Kerala
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഇതേ കാര്യത്തിന് പ്രതി ശ്രീജിത്ത് ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇരു കൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
പത്തനംതിട്ട | പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള എരുമക്കാട് പാലനില്‍ക്കുന്ന കാലായില്‍ വീട്ടില്‍ ശ്രീജിത്ത് (39) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ആറന്മുള തെക്കേമല ശ്രീജീവ് (35)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രീജിത്തിന്റെ ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതേ കാര്യത്തിന് പ്രതി ശ്രീജിത്ത് ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇരു കൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. തുടര്‍ന്നാണ് ശ്രീജീവ് ഓടിച്ച സ്വകാര്യ ബസ് ആറന്മുള മാലക്കരക്ക് സമീപം ചക്കിട്ടപ്പടി എന്ന സ്ഥലത്ത് കൈ കാണിച്ച് തടഞ്ഞുനിര്‍ത്തുകയും ബസിനുള്ളില്‍ കയറി ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീജീവിനെ തലയ്ക്കും മുഖത്തും കൈകളിലും പുറത്തും വെട്ടിയും കുത്തിയും മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് തിരച്ചില്‍ നടത്തി വരികയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും പ്രതിയെ പിടികൂടി. പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ ആറന്‍മുള എസ് എച്ച് ഒ സജു വി, എസ് ഐ നിയാസ്, പോലീസ് ഉദ്യോഗസ്ഥരായ അനില്‍, ഉമേഷ്, ശിവപ്രസാദ്, കിരണ്‍,മനു എന്നിവരും ജില്ലാ ഡാന്‍സഫ് എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, അജികുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ മിഥുന്‍ ജോസ്, ബിനു, സുജിത്കുമാര്‍, ഷെഫീഖ്, ജിതിന്‍, വിമല്‍, ശ്രീരാജ് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





