിച്ച അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇത് ആദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ വേളയില്‍ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് ഓര്‍മ്മപ്പെടുത്തി. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്‌സഭയില്‍ പരാമര്‍ശിച്ചു.
ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിര്‍ രഞ്ജന്‍ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ഇതോടെ സഭയില്‍ എഴുന്നേറ്റ അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്നതല്ലെന്നും വിമര്‍ശിച്ചു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ മറു ചോദ്യം.

ശേഷം നീരവ് മോദിയെ പരാമര്‍ശിച്ചായിരുന്നു ചൗധരിയുടെ വിമര്‍ശനം. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണു കരുതിയത്. എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി, നീരവ് മോദിയായി മിണ്ടാതിരിക്കുന്നുവെന്ന വിമര്‍ശനമാണ് ചൗധരി മുന്നോട്ടുവച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമാവുകയായിരുന്നു.

 

Latest