Kerala
12 വര്‍ഷംമുമ്പ് അണലികടിച്ചു ജീവിതം തകര്‍ന്നയാള്‍ ഇന്നു മരിച്ചു
ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ ജയിംസ് (60 )ആണ് മരിച്ചത്
കായംകുളം | പന്ത്രണ്ട് വര്‍ഷം മുമ്പ് അണലിയുടെ കടിയേറ്റ് ജീവിതം തുലഞ്ഞുപോയ ആള്‍ ഇന്നു മരിച്ചു. വീട്ടുമുറ്റത്തു നിന്ന് അണലിയുടെ കടിയേറ്റതോടെ ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ജീവിതം വീണ്ടെടുക്കാന്‍ കഴിയാതിരുന്ന ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ ജയിംസ് (60 )ആണ് മരിച്ചത്.
42 ആമത്തെ വയസ്സില്‍ അണലി കടിച്ചതിനെ തുടര്‍ന്ന് മാരകമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സ്‌ട്രോക്ക് വരികയും ചെയ്തു. തലയില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ദീര്‍ഘനാളായി അബോധാവസ്ഥയിലായിരുന്ന ജയിംസ് മരിക്കുമ്പോള്‍ കേരളം വേനല്‍ച്ചൂടിനൊപ്പം കടുത്ത വിഷപ്പാപ്പു ഭീഷണിയിലാണ്. നിരവധിപ്പേര്‍ക്കാണ് സമീപ ദിവസങ്ങളില്‍ പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായത്.
അതിനിടെ ഇന്നും പാമ്പുകടിയേറ്റ് മരണമുണ്ടായി. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയന്‍ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.




