Pathanamthitta
സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
മർദനം വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍ ബള്‍ബ് ഇടീച്ചതിലുള്ള വിരോധം കാരണം

പത്തനംതിട്ട | ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മര്‍ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്വായ്പ്പൂര്‍ പോലീസ് അറസറ്റ് ചെയ്തു. കുന്നന്താനം പാലയ്ക്കാത്തകിടിവള്ളോക്കുന്നു വീട്ടില്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ചാക്കോ ജോസഫ് (53) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് പാലയ്ക്കാത്തകിടിയിലാണ് സംഭവം.
പാലക്കാട് കയറാടി വയലിങ്കല്‍ വീട്ടില്‍ നിന്നും കുന്നന്താനം പാലയ്ക്കാത്തകിടി പാറങ്കല്‍ ഈട്ടിക്കല്‍ ഹരിശ്രീ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ മകന്‍ അജിത് (28), സഹോദരന്‍ അഭിജിത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റില്‍, വാര്‍ഡ് മെമ്പറോട് പറഞ്ഞ് ബള്‍ബ് ഇടീച്ചതിലുള്ള വിരോധം കാരണമാണ് ആക്രമണം.
കൈയ്യിലിരുന്ന ഇരുമ്പ് സ്‌ക്വയര്‍ ട്യൂബ് കൊണ്ട് അജിത്തിന്റെ ഇടതു കാലില്‍ മുട്ടിനു താഴെ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ അസ്ഥിക്ക് പൊട്ടലുണ്ടായി. തടയാൻ ശ്രമിച്ച അഭിജിത്തിന്റെ വയറ്റില്‍ കുത്തുകയും കൈകൊണ്ട് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 8 മണിക്ക് വീട്ടിലെത്തി ഭീഷണി മുഴക്കുകയുമുണ്ടായി.
തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അജിത്തിന്റെ മൊഴി, കീഴ്വായ്പ്പൂര്‍ എ എസ് ഐ ഉണ്ണികൃഷ്ണന്‍ രേഖപ്പെടുത്തിയശേഷം കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നും ആയുധം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.